നീ ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ..കാണിച്ചുതരാം..!!; ഫോണിലൂടെ വിളിച്ച് ഒരാളുടെ തെറിവിളിയും ഭീഷണിയും; തനി നിറം പുറത്തുവന്നതും സീനിയർ സിപിഒയ്ക്ക് പണി കൊടുത്ത് അധികൃതർ
പത്തനംതിട്ട: കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ഉദ്യോഗസ്ഥനുമായ നിഷാന്ത് ചന്ദ്രനെ സസ്‌പെൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസറെ (എസ്.സി.പി.ഒ) ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനാണ് നടപടി. പത്തനംതിട്ട ജില്ലയിലെ പോലീസ് അസോസിയേഷന്റെ പ്രധാന ചുമതല വഹിക്കുന്നയാൾക്കെതിരെ അച്ചടക്ക നടപടി വന്നത് പോലീസ് സേനയ്ക്കുള്ളിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.
തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ പുഷ്‌പദാസിനെയാണ് നിഷാന്ത് ചന്ദ്രൻ ഭീഷണിപ്പെടുത്തിയത്. നിലവിൽ മണ്ഡലകാലമായതിനാൽ ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയതുമായി ബന്ധപ്പെട്ട തർക്കമാണ് ഭീഷണിയിൽ കലാശിച്ചത്. പോലീസ് അസോസിയേഷൻ തയ്യാറാക്കിയ ഡ്യൂട്ടി ലിസ്റ്റ് മറികടന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പുഷ്‌പദാസ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയതാണ് ജില്ലാ സെക്രട്ടറിയെ പ്രകോപിപ്പിച്ചത്. സംഘടനയുടെ തീരുമാനത്തെ വെല്ലുവിളിച്ചു എന്ന നിലയിലാണ് ഈ വിഷയത്തെ നിഷാന്ത് ചന്ദ്രൻ കണ്ടത്.
പുഷ്‌പദാസിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതും. "അസോസിയേഷനെ വെല്ലുവിളിച്ചാണ് നിങ്ങൾ ശബരിമലയിൽ ഡ്യൂട്ടിക്ക് പോയത്. സന്നിധാനത്തുനിന്ന് ഡ്യൂട്ടി കഴിഞ്ഞുവരുമ്പോൾ കാണിച്ചുതരാം" എന്നുവരെ ഭീഷണി മുഴക്കുന്ന ശബ്ദരേഖയിൽ ഉണ്ടായിരുന്നു. കൂടാതെ, മറ്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് പുഷ്‌പദാസിനെ ഫോണിലൂടെ അസഭ്യം പറയുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഒരു സംഘടനയുടെ ഭാരവാഹിയും ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥനുമായ ഒരാൾ സഹപ്രവർത്തകനോട് ഔദ്യോഗിക പദവിയും സ്വാധീനവും ഉപയോഗിച്ച് ഭീഷണി മുഴക്കിയത് ഗുരുതരമായ അച്ചടക്കലംഘനമായാണ് വിലയിരുത്തപ്പെട്ടത്.
പുറത്തുവന്ന ശബ്ദരേഖയിൽ, താൻ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ എങ്ങനെ ഡ്യൂട്ടിക്ക് പോയി എന്നതിലുള്ള അമർഷം നിഷാന്ത് ചന്ദ്രൻ പ്രകടിപ്പിക്കുന്നുണ്ട്. ഈ വിഷയം കൂടുതൽ ആളുകളിലേക്ക് എത്തിയതോടെ പോലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയിലുള്ള ഇത്തരം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാടിലേക്ക് അധികൃതർ എത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം ഉന്നത ഉദ്യോഗസ്ഥരാണ് നിഷാന്ത് ചന്ദ്രനെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
