വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്‌ളിന്റെ ഭാഗത്തു നിന്നുമുണ്ടായി; രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണില്‍ വിളിച്ചു ഉപദ്രവിക്കുമായിരുന്നു; വീടിനു മുന്നില്‍ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു; മകന്റെ വാക്കുകളിലുണ്ട് വസ്തുത; നെയ്യാറ്റിന്‍കരയില്‍ ജോസ് ഫ്രാങ്കളിനെതിരെ കേസ്; കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലാകും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. വായ്പ ശരിയാക്കാമെന്ന രീതിയില്‍ സമീപിച്ച് നിരന്തരം കൗണ്‍സിലര്‍ മോശമായി പെരുമാറിയെന്നാണ് മക്കള്‍ക്കെഴുതിയ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു. ഫോണ്‍ രേഖകളും ഇയാളുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അമ്മയെ ജോസ് ഫ്രാങ്ക്‌ളിന്‍ ശല്യം ചെയ്തിരുന്നതായി മകന്‍ വെളിപ്പെടുത്തുകയും ചെയ്തു.
നെയ്യാറ്റിന്‍കര നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവുമാണ് ജോസ് ഫ്രാങ്ക്‌ളിന്‍. അതേസമയം, ആരോപണം ജോസ് ഫ്രാങ്ക്‌ലിന്‍ നിഷേധിച്ചു. സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് വാദം. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്നു മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുറിപ്പ് കണ്ടെടുത്തതോടെയാണ് ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തിയത്. മൂന്നുമാസം മുമ്പ് വീട്ടമ്മ ഒരു ബേക്കറി തുടങ്ങിയിരുന്നു. ജോസ് ഫ്രാങ്കളിന്‍ പ്രസിഡന്റ് ആയ സൊസൈറ്റി വഴി വീട്ടമ്മ വായ്പയ്ക്ക് ശ്രമിച്ചിരുന്നു. ഫ്രാങ്ക്‌ളിനെ അറസ്റ്റു ചെയ്യും. കോണ്‍ഗ്രസിനും നെയ്യാറ്റിന്‍കരയില്‍ ഈ വിവാദം തിരിച്ചടിയായിട്ടുണ്ട്.
ജനപ്രതിനിധി എന്ന നിലയില്‍ പല ആവശ്യങ്ങള്‍ക്ക് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ജോസ് ഫ്രാങ്ക്ളിന്‍ ഉപദ്രവിക്കുന്നുവെന്ന് അമ്മ പരോക്ഷമായി പറഞ്ഞിട്ടുണ്ടെന്നും മകന്‍ രാഹുല്‍ പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ വെറുതെ ഒരാളുടെ പേര് എഴുതേണ്ട ആവശ്യമില്ല. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും പല രീതിയിലുള്ള ശല്യമുണ്ടെന്നും അമ്മ കുറിപ്പില്‍ എഴുതിയിട്ടുണ്ട് രാഹുല്‍ പറഞ്ഞു. ജോസ് ഫ്‌ലാങ്ക്‌ളിന്‍ അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും രാത്രി സമയങ്ങളിലും അമ്മയെ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുമായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
അമ്മയെ ലൈംഗികമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു. വല്ലാത്ത ഉപദ്രവം ജോസ് ഫ്രാങ്ക്‌ളിന്റെ ഭാഗത്തു നിന്നുമുണ്ടായി. രാത്രി പതിനൊന്നു മണിക്ക് ശേഷമൊക്കെ അമ്മയെ ഫോണില്‍ വിളിച്ചു ഉപദ്രവിക്കുമായിരുന്നു. വീടിനു മുന്നില്‍ ബൈക്കിലെത്തി അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നു. പിന്നീട് അമ്മ വായ്പ അപേക്ഷയുമായി പോകാതെയായി. തനിക്കും സഹോദരിക്കും രണ്ടു കത്തുകള്‍ അമ്മ എഴുതി വെച്ചിരുന്നു. അമ്മയെ നഷ്ടപ്പെട്ട തനിക്ക് നീതി വേണം-രാഹുല്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്യാസില്‍ നിന്ന് തീ പടര്‍ന്നാണ് മുട്ടക്കാട് സ്വദേശിനി സലീല കുമാരി മരിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് ആത്മഹത്യ കുറിപ്പടക്കം കണ്ടെത്തുകയായിരുന്നു. വീടിന് സമീപം തട്ടുകട നടത്തിവരുകയായിരുന്നു സലീല. ആരോപണ വിധേയനായ ജോസ് ഫ്രാങ്ക്ളിന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ്.