വാഹന മോഷ്ടാക്കളായ കുട്ടിക്കള്ളന്മാരെ വിദഗ്ദ്ധമായി കുടുക്കി പന്തളം പോലീസ്; ചന്ദനപ്പള്ളിയിലെ വെള്ളപ്പാറയിലെ വീട്ടില്‍ ഒളിപ്പിച്ച വാഹനം കണ്ടെത്തിയ കഥ
പന്തളം: കടയുടെ മുന്നില്‍ വച്ചിരുന്ന ഹോണ്ട ഡിയോ സ്‌കൂട്ടര്‍ മോഷ്ടിച്ചുകടന്ന കുട്ടികള്ളന്മാരെ വിദഗ്ദ്ധമായി വലയിലാക്കി പന്തളം പോലീസ്. പന്തളം മങ്ങാരം പുത്തലേത്ത് വീട്ടില്‍ നിധിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് ഈമാസം എട്ടിനു ഉച്ചയ്ക്കുശേഷം മൂന്നോടെ രണ്ട് കൗമാരക്കാര്‍ മുട്ടാറെ കടയുടെ മുന്‍വശത്തുനിന്നും മോഷ്ടിച്ചത്. 40,000 രൂപ വിലയുള്ള സ്‌കൂട്ടര്‍ തന്ത്രപരമായി കുട്ടി മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോകുയായിരുന്നു
എട്ടിനു തന്നെ നിധിന്‍ പന്തളം പോലീസില്‍ വിവരമറിയിച്ചു, എസ് സി പി ഓ വൈ ജയന്‍ മൊഴി രേഖപ്പെടുത്തി. എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിരവധി സിസിടിവികളും ടവറുകളും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപകമാക്കിയ പോലീസ്, മെഴുവേലിയിലുള്ള കൃത്യത്തില്‍ ഉള്‍പ്പെട്ട രണ്ടാമന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെ 10 ന് രാത്രി 12 ഓടെ തന്ത്രപരമായി ഇരുവരെയും കുടുക്കുകയായിരുന്നു. ഇവര്‍ക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു വിശദമായ മൊഴി രേഖപ്പെടുത്തി. പിന്നീട് സാക്ഷികളെ കാണിച്ചുതിരിച്ചറിഞ്ഞു.
വാഹനത്തിന്റെ മുന്‍വശത്തെ നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റി രൂപമാറ്റം വരുത്തുകയും, പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ നിന്നും നമ്പറിന്റെ ഒരക്കം മായ്ച്ചു കളയുകയും ചെയ്തതായി പോലീസ് കണ്ടെത്തി. വാഹനത്തില്‍ പലയിടങ്ങളില്‍ കറങ്ങിനടക്കുകയായിരുന്നെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. സംഭവത്തിന് ശേഷം പന്തളം സ്വദേശിയായ കുട്ടി വീട്ടില്‍ എത്തിയിരുന്നില്ല. ചന്ദനപ്പള്ളിയിലെ വെള്ളപ്പാറയിലെ ഒരു വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ വാഹനം പിന്നീട് പോലീസ് കണ്ടെത്തി.
11 ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ വിവരങ്ങള്‍ അറിയിച്ചു. പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തി അതിവേഗം മോഷ്ടാക്കളെ കുടുക്കിയത്. എസ് ഐ അനീഷ് ഏബ്രഹാം, എസ് സി പി ഓ എസ് അന്‍വര്‍ഷ എന്നിവരുടെ അന്വേഷണ മികവിലാണ് ഇവര്‍ പിടിയിലായത്. ജെ ജെ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.