'ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ്' എന്ന വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാക്കി; നിക്ഷേപത്തിന് വാഗ്ദാനം ചെയ്തത് 850 ശതമാനം ലാഭം; ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജി: നഷ്ടമായത് 90 ലക്ഷം രൂപ
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ; ഹൈക്കോടതി മുൻ ജഡ്ജിക്ക് 90 ലക്ഷം രൂപ നഷ്ടപ്പെട്ടു
തൃപ്പൂണിത്തുറ: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ ഹൈക്കോടതി മുന്‍ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ശശിധരന്‍ നമ്പ്യാര്‍ക്കാണ് (73) പണം നഷ്ടമായത്. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയ ശേഷം വിശ്വാസം പിടിച്ചു പറ്റിയായിരുന്നു തട്ടിപ്പ്. ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അയാന ജോസഫ്, വര്‍ഷ സിങ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിക്ഷേപിച്ച തുകയില്‍ 28 ലക്ഷം രൂപ ബാങ്കുകാരുടെ സഹായത്തോടെ മരവിപ്പിച്ചു. പ്രതികളെ പിടികൂടാന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. നിക്ഷേപത്തിന് 850 ശതമാനം ലാഭം വാഗ്ദാനം ചെയ്താണു പ്രതികള്‍ ഗ്രൂപ്പ് അംഗങ്ങളെ ട്രേഡിങ്ങിനു പ്രേരിപ്പിച്ചിരുന്നത്. 'ട്രേഡിങ് ഗുരുവായി' സ്വയം അവതരിപ്പിച്ചു ഗ്രൂപ്പ് അംഗങ്ങളുടെ വിശ്വാസം നേടുന്നതാണു തട്ടിപ്പിന്റെ ആദ്യപടി. ആളുകള്‍ ചതിയില്‍ വീണെന്ന് മനസ്സിലായാല്‍ അംഗങ്ങള്‍ക്കു നിക്ഷേപം നടത്താനുള്ള പ്രേരണ നല്‍കിയ ശേഷം ഓണ്‍ലൈനായി പണം അടയ്ക്കാനുള്ള ലിങ്ക് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യും.
താല്‍പര്യമുള്ളവര്‍ ഈ ലിങ്ക് തുറന്നു കയറുമ്പോള്‍ പണം നിക്ഷേപിക്കാനുള്ള വഴി തുറക്കും. അതിനുള്ള ആപ്പ് അംഗങ്ങളുടെ ഫോണിലോ ലാപ്‌ടോപ്പിലോ ഡൗണ്‍ലോഡാവും. തുടര്‍ന്നു പ്രതികള്‍ ഉപദേശിക്കുന്ന രീതിയില്‍ അംഗങ്ങള്‍ പണം നിക്ഷേപിക്കും. മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാതാവുമ്പോഴാണു പലരും തട്ടിപ്പു തിരിച്ചറിയുന്നത്.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ പല ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി എടുത്ത പണം കഴിഞ്ഞ ഡിസംബറിലാണു നിക്ഷേപിച്ചത്. ലാഭമോ മുതലോ ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ കഴിഞ്ഞ അഞ്ചിനു ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കി. ഇതോടെ ബാങ്കമുയി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 29 ലക്ഷം രൂപ തിരിച്ചു പിടിക്കാനായത്.