ഒളിവില്‍ കഴിഞ്ഞത് മത്സ്യത്തൊഴിലാളിയായി കടലില്‍; തിരികെ കരയില്‍ എത്തുന്നത് മാസങ്ങള്‍ കഴിഞ്ഞ്; വിവരം കിട്ടിയ പോലീസ് പോയത് മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍; ഒടുവില്‍ പോക്‌സോ കേസ് പ്രതി പിടിയില്‍
കൊല്‍ക്കത്ത: പോക്‌സോ കേസ് പ്രതിയെ സിനിമ സ്‌റൈലില്‍ പിടികൂടി പോലീസ്. മാസങ്ങളായി ഒളിവല്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടിക്കാന്‍ പോലീസ് സംഘം പോയത് ബംഗാള്‍ ഉള്‍ക്കടലില്‍. മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ എത്തിയാണ് പോലീസ് പ്രതിയായ വിശ്വജിത്തിനെ പിടികൂടിയത്. പത്ത് കിലോമീറ്ററോളമാണ് പോലീസ് സംഘം കടലില്‍ കൂടി യാത്ര ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് നാദിയയിലെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് അപേക്ഷയും നല്‍കി.
റാണാഘട്ടയിലെ 17-കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിലാണ് ഇയാള്‍ക്കെതിരെ 2024 ജൂണില്‍ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയത്. ഓഗസ്റ്റില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും മുഖ്യപ്രതിയായ ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു. ഒരു ഒളിത്താവളം കണ്ടെത്തി പോലീസ് എത്തുമ്പോഴേക്കും ആ താവളം പ്രതി മാറിയിട്ടുണ്ടായിരിക്കും. അതുകൊണ്ട് തന്നെ പ്രതിയെ പിടിക്കാന്‍ പോലീസിന് നേരിട്ടത് കടുത്ത വെല്ലുവിളിയാണ്. എങ്കിലും പോലീസ് അന്വേഷണം തുടര്‍ന്ന് കൊണ്ടേ ഇരുന്നു. ഒടുവില്‍ ഇയാള്‍ സുന്ദര്‍ബന്‍സിന് സമീപമുള്ള നാംഖാന-കാക്ദ്വീപ് തീരപ്രദേശത്ത് മത്സ്യബന്ധനം നടത്തി വരുന്നതായി വിവരം ലഭിച്ചു.
തുടര്‍ന്ന് ഇയാള്‍ മത്സ്യബന്ധത്തിന് പോയാല്‍ മാസങ്ങളോളം കഴിഞ്ഞാണ് തിരികെ എത്താറുള്ളത് എന്ന് പോലീസിന് വിവരം ലഭിച്ചു. ഉപജീവനമാര്‍ഗത്തിനാണ് മത്സ്യബന്ധനം പ്രതി നടത്തിയിരുന്നത്. തുടര്‍ന്ന് പോലീസ് ദ്വീപിലെത്തി. പോലീസ് വേഷം മാറ്റി സാധരണ മത്സ്യത്തൊഴിലാളികളെ പോലെ വേഷം മാറി ബോട്ടില്‍ കടലിലേക്ക് പുറപ്പെടുകയായിരുന്നു. കൂട്ടാളികളായ മത്സ്യത്തൊഴിലാളികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ കടലില്‍വെച്ച് പ്രതിയെ തിരിച്ചറിഞ്ഞു. പിന്നാലെ ബോട്ടിലേയ്ക്ക് മാറ്റി തീരത്തേക്ക് കൊണ്ടുവന്ന് അറസ്റ്റ് ചെയ്തു.