ദമ്പതികൾ തമ്മിലുള്ള വിവാഹമോചന കേസ്; എന്നും തർക്കവും പ്രശ്‌നങ്ങളും; മകളുടെ നല്ല ഭാവിക്കായി ഭാര്യപിതാവ് ചെയ്തത്; യുവാവിനെ ഇല്ലാതാക്കാൻ അമ്മായിയപ്പൻ വക ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പ്ലാൻ; പരാതിയിൽ അന്വേഷണം; വർഷങ്ങൾക്കിപ്പുറം പ്രതി നേപ്പാളിൽ ഉണ്ടെന്ന് വിവരം; അഷ്ഫാഖിനെ കുടുക്കിയ കേരള പോലീസ് ബുദ്ധി ഇങ്ങനെ!
കോഴിക്കോട്: വധശ്രമക്കേസുമായി ബന്ധപ്പെട്ട് പ്രതി മൂന്ന് വർഷത്തിന് ശേഷം പോലീസിന്റെ വലയിൽ കുടുങ്ങി. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27) ആണ് നേപ്പാളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബാലുശ്ശേരി സ്വദേശി ലുഖ്മാനുൽ ഹക്കീമിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലുഖ്മാൻ്റെ ഭാര്യപിതാവാണ് ക്വട്ടേഷൻ നൽകിയത്. കേസിൽ അന്വേഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂർ പോലീസ് നേപ്പാളിൽ വച്ച് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.., ബാലുശ്ശേരി സ്വദേശിയായ ലുക്മാനുൽ ഹക്കീമും ഭാര്യയും തമ്മിലുള്ള വിവാഹമോചനകേസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നടന്നിരുന്നു. ഈ സമയത്ത് ലുക്മാനുൽ ഹക്കീമിന്റെ ഭാര്യാപിതാവായ മലപ്പുറം രണ്ടത്താണി സ്വദേശി കുഞ്ഞിമുഹമ്മദ് കുട്ടി ഹക്കീമിനെ കൊല്ലാനായി ബേപ്പൂർ സ്വദേശിയായ ജാഷിംഷാ എന്നയാൾക്ക് കൊട്ടേഷൻ നൽകുകയായിരുന്നു.
ജാഷിംഷാ നാല് പേരെ ഇതിനായി നിയോഗിച്ചു. അവർ ലുക്മാനുൽ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലിൽ എത്തിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാർ വന്നപ്പോഴേയ്ക്കും കാറിൽ രക്ഷപ്പെടുകയായിരുന്നു.
ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിൽ കേസിലെ 6-ാം പ്രതിയായ മുഹമ്മദ് അഷ്ഫാഖ് വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതി നേപ്പാളിൽ ഉണ്ടെന്ന് മലസ്സിലാക്കുകയും, ചേവായൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർ പ്രതിയെ കണ്ടെത്തുന്നതിനായി നേപ്പാളിലേയ്ക്ക് പോകുകയുമായിരുന്നു.
തുടർന്ന് 12-ാം തിയ്യതി നേപ്പാളിലെ കാഠ്മണ്ഡുവിനടുത്തുവെച്ച് വളരെ സാഹസികമായി പ്രതിയെ അന്വേഷണസംഘം കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇന്നലെ രാത്രിയോടെ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.