കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്; ഒപ്പം കൊല്ലം സ്‌ദേശിയും; വിശദമായി ചോദ്യം ചെയ്ത് നാര്‍ക്കോട്ടിക്‌സ് വിഭാഗം

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍

Update: 2024-10-06 11:06 GMT

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ലഹരി ഇടപാടിലാണ് ഓംപ്രകാശ് പൊലീസ് പിടിയിലായത്. നാര്‍ക്കോട്ടിക്സ് വിഭാഗത്തിന്റെതാണ് നടപടി. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ഓംപ്രകാശിനെ പിടികൂടിയത്. കൊല്ലം സ്വദേശിയും ഒപ്പം പിടിയിലായിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.

ഒരു കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഓംപ്രകാശ് അടുത്തിടെയാണ് കേരളത്തില്‍ എത്തിയത്. ഒരു മാസം മുമ്പ് തുമ്പ പോലീസ് ഓംപ്രകാശിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ബൈപ്പാസില്‍ നടന്ന അപകട സ്ഥലത്ത് ഓംപ്രകാശിന്നെ കണ്ടപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ കസ്റ്റഡി മാത്രമായിരുന്നു ഇത്. അതിന് ശേഷം പുതിയ കേസുകളൊന്നും ഓംപ്രകാശിന്റെ പേരില്‍ ഉണ്ടായിരുന്നില്ല.

ഓം പ്രകാശിനെ കഴിഞ്ഞ ഡിസംബറില്‍ ഗോവയില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലായിരുന്നു അറസ്റ്റ്. അന്ന് ഗോവയില്‍ നിന്നും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഓംപ്രകാശ് കൈകാര്യം ചെയ്തിരുന്നു. 11 മാസം വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഓംപ്രകാശ് തലസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളിലും തര്‍ക്കങ്ങളിലും രഹസ്യമായി ഇടപെടുന്നതും പലരെയും ഭീഷണിപ്പെടുത്തുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധമുള്ളവരുടെ പട്ടിക തയാറാക്കി ഇവരുടെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും ബാങ്ക് ഇടപാടുകളും നിരീക്ഷിച്ചാണ് ഓം പ്രകാശിനെ പിടികൂടിയത്.

പാറ്റൂരിലെ ആക്രമണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ്, ഫ്‌ലാറ്റ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണെന്നായിരുന്നു പോലീസ് കണ്ടെത്തില്‍. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായ നിഥിനെയും സുഹൃത്തുക്കളെയും കാര്‍ തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. കേസില്‍ 8ാം പ്രതിയായിരുന്നു ഓംപ്രകാശ്.

പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച ശേഷം ഓംപ്രകാശ് സ്ഥിരമായി ഫോണ്‍ നമ്പര്‍ ഉപയോഗിച്ചില്ല. താമസ സ്ഥലം മാറുന്നതിനൊപ്പം പലരുടെയും പേരില്‍ എടുത്ത സിം കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇയാള്‍ ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു.

Tags:    

Similar News