ഫേസ്ബുക്കില്‍ പിറന്ന രണ്ട് ആണ്‍ കുഞ്ഞുങ്ങള്‍; ആദ്യ കുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന്‍ ഭവിന് കൈമാറി; സിനിമയെ വെല്ലും കൊടുംക്രൂരത തെളിയിക്കാന്‍ ഇനി അസ്ഥി കഷ്ണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം; പുതുക്കാട്ട് പോലീസ് യാത്ര വ്യത്യസ്ത വഴിയില്‍

Update: 2025-07-02 03:36 GMT

തൃശൂര്‍: പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹ അവശിഷ്ടങ്ങളുടെ പോസ്റ്റുമോര്‍ട്ടം വരും ദിവസങ്ങളില്‍ നടത്തും. ഇതിനുള്ള അപേക്ഷ അന്വേഷണ സംഘം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നല്‍കി. ഫോറന്‍സിക് മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാകും പോസ്റ്റുമോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ അതിനിര്‍ണ്ണായകമാകും. പ്രതി ഭവിന്‍ സ്റ്റേഷനിലെത്തിച്ച അസ്ഥികളും പ്രതികളുടെ വീടുകളില്‍ നിന്ന് ഫൊറന്‍സിക് സംഘം കണ്ടെത്തിയ അസ്ഥികളും ഡിഎന്‍എ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. പ്രതികളുടെ കുറ്റസമ്മതം മൊഴികള്‍ക്കപ്പുറം ശാസ്ത്രീയ തെളിവുകള്‍ കേസ് തെളിയിക്കാന്‍ അനിവാര്യമാണ്. ഇതുവരെ ഇത്തരത്തിലൊരു കേസ് കേരളാ പോലീസിന് മുന്നിലെത്തിയിട്ടില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ എല്ലാ തെളിവും ശേഖരിച്ച് പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കും. കേസില്‍ അതിവേഗ കുറ്റപത്രവും നല്‍കും.

പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ ഉടന്‍ നല്‍കുമെന്നും പൊലീസ് അറിയിച്ചു. കുഞ്ഞുങ്ങളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ ശാസ്ത്രീയ, ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ ശേഖരിക്കും. 2021, 2024 പ്രസവസമയത്തെ ദൃശ്യങ്ങള്‍ ഭവിന് അനീഷ കൈമാറിയിരുന്നു. അത് ഭവിന്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായ ശേഷം ഫോണ്‍ നശിപ്പിച്ചു. ഈ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. നിയാഴ്ച രാത്രി തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ബവിന്‍ (26) പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ ചുരുളഴിഞ്ഞത് നാടിനെ നടുക്കിയ ചോരകുഞ്ഞുങ്ങളുടെ കൊലയായിരുന്നു. 12.30 ഓടെ മദ്യലഹരിയിലെത്തിയ ബവിന്റെ കയ്യില്‍ അസ്ഥി ഉണ്ടായിരുന്നു. അത് നവജാത ശിശുക്കളുടേത് ആയിരുന്നു.

ഭവിന്‍ ഫെയ്‌സ്ബുക്ക് വഴിയാണ് വെള്ളികുളങ്ങര നൂല്‍പ്പുഴ സ്വദേശി അനീഷ (21) യെ പരിചയപ്പെടുന്നത്. പിന്നീട് മൂന്നു വര്‍ഷത്തോളം ഇരുവരും പ്രണയത്തിലായി. ഈ രണ്ടു വര്‍ഷത്തിനിടെ രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് യുവതി ജന്മം നല്‍കിയത്. 2023 ല്‍ ജനിച്ച ആദ്യത്തെ കുഞ്ഞ് പൊക്കിള്‍കൊടി തെറ്റിയായിരുന്നു പുറത്തെത്തിയത്. പ്രസവത്തോടെ കുഞ്ഞിന് അനക്കമില്ലായിരുന്നു എന്നാണ് അനീഷ നല്‍കിയ മൊഴി. 2024 ലെ രണ്ടാമത്തെ പ്രസവത്തിലും കുഞ്ഞ് അനക്കമില്ലാതെയാണ് പുറത്തെത്തിയതെന്ന് അനീഷ പൊലീസിനോട് പറഞ്ഞു. എന്നാല്‍ രണ്ടും കൊപാതകമായിരുന്നു. 2023 നവംബര്‍ ആറിനും 2024 ഓഗസ്റ്റ് 29 നുമാണ് നവജാത ശിശുക്കളെ ശ്വാസംമുട്ടിച്ച് കൊന്നത്. ഇത് തെളിയിക്കാനാണ് അസ്ഥികളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.

പ്രതികളുമായി വെവ്വേറെ നടത്തിയ തെളിവെടുപ്പിലാണ് ആദ്യത്തെ കുഞ്ഞിന്റെ അസ്ഥിക്കഷണങ്ങള്‍ അനീഷയുടെ വീട്ടുവളപ്പില്‍നിന്നും രണ്ടാമത്തെ കുഞ്ഞിന്റേത് ഭവിന്റെ വീടിനടുത്തുള്ള തോട്ടില്‍നിന്നും കണ്ടെടുത്തത്. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ പി. ഷിബുവിന്റെയും ചാലക്കുടി ഡിവൈ.എസ്.പി ബിജുകുമാറിന്റെയും സാന്നിധ്യത്തില്‍, മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ.കെ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഞായറാഴ്ച രാത്രി നടത്തിയ ചോദ്യംചെയ്യലില്‍ കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിന് കാണിച്ചുകൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന്റെ ഇടതുവശത്തുള്ള ഒഴിഞ്ഞ പറമ്പില്‍ മണ്ണുമാന്തി ഒന്നര മണിക്കൂറോളം നടത്തിയ പരിശോധനയിലാണ്, 2021ല്‍ കൊല്ലപ്പെട്ട ആദ്യത്തെ കുഞ്ഞിന്റേതെന്ന് കരുതുന്ന അസ്ഥിക്കഷണങ്ങള്‍ കണ്ടെടുത്തത്. രണ്ടാം പ്രതിയായ ഭവിന്റെ ആമ്പല്ലൂരിലുള്ള വീട്ടുവളപ്പിലായിരുന്നു ഉച്ചക്കുശേഷം തെളിവെടുപ്പ്. വീടിനോട് ചേര്‍ന്ന തോട്ടില്‍ നടത്തിയ തിരച്ചിലില്‍ 2024ല്‍ കൊലപ്പെടുത്തിയ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങളും ഫോറന്‍സിക് സംഘം കണ്ടെടുത്തു.

അനീഷ രണ്ടുതവണ ഗര്‍ഭിണിയായതും പ്രസവിച്ചതും കൊലപാതകങ്ങള്‍ നടത്തിയതും വീട്ടുകാരോ അയല്‍ക്കാരോ അറിഞ്ഞില്ലെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ഇവര്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News