അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം അമ്മാവന്‍ എതിര്‍ത്തു; സുഹൃത്തുമായി ചേര്‍ന്ന് മദ്യം നല്‍കി മയക്കി തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്; ഭയവും ദേഷ്യവും കാരണമാണ് കൊലപാതകമെന്ന് യുവാവ്

അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം അമ്മാവന്‍ എതിര്‍ത്തു

Update: 2025-04-13 10:27 GMT

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ അമ്മാവനെ മദ്യം നല്‍കി തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവും സുഹൃത്തുക്കളും അറസ്റ്റില്‍. മഹേന്ദ്ര പ്രജാപതി(28) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ അനന്തരവന്‍ ആകാശ് പ്രജാപതിയും ബന്ധുവും സുഹൃത്തും ചേര്‍ന്നാണ് കൃത്യം നടത്തിയത്. അമ്മായിയുടെ സഹോദരിയുമായുള്ള പ്രണയം മഹേന്ദ്ര എതിര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിലുള്ള വൈരാഗ്യത്തിലാണ് പ്രതി കൃത്യം നടത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് അയല്‍ ജില്ലയായ കൗശാമ്പിയില്‍ ഒരു മരത്തിന് സമീപം മഹേന്ദ്ര പ്രജാപതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആകാശിനൊപ്പം വീട്ടില്‍ നിന്നും പുറത്തേക്ക് പോയ മഹേന്ദ്ര മടങ്ങിയെത്തിയില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മഹേന്ദ്രയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആദ്യം സംസാരിക്കുകയും പിന്നീട് സ്വിച്ച് ഓഫ് ആകുകയും ചെയ്തതായി കുടുംബം പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ആകാശിന്റെ പക്കല്‍നിന്ന് കണ്ടെത്തി.

അമ്മായിയുടെ സഹോദരിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും മഹേന്ദ്ര ഈ ബന്ധത്തിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ ആകാശ് മൊഴിനല്‍കി. ഭയവും ദേഷ്യവും കാരണം ആകാശ് ബന്ധുവായ രോഹിത്തിനും സുഹൃത്തായ വിജയിക്കുമൊപ്പം മഹേന്ദ്രയെ വിളിച്ചുവരുത്തി മദ്യം കുടിപ്പിച്ച ശേഷം ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും ഇരയുടെ മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News