മകന്റെ ചെലവിന് പണം തരാന്‍ കഴിയില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകൂടേയെന്ന് കോടതിയില്‍ ഭാര്യയുടെ പരിഹാസം; പിന്നാലെ ടെക്കി യുവാവിന്റെ ആത്മഹത്യ; വ്യാജ സ്ത്രീധന പീഡന ആരോപണമെന്ന് ആത്മഹത്യാ കുറിപ്പും; പ്രതികളെ തേടി ബെംഗളൂരു പോലീസ് യുപിയില്‍

ടെക്കി യുവാവിന്റെ ആത്മഹത്യ; പ്രതികളെ തേടി ബെംഗളൂരു പോലീസ്

Update: 2024-12-13 12:39 GMT

ബെംഗളൂരു: വ്യാജ സ്ത്രീധന പീഡന ആരോപണത്തില്‍ ബെംഗളൂരുവില്‍ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളെ തേടി അന്വേഷണസംഘം യുപിയില്‍. ജീവനൊടുക്കിയ അതുല്‍ സുഭാഷിന്റെ ഭാര്യ നികിത സിംഗാനിയയുടെ മറാത്തഹള്ളിയിലെ ജോന്‍പുരിലുള്ള അപാര്‍ട്‌മെന്റിലാണ് ബെംഗളൂരു പോലീസ് എത്തിയത്. എന്നാല്‍ വീട് പൂട്ടിക്കിടക്കുന്നതിനാല്‍, നികിത ഉള്‍പ്പടെ കേസിലെ മറ്റു നാലുപ്രതികളോടും ചോദ്യംചെയ്യലിനായി അന്വേഷണസംഘത്തിനു മുന്‍പില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് പതിച്ചു.

പ്രതികള്‍ക്ക് ബെംഗളൂരുവിലെ മാറത്തഹള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മൂന്ന് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗളൂരു പൊലീസ് സംഘം ഉത്തര്‍പ്രദേശിലെ അതുല്‍ സുഭാഷിന്റെ ഭാര്യയുടെ നാടായ ഉത്തര്‍പ്രദേശിലെ ജാന്‍പുരില്‍ എത്തിയത്. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് ജാന്‍പുരില്‍ എത്തിയത്.

ഭാര്യ നികിത സിംഗാനിയ, അമ്മ നിഷ സിംഗാനിയ, സഹോദരന്‍ അനുരാഗ് സിംഗാനിയ, അമ്മാവന്‍ സുശീല്‍ സിംഗാനിയ എന്നിവര്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 'വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ നിങ്ങളെ ചോദ്യം ചെയ്യാന്‍ മതിയായ കാരണങ്ങളുണ്ട്. മൂന്ന് ദിവസത്തിനകം ബെംഗളൂരുവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം' എന്ന് നോട്ടീസില്‍ പറയുന്നു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 കാരനായ അതുല്‍ സുഭാഷ്. വര്‍ഷങ്ങളായി വിവാഹ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലമുള്ള മാനസിക സമ്മര്‍ദ്ദം ഇയാള്‍ ആത്മഹത്യാ കുറിപ്പില്‍ വിശദമാക്കിയിരുന്നു. യുപി സ്വദേശിയായ അതുല്‍ സുഭാഷാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. 24 പേജുള്ള കത്തെഴുതി വച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തി.

മകന്റെ ചെലവിനായുള്ള കേസ് നടക്കുന്നതിനിടെ പണം തരാന്‍ കഴിയില്ലെങ്കില്‍ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചതിന് ജഡ്ജ് ചിരിച്ചത് യുവാവിനെ ഏറെ വേദനിപ്പിച്ചിരുന്നതായാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്. ബെംഗളൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളില്‍ തിങ്കളാഴ്ചയാണ് അതുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുന്‍പായി 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും യുവാവ് ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

താനുണ്ടാക്കുന്ന പണം എതിരാളികളെ ശക്തരാക്കാന്‍ മാത്രമാണ് പ്രയോജനപ്പെടുന്നതെന്നും തന്റെ തന്നെ പണം ഉപയോഗിച്ച് ഭാര്യയും ബന്ധുക്കളും തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണം അതുല്‍ ഈ വീഡിയോയില്‍ വിശദമാക്കിയിരുന്നു. ഭാര്യ നല്‍കിയ കേസ് അതുലിന് എതിരായ ദിശയിലായിരുന്നു ഉണ്ടായിരുന്നത്. 4 വയസുള്ള മകന്റെ ചെലവിനായി തുടക്കത്തില്‍ 40000 രൂപ ആവശ്യപ്പെട്ട നികിത പിന്നീട് ഇത് ഇരട്ടി വേണമെന്നും പിന്നീട് ഒരു ലക്ഷം രൂപ മാസം വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഭാര്യയും കുടുംബവും അതുലിനെ പണത്തിന് വേണ്ടി മാത്രമാണ് ഉപയോഗിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം, അതുലിന്റെ മരണത്തിന് കാരണക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. അതുലിന്റെ മരണത്തിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും ഉത്തര്‍ പ്രദേശിലെ ജാനൂന്‍പൂരിലെ കുടുംബ കോടതി ജഡ്ജിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് അതുല്‍ മരണത്തിന് മുന്‍പായി ഉന്നയിച്ചിട്ടുള്ളത്.

നികിതയും കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ സഹോദരന്‍ അനുരാഗും ജോന്‍പുരിലെ വീട്ടില്‍നിന്നും വ്യാഴാഴ്ച മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെട്ടു എന്നാണ് വിവരം. ഐ.ടി ജീവനക്കാരന്റെ ആത്മഹത്യ ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ, ഇവര്‍ വീട്ടില്‍നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം, ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാന്‍ നികിതയുടെ വീടിനു ചുറ്റും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വ്യാജ സ്ത്രീധനപീഡന ആരോപണത്തില്‍ അതുല്‍ സുഭാഷ് എന്ന 34 കാരനാണ് ബെംഗളൂരുവില്‍ തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. താന്‍ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോ എക്‌സില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. 24 പേജുള്ള കത്തെഴുതി വെച്ചായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഭാര്യയും ഭാര്യവീട്ടുകാരും മാനസികമായി പീഡിപ്പിച്ചെന്ന് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അതുല്‍ പറഞ്ഞു.

വ്യാജ പരാതി കെട്ടിച്ചമച്ചതുള്‍പ്പടെ നിരവധി ഗുരുതര ആരോപണങ്ങള്‍ ഭാര്യക്കെതിരെ അതുല്‍ ഉന്നയിച്ചു. സംഭവത്തില്‍ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും, ആത്മഹത്യാ പ്രേരണയ്ക്ക് ഭാര്യ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. 'നീതി വേണം' എന്നെഴുതിയ പ്ലക്കാര്‍ഡ് അതുലിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതുലിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Similar News