കൊച്ചുമകൾ കുളിച്ചിട്ട് വന്നപ്പോഴേക്കും അമ്മാമ്മയെ കാണാനില്ല; തുടർന്ന് തിരച്ചിലിനൊടുവിൽ വയോധികയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി; മൃതദേഹത്തിൽ സ്വർണാഭരണങ്ങൾ കാണാനില്ല; പയ്യന്നൂരിലെ വയോധികയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പയ്യന്നൂർ: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തുടരുന്നു. കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. പയ്യന്നൂർ കൊറ്റിയിലെ സുരഭി ഹൗസിൽ സുലോചന എന്ന 76 കാരിയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഒറ്റയ്ക്ക് താമസിച്ചു വന്ന സുലോചനയെ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കാണാതാകുന്നത്. കൊറ്റി കണ്ണങ്ങാട് ക്ഷേത്രത്തിന് അടുത്തായി താമസിക്കുന്ന മൂത്തമകൾ രജിതയുടെ വീട്ടിൽ പോയിരുന്ന സുലോചന രാവിലെ പതിനൊന്നോടെ വീട്ടിൽ തിരിച്ച് എത്തിയിരുന്നു.
രജിതയുടെ മകളാണ് സുലോചനയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്. അങ്ങനെ അമ്മാമ്മയോട് പറഞ്ഞ ശേഷം കൊച്ചുമകൾ കുളിക്കാൻ പോയി കുളിച്ചിട്ട് വരുമ്പോഴേക്കും വയോധികയെ കാണാതെ ആകുകയായിരിന്നു.
ഉടൻ തന്നെ പെൺകുട്ടി വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും മൃതദേഹം ഒടുവിൽ കണ്ടെത്തിയത്. കിണറ്റിന്റെ ഇരുപതോളം മീറ്റർ അകലെ വ്യത്യസ്ഥമായ സ്ഥലങ്ങളിലായാണ് ഇവരുടെ ചെരിപ്പുകൾ കണ്ടെത്തിയത്.
അതുപ്പോലെ ഇവരണിഞ്ഞിരുന്ന ആഭരണങ്ങൾ മൃതദേഹത്തിലുണ്ടായിരുന്നില്ല. അതും ദുരൂഹത വർധിപ്പിക്കുന്നു. മാലയും വളയും കമ്മലുകളുമാണ് മൃതദേഹത്തിൽ കാണാതിരുന്നത്. വിരലിലെ മോതിരം മാത്രമാണ് ആഭരണമായി മൃതദേഹത്തിൽ ഉണ്ടായിരുന്നത്.
കാണാതാകുന്നതിന് മുമ്പ് മൂത്തമകളുടെ വീട്ടിൽ പോയി വന്നപ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമുഴുവൻ തെരഞ്ഞിട്ടും കാണാതായ ആഭരണങ്ങൾ കണ്ടുകിട്ടാത്തതിനെ തുടർന്നാണ് ബന്ധുക്കളിലും പരിസരവാസികളിലും സംശയം ഉടലെടുത്തത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം ചെയ്യും. വയോധികയുടെ മരണത്തിലെ ദുരൂഹത മാറണമെങ്കിൽ ഇനി പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരണമെന്ന് പോലീസും പറഞ്ഞു.