ടെലിഗ്രാം ചാറ്റില്‍ ആദ്യം കശ്മീരിന്റെ സ്വാതന്ത്ര്യവും കശ്മീരികളുടെ അടിച്ചമര്‍ത്തലും തകൃതിയായി ചര്‍ച്ച; പതിയെ വിഷയം ആഗോള ജിഹാദിലേക്കും പകരം വീട്ടലിലേക്കും മാറി; തുര്‍ക്കി സന്ദര്‍ശനത്തിനിടെ സാക്ഷാല്‍ ജയ്ഷ്-ഇ-മൊഹമ്മദ് നേതാക്കളുമായി കൂടിക്കാഴ്ച; ചെങ്കോട്ട സ്‌ഫോടനത്തില്‍ പ്രതികളായ ഡോക്ടര്‍മാര്‍ ഭീകരശൃംഖലയുടെ ഭാഗമായത് ഇങ്ങനെ
ചെങ്കോട്ട സ്‌ഫോടനത്തില്‍ പ്രതികളായ ഡോക്ടര്‍മാര്‍ ഭീകരശൃംഖലയുടെ ഭാഗമായത് ഇങ്ങനെ
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം പ്രതികള്‍ ആസൂത്രണം ചെയ്തതിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടി. രണ്ടുടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പ്രതികളായ ഡോക്ടര്‍മാര്‍ തീവ്രവാദത്തിലേക്ക് ആകൃഷ്ടരായത്. ഫര്‍സന്ദാന്‍-ഇ-ദറുള്‍ ഉലൂം (ദിയോബന്ദ്)' എന്ന ഗ്രൂപ്പും പാകിസ്ഥാനിലിരുന്ന് പ്രവര്‍ത്തിക്കുന്ന ജയ്ഷ്-ഇ-മൊഹമ്മദ് പ്രവര്‍ത്തകനായ ഉമര്‍ ബിന്‍ ഖാട്ടാബിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പുമാണ് ഇവരെ ഭീകരവാദത്തിലെ കണ്ണികളാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതെന്നാണ് വിലയിരുത്തല്‍.
ഈ ഗ്രൂപ്പുകളിലൂടെയാണ് ഡോ. ഉമര്‍ നബി, ഷോപ്പിയാന്‍ സ്വദേശിയായ ഇമാം ഇര്‍ഫാന്‍ അഹമ്മദ് വാഗ എന്നിവര്‍ ആദ്യം തമ്മില്‍ ബന്ധപ്പെട്ടത്. കശ്മീരിന്റെ സ്വാതന്ത്ര്യം, കശ്മീരികളുടെ അടിച്ചമര്‍ത്തല്‍ എന്നിവയായിരുന്നു ആദ്യകാല സംസാര വിഷയങ്ങള്‍. എന്നാല്‍, പിന്നീട്, അത് ആഗോള ജിഹാദ്, പകരംവീട്ടല്‍ തുടങ്ങിയ തീവ്രവിഷയങ്ങളിലേക്ക് നീങ്ങി.
തുര്‍ക്കി സന്ദര്‍ശനം നിര്‍ണായകമായി
സംഘാംഗങ്ങളില്‍ ചിലര്‍ വിദേശയാത്രകള്‍ക്കിടെ തീവ്രവാദ സംഘടനാ നേതാക്കളെ കണ്ടിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. പ്രത്യേകിച്ച്, ഇവരുടെ തുര്‍ക്കി യാത്ര നിര്‍ണായകമായി. അവിടെ വച്ചാണ് തീവ്രവാദ മൊഡ്യൂള്‍ രൂപപ്പെട്ടതെന്നാണ് നിഗമനം.
തുര്‍ക്കിയില്‍ നിന്ന് മടങ്ങിയ ശേഷമാണ് സംഘം രാജ്യത്തുടനീളം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചത്. ഡോ. മുസമ്മില്‍ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജിലും ഡോ. അദീല്‍ സഹാറന്‍പൂരിലും നിയമിക്കപ്പെട്ടു. റിക്രൂട്ട്‌മെന്റ്, ലോജിസ്റ്റിക്‌സ് എന്നിവ കൈകാര്യം ചെയ്യാന്‍ മറ്റ് സംസ്ഥാനങ്ങളിലും അംഗങ്ങളെ വിന്യസിച്ചതായാണ് സൂചന. മൊഡ്യൂളിലെ അംഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്ന എല്ലാവരെയും ഏജന്‍സികള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞുവരികയാണ്.
ശൃംഖലയില്‍ നിരവധി ഡോക്ടര്‍മാര്‍
ഡോ. ഉമറും ഡോ. മുസമ്മിലും ഡോ. ഷാഹീനും ഒന്‍പതോ പത്തോ അംഗങ്ങളുള്ള ഭീകര ലോജിസ്റ്റിക്‌സ് ശൃംഖലയുടെ ഭാഗമായിരുന്നു. ഈ ശൃംഖലയില്‍ അഞ്ചോ ആറോ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനും കൂട്ടിച്ചേര്‍ക്കാനും ഓപ്പറേഷനുകള്‍ ഏകോപിപ്പിക്കാനും ഇവര്‍ ഡോക്ടര്‍മാര്‍ എന്ന നിലയിലുള്ള തങ്ങളുടെ തൊഴില്‍പരമായ സ്വാധീനം ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്.
അതേസമയം, ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ കണ്ടെത്താന്‍ സാങ്കേതിക അന്വേഷണവും പുരോഗമിക്കുകയാണ്. സ്‌ഫോടനം നടന്ന തിങ്കളാഴ്ച വൈകുന്നേരം 3.00 മണിക്കും 6.30 മണിക്കും ഇടയില്‍ ഡോ. ഉമര്‍ ആരെയൊക്കെയാണ് ബന്ധപ്പെട്ടതെന്ന് കണ്ടെത്താനായി ചെങ്കോട്ട മേഖലയിലെ മൊബൈല്‍ ടവര്‍ ഡാറ്റ അധികൃതര്‍ വിശകലനം ചെയ്യുകയാണ്.
ഡോ.ഉമര്‍ രണ്ട് കാര്‍ കൂടി വാങ്ങി
ഡല്‍ഹി സ്‌ഫോടത്തിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ.ഉമര്‍ രണ്ട് കാര്‍ കൂടി വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച ഐ 20 കാര്‍ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കാറില്‍ ഏകദേശം 80 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്രങ്ങളടക്കം ഇരുന്നൂറിലേറെ കേന്ദ്രങ്ങളില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തി. ഇതിനോടകം അഞ്ച് ഡോക്ടര്‍മാരടക്കം 15 പേരെ വിവിധയിടങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സംഭവത്തില്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ പത്തംഗ സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ജനുവരിയില്‍ ഡോ. ഉമറും കൂട്ടാളികളും ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നതായും, ഇത് വന്‍ ഭീകരാക്രമണത്തിനുള്ള നിരീക്ഷണമായിരുന്നുവെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയിലും പോലീസ് വീണ്ടും റെയ്ഡ് നടത്തി.
