എല്ലാ വാട്‌സാപ്പ് സന്ദേശങ്ങളും നോബി ഡിലീറ്റ് ചെയ്തു; തെളിവ് നശിപ്പിച്ചത് എല്ലാം ശുഭകരമാകുമെന്ന വിശ്വാസത്തില്‍; പോലീസിനെ കണ്ടതും പൊട്ടിക്കരഞ്ഞ് എല്ലാം പറഞ്ഞു; മര്‍ച്ചന്റ് നേവിക്കാരന്‍ ഭാര്യയോടും കുട്ടികളോടും കാട്ടിയത് പൊറുക്കാന്‍ കഴിയാത്ത ക്രൂരത; വാട്‌സാപ്പ് മേസേജില്‍ സത്യം തെളിയും

Update: 2025-03-06 02:03 GMT

കോട്ടയം: കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് നോബി ലൂക്കോസ് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. തൊടുപുഴ ചുങ്കം സ്വദേശി നോബി ലൂക്കോസ് ആണ് ഏറ്റുമാനൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. ഷൈനി മരിക്കുന്നതിന് തലേദിവസം നോബി വാട്‌സ്ആപ്പില്‍ മെസേജ് അയച്ചിരുന്നുവെന്നാണ് മൊഴി. നോബിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ സന്ദേശമെല്ലാം നോബി ഡിലീറ്റ് ചെയ്തു. ഇതിന് ശേഷം ഭാര്യയുടേയും മക്കളുടേയും മൃതദേഹം കിട്ടാന്‍ മകനെ കൊണ്ട് കേസും കൊടുപ്പിച്ചു. എന്നാല്‍ അയല്‍ക്കാരുടെ വെളിപ്പെടുത്തല്‍ നോബിയെ കുടുക്കി. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. പോലീസിന് മുന്നില്‍ നോബി കുറ്റസമ്മതം നടത്തി. ഭാര്യയെ മര്‍ദ്ദിച്ചുവെന്നും വെളിപ്പെടുത്തി.

നോബിയുടേയും ഷൈനിയുടേയും വിവാഹമോചനമായി ബന്ധപ്പെട്ട കേസും ഏറ്റുമാനൂര്‍ കുടുംബ കോടതിയില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ കേസില്‍ നോബി മാത്രമാണ് പ്രതി. കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാറോലിക്കല്‍ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നില്‍ ചാടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് തൊടുപുഴയിലെ വീട്ടിലെത്തി നോബി ലൂക്കോസിനെ ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം ആണ് നോബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലില്‍ ഷൈനി മരിച്ചതിന് തലേന്ന് വാട്‌സാപ്പില്‍ മെസേജ് അയച്ചിരുന്നതായി പ്രതി നോബി മൊഴി നല്‍കി. ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു മെസേജിലുണ്ടായിരുന്നത്.

പ്രകോപനമരമായ രീതിയില്‍ എന്തെങ്കിലും മെസേജുണ്ടോ എന്ന് പ്രതി കൃത്യമായ മറുപടി നല്‍കിയിട്ടില്ല. എന്ത് മെസ്സേജുകള്‍ ആണ് അയച്ചതെന്ന് കണ്ടെത്താന്‍ ആണ് പൊലീസ് നോബിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തത്. നിലവില്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ പൂര്‍ണമായും ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇത് റിക്കവറി ചെയ്യുന്നതിനുള്ള നടപടി തുടങ്ങി. ഷൈനിയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുക്കും. ഇതില്‍ തെളിവുണ്ടാകുമെന്നാണ് സൂചന. നിലവില്‍ ഷൈനിയുടെ ഫോണ്‍ പാര്‍വലിക്കലിലെ വീട്ടിലുണ്ടെന്നാണ് വിവരം. രണ്ട് ഫോണുകളും ശാസ്ത്രീയ പരിശോധനക്കും അയക്കും.

ഒമ്പതു മാസം മുമ്പാണ് ഷൈനി നോബിയുടെ തൊടുപുഴയിലെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് എത്തിയത്. തൊടുപുഴയിലെ വീട്ടിലായിരുന്ന സമയത്ത് നോബി അതിക്രൂരമായി ഷൈനിയെ ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ജൂണ്‍ 9ന് മര്‍ദ്ദിച്ച് ഷൈനിയെ വീട്ടിന് പുറത്തേക്ക് നിര്‍ത്തി. അയല്‍ക്കാരന്‍ ഇക്കാര്യം ഷൈനിയുടെ അച്ഛനെ വിളിച്ച് അറിയിച്ചു. അച്ഛന്‍ പോയി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതുമാസമായി ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ (14)എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. ബി.എസ്സി. നഴ്സിങ് ബിരുദധാരിയായ ഷൈനി നാട്ടില്‍ ജോലിക്ക് ശ്രമിച്ചുവരുകയായിരുന്നു.

അതേസമയം, നോബിയും കുടുംബാംഗങ്ങളും ഷൈനിക്ക് ജോലി കിട്ടാതിരിക്കാന്‍ പോലും ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. നോബിയുടെ സഹോദരനായ വിദേശത്തുള്ള വൈദികനെതിരേയും ആരോപണമുയര്‍ന്നു. നേരത്തെ നോബിക്കെതിരേ ഷൈനി ഗാര്‍ഹികപീഡനത്തിന് പരാതിയും നല്‍കിയിരുന്നു. സംഭവദിവസം പുലര്‍ച്ചെ അഞ്ചരയോടെ പള്ളിയിലേയ്ക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനിയെയും മക്കളെയും പിന്നീട് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നോബിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തൊടുപുഴ പൊലീസില്‍ പരാതിയില്‍ നല്‍കിയിരുന്നതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. ഭര്‍ത്താവിന്റെ വീട്ടില്‍ ഷൈനി അതിക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയിരുന്നതെന്നും മരണത്തില്‍ സമഗ്രമായ അന്വഷണം വേണമെന്നും തൊടുപുഴ നഗരസഭ കൗണ്‍സിലറും അയല്‍വാസിയുമായ മെര്‍ലി രാജുവും ആവശ്യപ്പെട്ടു.

ഇവരുടെ മൃതദേഹം പാറോലിക്കലിലെ വീട്ടിലെത്തിച്ച സമയത്തും പിന്നീട് തൊടുപുഴയിലെ ഇടവക പള്ളിയിലെത്തിച്ചപ്പോഴും നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷൈനിയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

Tags:    

Similar News