'മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കള്‍; ലാബിലെ ലോഗ് ബുക്ക് നഷ്ടമായതിന്റെ പേരില്‍ തര്‍ക്കം; കള്ളി എന്നു പരിഹസിച്ച് നിരന്തര പീഡനം'; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകളുണ്ടെന്ന് പൊലീസ്; അമ്മു സജീവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്നുപേരും റിമാന്‍ഡില്‍
നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണം: സഹപാഠികള്‍ റിമാന്‍ഡില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റില്‍ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. അലീന ദിലീപ്, എ.ടി.അക്ഷിത, അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. മൂന്നുപേരെയും കോളജ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് അനിശ്ചിതകാലത്തേക്കാണ് സസ്‌പെന്‍ഷന്‍.
പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വാദിച്ചു. കോളേജില്‍ നിന്ന് കാണാതായെന്ന് പറയുന്ന പ്രതികളില്‍ ഒരാളായ വിദ്യാര്‍ത്ഥിനിയുടെ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇനി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്.
കേസില്‍ അറസ്റ്റിലായ അമ്മു സജീവന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ് , ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത , കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. അതേസമയം, അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും. ഇതിനിടെ, പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകും വഴി എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കഴിഞ്ഞ ദിവസം വീടുകളില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനില്‍ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. മൊഴികളിലെ വൈരുധ്യം, ഫോണ്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ഇവര്‍ ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ കസ്റ്റഡിലെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാര്‍ പറഞ്ഞു. രക്ഷാകര്‍ത്താക്കളും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ചോദ്യം ചെയ്ത് കാര്യങ്ങളില്‍ വ്യക്തത വരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്.
അടുത്ത സുഹൃത്തുക്കള്‍, നിരന്തരം പീഡിപ്പിച്ചു
സഹപാഠികള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും. സൗഹൃദത്തില്‍ വിള്ളലുണ്ടായതോടെ അമ്മുവിനെ നിരന്തരം പീഡിപ്പിച്ചു. ശാരീരിക ഉപദ്രവത്തിനും ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
സുഹൃത്തുക്കള്‍ക്കിടയിലെ ചെറിയ പ്രശ്‌നങ്ങള്‍ തര്‍ക്കങ്ങളിലൂടെ വലുതാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലാബില്‍ ഉപയോഗിക്കുന്ന ലോഗ് ബുക്ക് നവംബര്‍ ആദ്യ ആഴ്ച നഷ്ടമായതാണ് തര്‍ക്കം രൂക്ഷമാക്കിയത്. അമ്മു ഈ ബുക്ക് എടുത്തെന്നായിരുന്നു മൂന്ന് സുഹൃത്തുക്കളുടെയും ആരോപണം. ബുക്ക് നഷ്ടപ്പെട്ട കുട്ടി പരാതി നല്‍കിയില്ല. അധ്യാപിക വഴി ഇക്കാര്യം പ്രിന്‍സിപ്പലിനെ അറിയിച്ചു. പ്രിന്‍സിപ്പല്‍ രക്ഷിതാക്കളുടെ യോഗം വിളിച്ചു.
നവംബര്‍ 13നായിരുന്നു യോഗം. അമ്മുവിന്റെ അച്ഛന് വരാന്‍ അസൗകര്യം ഉള്ളതിനാല്‍ 18ലേക്ക് യോഗം മാറ്റി. എന്നാല്‍ നവംബര്‍ 15ന് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും വീണു. ലോഗ് ബുക്കിനുവേണ്ടി സഹപാഠികള്‍ അമ്മുവിന്റെ മുറിയില്‍ പരിശോധന നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. മുറിയിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടു. കള്ളി എന്നു വിളിച്ച് കളിയാക്കിയതായും ആരോപണമുണ്ട്. സുഹൃത്തുക്കളുടെ മാനസിക പീഡനം സംബന്ധിച്ച് അമ്മുവിന്റെ വീട്ടുകാര്‍ കോളജിന് പരാതി നല്‍കിയിരുന്നു. 18ലെ യോഗത്തിനു മുന്‍പ് ലോഗ് ബുക്ക് കിട്ടിയില്ലെങ്കില്‍ പരാതിയുമായി മുന്നോട്ടു പോകാമെന്ന നിലപാടിലായിരുന്നു അമ്മുവിന്റെ വീട്ടുകാര്‍. എന്നാല്‍ അതിനു മുന്‍പ് അമ്മു ലോകത്തോട് യാത്ര പറഞ്ഞു.
ടൂര്‍ കോ ഓര്‍ഡിനേറ്ററായി അമ്മുവിനെ തീരുമാനിച്ചതിലും മൂന്ന് സുഹൃത്തുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ക്ലാസ് ടീച്ചറാണ് ടൂര്‍ കോ ഓര്‍ഡിനേറ്ററായി അമ്മുവിന്റെ പേര് പറഞ്ഞത്. ഇക്കാര്യം പറഞ്ഞ സമയത്ത് ക്ലാസില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. പിന്നീട് മൂന്നു സുഹൃത്തുക്കള്‍ അതിനെതിരെ ക്ലാസില്‍ സംസാരിച്ചതായി പൊലീസിനു വിവരം ലഭിച്ചു.
കോളജ് കോംപൗണ്ടില്‍വച്ച് ഈ മൂന്നുപേര്‍ അമ്മുവിനെ നിരന്തരം പരിഹസിച്ചിരുന്നതായും പൊലീസ് പറയുന്നു. വിദ്യാര്‍ഥികളുടെയും കോളജ് അധികൃതരുടെയും കുടുംബത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലും അമ്മു ചില വിവരങ്ങള്‍ രേഖപ്പെടുത്തിവച്ചത് തെളിവായി സ്വീകരിച്ചുമാണ് മൂന്നു വിദ്യാര്‍ഥിനികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടര്‍ച്ചയായ മാനസിക പീഡനം മകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുവെന്ന് പിതാവ് രേഖ മൂലം കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. അതില്‍ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണതിലും സഹപാഠികളില്‍ നിന്ന് അമ്മുവിന് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു. അത്തരം റിപ്പോര്‍ട്ടുകളും പൊലീസ് കേസിന്റെ ഭാഗമാക്കി.
അതോടൊപ്പം, സഹപാഠികള്‍ക്കെതിരെ അമ്മു സജീവ് കോളേജ് അന്വേഷണ സമിതിക്ക് മുമ്പാകെ നല്‍കിയ കുറിപ്പും ഹോസ്റ്റല്‍ മുറിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഈ കുറിപ്പും പ്രതികളുടെ അറസ്റ്റിലേക്ക് നീങ്ങുന്നത് നിര്‍ണായകമായി. ഇതെല്ലാം ആത്മഹത്യാപ്രേരണയ്ക്ക് അടിസ്ഥാനമായെന്നും പൊലീസ് പറയുന്നു. എന്നാല്‍, അപ്പോഴും അമ്മു ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആവര്‍ത്തിക്കുകയാണ് കുടുംബം.
കുടുംബം ഉന്നയിക്കുന്ന ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങളില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണു മരിക്കുന്നത്. 15ന് ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് ഗുരുതര പരുക്കേറ്റ അമ്മു ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.