പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുന്നുവെന്ന വ്യാജേന പതിവായി സ്‌ഫോടക വസ്തുകടത്ത്; ഏഴുകേസുകളില്‍ പ്രതിയായിട്ടും രാഷ്ട്രീയ ബന്ധത്തിന്റെ മറവില്‍ രക്ഷപ്പെടല്‍; കണ്ണപുരം കീഴറ സ്‌ഫോടന കേസ് പ്രതി അനൂപ് മാലിക്കിന് എതിരെ കാപ്പ് ചുമത്തും
അനൂപ് മാലിക്കിന് എതിരെ കാപ്പ ചുമത്തും
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ: കണ്ണപുരം കീഴറ വാടക വീട്ടിലെ സ്‌ഫോടനക്കേസ് പ്രതി കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലിക്കിനെതിരെ കാപ്പ ചുമത്തും. പൊലീസ് നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് കണ്ണപുരം പൊലിസ് അറിയിച്ചു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ ശേഷമാകും കാപ്പ ചുമത്തുക. ഇയാള്‍ അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നത് പതിവായ സാഹചര്യത്തിലാണ് തീരുമാനം.
അഞ്ചോളം സ്‌ഫോടക വസ്തു കേസുകളില്‍ പ്രതിയാണ് അനൂപ് മാലിക്ക് പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട് കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കണ്ണപുരം പൊലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടു കിട്ടാന്‍ ഹര്‍ജി നല്‍കും. കാഞ്ഞങ്ങാടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അനൂപ് മാലിക് പിടിയിലാകുന്നത്. ഇയാളുടെ ബന്ധുവായ മുഹമ്മദ് അഷാമാണ് കണ്ണപുരം കീഴറയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് വീട്ടിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു.
പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുന്നവരാണെന്ന് പറഞ്ഞാണ് റിട്ട: അധ്യാപകന്‍ ഗോവിന്ദന്‍ കീഴറയില്‍ നിന്നും അനൂപ് മാലിക്ക് വീട് വാടകയ്‌ക്കെടുത്തത്. പരസ്യം കണ്ടാണ് ഇയാള്‍ സമീപിച്ചതെന്ന് വീട്ടുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഈ വീട്ടില്‍ നിരവധിയാളുകള്‍ വന്നു പോകുന്നതായി പ്രദേശവാസികളും മൊഴി നല്‍കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് അനുപ് മാലിക്ക്.
അനൂപ് മാലികിനെ ഇന്നലെ കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. പ്രതി നിരന്തരം സമാന സ്വഭാവമുളള കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി അന്വേഷണ സംഘം കോടതി മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ട് കാഞ്ഞങ്ങാട് വെച്ചാണ് ഇയാള്‍ പിടിയിലായത്. രാത്രി കണ്ണപുരത്തെത്തിച്ച പ്രതിയെ ശനി, ഞായര്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ സ്‌ഫോടനത്തില്‍ നേരിട്ട് പങ്കില്ലെന്ന് അനൂപ് മാലിക് ആവര്‍ത്തിച്ചു. സമാനമായ ഏഴ് കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരേ കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് കാപ്പ ചുമത്തുന്നത്.
കാഞ്ഞങ്ങാടുള്ള സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയശേഷം സംസ്ഥാനം വിടാനായിരുന്നു പ്രതിയുടെ നീക്കം. കണ്ണൂര്‍ നഗരത്തില്‍ കച്ചവടക്കാരനായിരുന്ന ഈ സുഹൃത്തിനോട് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് അനു മാലിക് പറഞ്ഞിരുന്നു. എന്നാല്‍, സ്‌ഫോടനത്തില്‍ അടുത്ത ബന്ധുവായ മുഹമ്മദ് ആഷാമിന്റെ മരണം അനൂപ് മാലിക്കിനെ തളര്‍ത്തി. കീഴടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.