പിടികൂടിയ സ്വര്‍ണ്ണത്തിന്റെ 60ശതമാനം പോലീസ് അടിച്ചു മാറ്റി; സുജിത് ദാസിനെതിരായ ആരോപണത്തില്‍ കസ്റ്റംസ് അന്വേഷണം; പ്രതികളുടെ മൊഴി എടുക്കും

സുജിത് ദാസിനെതിരായ ആരോപണത്തില്‍ കസ്റ്റംസ് അന്വേഷണം

Update: 2024-09-03 06:37 GMT

കൊച്ചി: കരിപ്പൂരില്‍ പോലീസ് പിടിച്ചെടുത്ത സ്വര്‍ണ്ണ കടത്തു കേസുകളിലെ പ്രതികളുടെ മൊഴി എടുക്കാന്‍ കസ്റ്റംസ്. സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന പി.വി. അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് പിന്നാലെയാണ് മുന്‍ എസ്പി. എസ്.സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് അന്വേഷണം നടത്തുക. ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.

സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന സമയത്ത് നിരവധി തവണ സ്വര്‍ണക്കടത്ത് പിടികൂടിയിട്ടുണ്ട്. ഇത്തരത്തില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ അളവുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തീരുമാനിച്ചിരിക്കുന്നത്. കേസിലെ പ്രതികളുടെ മൊഴി രേഖപ്പെടുത്തും. പോലീസ് കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടു പോയിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഇത്. നൂറു പ്രതികളുണ്ടെങ്കില്‍ അതില്‍ പത്തു പേരെങ്കിലും സത്യം പറയുമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.

സുജിത് ദാസിന്റെ കാലത്ത് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ വീണ്ടും അന്വേഷിക്കുമെന്നാണ് വിവരം. വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തെത്തുന്ന സ്വര്‍ണം പോലീസിന് എങ്ങനെയാണ് പിടികൂടാന്‍ കഴിയുന്നതെന്ന കാര്യവും പരിശോധിക്കും. എഡിജിപി അജിത് കുമാറിനെതിരേയും സ്വര്‍ണ്ണ കടത്തില്‍ അന്‍വര്‍ ആരോപണമുന്നയിച്ചിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. എസ്.പി സുജിത് ദാസിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് അന്‍വര്‍ ആരോപിച്ചു. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് നടത്തിയത്. സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടും.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്‌കാനിങ്ങില്‍ സ്വര്‍ണം കണ്ടാലും അവര്‍ അത് കണ്ടതായി നടിക്കില്ല. പകരം ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പൊലീസിന് വിവരം കൈമാറും. സുജിത് ദാസ് നിയോഗിച്ച പൊലീസ് സംഘം ഇവരെ പിന്തുടര്‍ന്ന് പിടികൂടും. പിടികൂടിയ സ്വര്‍ണത്തിന്റെ 60 ശതമാനം പൊലീസ് അടിച്ചുമാറ്റും. ബാക്കി കുറച്ചു സ്വര്‍ണമാണ് കസ്റ്റംസിന്റെ രേഖയില്‍ വരുന്നത്.

കള്ളക്കടത്ത് സ്വര്‍ണമായതിനാല്‍ ആരും പരാതിയുമായി പോകില്ല. ഇതാണ് ഇവരുടെ രീതിയെന്നും അന്‍വര്‍ പറഞ്ഞു. എസ്.പി അവധിയില്‍ പോയത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും എം.എല്‍.എ ആരോപിച്ചിരുന്നു. അന്‍വറിന്റെ വെളിപ്പെടുത്തല്‍ പ്രകാരം സുജിത് ദാസൊക്കെ ചെറിയ മീനാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാറാണത്രേ വലിയ മീന്‍. അജിത് കുമാര്‍ 'നൊട്ടോറിയസ് ക്രിമിനലാ'ണെന്ന് അന്‍വര്‍ ആരോപിക്കുന്നു.

സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നുവെന്നും അന്‍വര്‍ ആരോപിക്കുകയാണ്. മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നു എന്നത് മറ്റൊരു ആരോപണമാണ്.

Tags:    

Similar News