ഓഹരി ചെറിയ തുകയ്ക്ക് വാങ്ങി വന്‍തുക ലാഭം വാഗ്ദാനം; ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപ ലാഭവിഹിതമായി കിട്ടിയപ്പോള്‍ വിശ്വാസം; വീണ്ടും നിക്ഷേപിച്ച 24.76 കോടി രൂപയുമായി മുങ്ങി; 'കാപിറ്റലിക്‌സ്' വ്യാജ ട്രേഡിങ് ആപ്പ് വഴിയുള്ള തട്ടിപ്പ് കേസില്‍ മുന്നുപേര്‍ കൂടി പിടിയില്‍; തട്ടിപ്പിന് ഉപയോഗിച്ച ഫോണും പിടിച്ചെടത്തു
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് കേസില്‍ മൂന്നുപ്രതികള്‍ കൂടി പിടിയില്‍
കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപ്രതികള്‍ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളെയാണു കോഴിക്കോട് പന്തീരാങ്കാവില്‍ നിന്നു സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി പറമ്പത്തായിക്കുളങ്ങര പി.കെ.റഹീസ്(39), അരക്കൂര്‍ തോലമുത്തംപറമ്പ് വളപ്പില്‍ വീട്ടില്‍ വി.അന്‍സാര്‍(39), പന്തീരാങ്കാവ് നരിക്കുന്നിമേത്തേല്‍ വീട്ടില്‍ സി.കെ.അനീസ് റഹ്‌മാന്‍(25) എന്നിവരാണു പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം നാലായി.
കഴിഞ്ഞ മാസം 16ന് ഈ കേസില്‍ പിടിയിലായ കൊല്ലം അഞ്ചല്‍ സ്വദേശി ജി.സുജിത തട്ടിപ്പ് ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന സിം ഇട്ടിരുന്ന ഫോണും പ്രതികളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.തട്ടിയെടുത്ത തുകയില്‍ നിന്ന് മൂന്നരലക്ഷത്തോളം രൂപ ഫെഡറല്‍ ബാങ്ക് പാലാരിവട്ടം ശാഖയിലെ ഇവരുടെ അക്കൗണ്ടില്‍ വന്നതായി കണ്ടെത്തി. ഈ തുക വിദേശത്തുള്ള മറ്റൊരു അക്കൗണ്ടിലേക്ക് സുജിതയുടെ സഹായത്തോടെ കടത്തുകയായിരുന്നു. ഇതിന് കമ്മീഷന്‍ പറ്റിയിരുന്നതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും സൈബര്‍ ക്രൈം പൊലീസ് പറഞ്ഞു.
വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
ഓഹരിവിപണിയില്‍ സജീവമായി ഇടപെട്ടിരുന്ന നാല്‍പ്പത്തൊന്നുകാരനാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്ക് വാങ്ങിനല്‍കാമെന്നും വന്‍തുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം. വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി 2023 മെയ് മുതല്‍ 2025 ആഗസ്ത് 29 വരെ പലതവണയായി തുക കൈമാറി. ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപ ലാഭവിഹിതമായി ലഭിച്ചു.
വിശ്വാസമായതോടെ കടവന്ത്ര കുമാരനാശാന്‍ നഗര്‍ സ്വദേശി ഇ.നിമേഷ് നിന്നാണു 24.76 കോടി രൂപ വീണ്ടും നിക്ഷേപിച്ചു. ലാഭവിഹിതവും നിക്ഷേപവും തിരികെ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായത് പൊലീസില്‍ അറിയിച്ചത്. രാജ്യത്ത് ഓണ്‍ലൈന്‍ സൈബര്‍ നിക്ഷേപ തട്ടിപ്പിലൂടെ ഒരാളില്‍ നിന്ന് തട്ടിയെടുത്ത ഏറ്റവും വലിയ തുകയാണിത്. കൊച്ചി സിറ്റി സൈബര്‍ സെല്‍ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.
കാപിറ്റലിക്‌സ് വഴി തട്ടിപ്പ്
ടെലിഗ്രാംവഴി 'കാപിറ്റലിക്‌സ്' എന്ന വ്യാജ ട്രേഡിങ് സൈറ്റിന്റെയും ആപ്പിന്റെയും മറവിലായിരുന്നു തട്ടിപ്പ്. ഇന്ത്യയില്‍ത്തന്നെയുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമറിഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. വാട്സാപ് വഴിയാണ് പ്രതികള്‍ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ടെലിഗ്രാംവഴിയും സമ്പര്‍ക്കം പുലര്‍ത്തി.
തട്ടിപ്പ് ആസൂത്രണം ചെയ്തത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസ് നിഗമനം. കലിഫോര്‍ണിയയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ഇടപാടുകാരെ സമീപിക്കുന്ന കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സൈപ്രസിലാണെന്നാണ് സൂചന.