മാട്രിമോണിയൽ സൈറ്റിലൂടെ യുവതിയുമായി പരിചയത്തിലായി; അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത് രൂപ ഡോളറിലേക്കു മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്; യുവാവിൽ നിന്നു തട്ടിയത് ലക്ഷങ്ങൾ; ഒടുവിൽ കണ്ണൂർ സ്വദേശി പിടിയിൽ
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ യുവാവിൽ നിന്നും രണ്ടു ലക്ഷം തട്ടിയ കേസിലെ പ്രതിയെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. കണ്ണൂർ ചെറുതാഴം സ്വദേശി എം കെ പി ഷമാനെ (34) യാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ഓഫീസർ പി ജി മധുവിന്റെ നേതൃത്വത്തിലാണ് കണ്ണൂരിൽ നിന്നും ഇയാൾ പിടിയിലായത്. ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്നാണ് ഇയാൾ രണ്ടു ലക്ഷം രൂപ തട്ടിയെടുത്തത്.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി മുഖേനയാണ് യുവാവ് തട്ടിപ്പിനിരയായത്. ഇന്ത്യൻ രൂപ യു എസ് ഡോളറിലേക്കു മാറ്റിത്തരുന്ന ഇടനിലക്കാരാണെന്ന് വിശ്വസിപ്പിച്ച ഇവർ യുവാവിനെ കബളിപ്പിക്കുകയായിരുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിച്ച് പണം മാറ്റാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് യുവാവിൽ നിന്നു പണം അയപ്പിച്ചു. എന്നാൽ കാശ് നൽകിയ ശേഷം വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് ശ്രീകാന്ത് അർത്തുങ്കൽ പൊലീസിൽ പരാതി നൽകിയത്.
അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. കണ്ണൂർ സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് പണമെത്തിയതെന്നു അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഈ അക്കൗണ്ടിൽ ആറു കോടിയോളം രൂപ വിവിധ അക്കൗണ്ടുകൾ വഴി എത്തിയതായും തെളിവുകൾ ലഭിച്ചു. തുടർന്നാണ് ഷമാനെ അറസ്റ്റു ചെയ്തത്.
വ്യക്തികളുടെ പേരിലും സ്ഥാപനങ്ങളുടെ പേരിലും അക്കൗണ്ടു തുടങ്ങി ഓൺലൈനിലൂടെ പണം തട്ടുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന ഓൺലൈൻ തട്ടിപ്പുകാരുമായി ഷമാന് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ് ഐ സജീവ്കുമാർ ഡി, എ എസ് ഐ സുധി എ എൻ, സീനിയർ സി പി ഒ മാരായ മനു, ശ്യാംലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.