'ഈ പ്രദേശത്തെ അത്യാവശ്യം അറിയപ്പെടുന്ന ഗുണ്ടകളാണ് ഞങ്ങള്‍; ആ ഞങ്ങളുടെ പിന്നില്‍വന്ന് ഹോണടിക്കാന്‍ നീ ആരെടാ'; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ അടിക്കും മുമ്പ് പ്രതികളുടെ മാസ്സ് ഡയലോഗ്; പ്രതികള്‍ കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ടവര്‍
'ഈ പ്രദേശത്തെ അത്യാവശ്യം അറിയപ്പെടുന്ന ഗുണ്ടകളാണ് ഞങ്ങള്‍
തിരുവനന്തപുരം: വാഹനത്തില്‍ ഹോണടിച്ചത് ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ തിരുവനന്തപുരം സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ പെട്ടവരായ രണ്ട് പേരാണ് അറസ്റ്റിലായത്. പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28), പെരുമാതുറ സ്വദേശി ഷാനിഫര്‍ (32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനായ ഷെമീറിനെയാണ് ഇവര്‍ മര്‍ദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്രൈംബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥന്‍ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. തന്റെ വാഹനത്തിന് മുന്നിലൂടെ പോവുകയായിരുന്ന ബൈക്ക് സൈഡ് തരാത്തതോടെ ഇദ്ദേഹം ഹോണടിക്കുകയായിരുന്നു.
ഇത് ബൈക്കില്‍ പോവുകയായിരുന്ന പ്രതികള്‍ ചോദ്യംചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. 'ഈ പ്രദേശത്തെ അത്യാവശ്യം അറിയപ്പെടുന്ന ഗുണ്ടകളാണ് ഞങ്ങള്‍, ആ ഞങ്ങളുടെ പിന്നില്‍വന്ന് ഹോണടിക്കാന്‍ നീ ആരെടാ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു അടി. ജോഷി ജെറാള്‍ഡും ഷാനിഫറും കത്തിയെടുത്ത് ഷമീറിനെ കുത്താന്‍ ശ്രമിക്കുകയും മുഖത്തിടിക്കുകയും ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥന്റെ പരാതി.
ഇരുവര്‍ക്കുമെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളാണ് ചുമത്തിയിരിക്കുന്നത്. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടയാളാണ് ഷാനിഫര്‍. ഇയാള്‍ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. രണ്ട് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.