സമൂഹമാധ്യമത്തിലൂടെ പെണ്‍കുട്ടിയുമായി പരിചയം; നിരന്തരം അശ്ലീല സന്ദേശം അയച്ചു; കോഴിക്കോട് ബീച്ചിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍; കണ്ണൂര്‍ സ്വദേശി ഡോക്ടറെ കുടുക്കിയത് ആസൂത്രിതമായി; പോക്‌സോ കേസില്‍ 32കാരന്‍ അറസ്റ്റില്‍
നിരന്തരം അശ്ലീല മെസേജ്, ഡോക്ടറെ കുടുക്കി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
കോഴിക്കോട്: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചില്‍നിന്നു കാറില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്ത ഡോക്ടറെ കോഴിക്കോട് ബീച്ചില്‍വച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആസൂത്രിതമായി കുരുക്കി. കണ്ണൂര്‍ സ്വദേശി ഡോ. അലന്‍ അലക്‌സ് (32) ആണ് അറസ്റ്റിലായത്. പോക്‌സോ കേസിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണു സംഭവം.
കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പെണ്‍കുട്ടിക്കു സമൂഹമാധ്യമത്തിലൂടെ അലന്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആസൂത്രണം ചെയ്തതു പ്രകാരം ഇന്നലെ രാവിലെ ഡോക്ടറോടു ബീച്ചിലെത്താന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍നിന്ന് അലന്‍ കാറില്‍ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോള്‍ കടപ്പുറത്തേക്കു വരാന്‍ പറഞ്ഞു.
ഡോക്ടര്‍ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് വെള്ളയില്‍ പൊലീസിനെ വിവരം അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നു കണ്ടെത്തിയതോടെയാണ് ഇന്നലെ വൈകിട്ടോടെ പോക്‌സോ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അലന്റെ കാറും കസ്റ്റഡിയിലെടുത്തു.