രാത്രിയില്‍ വാടക വീട്ടില്‍ പോലീസ് പരിശോധന; പടക്കവിപണിയുടെ മറവില്‍ ലഹരിവില്‍പ്പന; കഞ്ചാവ്, എംഡിഎംഎയും കോടിക്കണക്കിന് വിലവരുന്ന പടക്കശേഖരവും പിടികൂടി; സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍
പാലക്കാട്: ഒറ്റപ്പാലം സൗത്ത് പനമണ്ണയില്‍ പടക്കവിപണിയുടെ മറവില്‍ ലഹരി ഉപയോഗവും വില്‍പ്പനയും നടത്തിയ ആറംഗ സംഘം പൊലീസ് പിടിയിലായി. കണ്ണിയംപുറം റോഡിലെ വാടകവീട്ടിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
പരിശോധനയില്‍ 600 ഗ്രാം കഞ്ചാവ്, 50 ഗ്രാം എംഡിഎംഎ, ലൈംഗിക ഉത്തേജക മരുന്നുകള്‍, രണ്ടുപെട്ടി കോണ്ടം എന്നിവയും 20 പെട്ടികളിലായി സൂക്ഷിച്ചിരുന്ന വന്‍ പടക്കശേഖരവും പൊലീസ് പിടികൂടി. അനുമതിയില്ലാതെ വില്‍പ്പന നടത്താന്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്കു കോടികള്‍ വിലവരുമെന്ന് പൊലീസ് അറിയിച്ചു.
അറസ്റ്റിലായവര്‍: കുളപ്പുള്ളി സ്വദേശികളായ കെ. വിഗ്നേഷ് (കൈപ്പുള്ളി വീട്), കെ.എ. സനല്‍ (കുന്നത്ത് വീട്), ഷോര്‍ണൂര്‍ ഗണേശഗിരി സ്വദേശിയായ കെ.ബി. ഷബീര്‍ (ഷാ മന്‍സില്‍), ഒറ്റപ്പാലം പൂളക്കുണ്ട് സ്വദേശികളായ മുഹമ്മദ് മുസ്തഫ (കുന്നത്ത് വീട്), ഷാഫി (കൊല്ലത്ത് വീട്), ഒറ്റപ്പാലം കാഞ്ഞിരക്കടവ് കൊരട്ടിയില്‍ സ്വദേശിയായ ഷാനിഫ്. ഇവരില്‍ ഷാനിഫിനെതിരെ എറണാകുളത്ത് ലഹരി ഉപയോഗത്തിന് കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
വീടിന്റെ മുകളിലെ നിലയിലാണ് പടക്കങ്ങളും ലഹരി വസ്തുക്കളും സൂക്ഷിച്ചിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും ഒറ്റപ്പാലം പൊലീസിന്റെയും സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഷോര്‍ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. രവികുമാറിന്റെ നേതൃത്വത്തില്‍ പ്രതികളുടെ ദേഹപരിശോധനയും തുടര്‍ന്നുള്ള നടപടികളും നടന്നു.