കോഴിക്കോട്ട് വയോധികരായ സഹോദരിമാര്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍; മരണ വിവരം ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ച ഇളയ സഹോദരനെ കാണാനില്ല; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
കോഴിക്കോട്ട് വയോധികരായ സഹോദരിമാര്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍
കോഴിക്കോട്: കോഴിക്കോട് ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ളോറിക്കന്‍ റോഡിലെ വാടകവീട്ടില്‍ വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന സഹോദരനെ കാണാനില്ല. മൂഴിക്കല്‍ മൂലക്കണ്ടി ശ്രീജയ (71), പുഷ്പലളിത (66) എന്നിവരെയാണു മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാര്‍ മരിച്ചു എന്ന് പ്രമോദാണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്.
ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോള്‍ രണ്ട് മുറികളിലായി കട്ടിലില്‍ വെള്ളപുതപ്പിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. എന്നാല്‍, മരണവിവരം വിളിച്ചറിയിച്ച പ്രമോദ് ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കള്‍ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പ്രദീപും ശ്രീജയയും പുഷ്പലളിതയും കഴിഞ്ഞ മൂന്ന് വര്‍ഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
സഹോദരിമാര്‍ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തിനെയും പുലര്‍ച്ചെ അഞ്ചു മണിയോടെ പ്രമോദ് വിളിച്ചറിയിച്ചിരുന്നു. ഇതുപ്രകാരം ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടത്. വെള്ളതുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയില്‍ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങള്‍. പ്രമോദിനെ ഫോണിലും മറ്റും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ആദ്യം റിങ് ചെയ്തിരുന്നെങ്കിലും പിന്നീട് ഓഫാക്കിയിരിക്കുന്നതായുള്ള സന്ദേശമാണ് ഫോണില്‍ വിളിച്ചപ്പോള്‍ ലഭിച്ചതെന്ന് പരിസരവാസികള്‍ പറഞ്ഞു.
മരിച്ച ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും പ്രമോദിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫോണ്‍ ഓഫ് ചെയ്യുന്നതിനു മുന്‍പ് ഇയാള്‍ ഫറോക്ക് ഭാഗത്ത് ഉണ്ടായിരുന്നുവെന്നാണ് വിവരം.
ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. സമീപത്തെ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ ചില രോഗങ്ങള്‍ക്കായി ചികിത്സ തേടി വന്ന സഹോദരിമാരാണ് ശ്രീജയയും പുഷ്പയുമെന്നാണ് അയല്‍വാസികള്‍ പറയുന്നത്.