കോളേജിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി; തന്നെ വിശ്വസിക്കരുതെന്നും, കയ്യിൽ ചില്ലിക്കാശില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടും കൈവിട്ടില്ല; ആർക്കിടെക്റ്റിൽ നിന്ന് 'മിസ്റ്ററി സ്പിന്നറി'ലേക്കുള്ള വരുൺ ചക്രവർത്തിയുടെ വളർച്ചയ്ക്ക് പിന്നിലെ പെൺകരുത്ത്; ആ അത്യപൂർവ്വ പ്രണയകഥ ഇങ്ങനെ

Update: 2026-03-04 09:49 GMT

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ 'മിസ്റ്ററി സ്പിന്നർ' വരുൺ ചക്രവർത്തി ഇന്ന് മൈതാനങ്ങളിൽ മാന്ത്രികത തീർക്കുമ്പോൾ, ആ വിജയങ്ങൾക്ക് പിന്നിൽ നിശബ്ദമായ ഒരു പോരാട്ടത്തിന്റെ കഥയുണ്ട്. ഐപിഎല്ലിലും ട്വന്റി-20 ലോകകപ്പിലുമൊക്കെ താരം തിളങ്ങുമ്പോൾ, വരുണിന്റെ കരുത്തായി കൂടെ നിന്നത് ഭാര്യ നേഹ ഖേദേക്കറാണ്. വെറുമൊരു കായിക താരത്തിന്റെ വളർച്ചയല്ല, മറിച്ച് സിനിമയെ വെല്ലുന്ന ഒരു യഥാർത്ഥ പ്രണയകഥയാണ് ഇവരുടേത്.

കർണാടകയിലെ ബിദാറിൽ ജനിച്ച വരുൺ ചക്രവർത്തി, തന്റെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് ആർക്കിടെക്ചർ പഠനത്തിനായി ചെന്നൈയിലെത്തുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെയും സെന്റ് പാട്രിക്സിലെയും പഠനകാലം കഴിഞ്ഞ് കോളജ് കാമ്പസിലെത്തിയ വരുണിന്റെ ജീവിതം മാറിമറിയുന്നത് അവിടെ വെച്ചാണ്. ഡിസൈനുകൾക്കും വരകൾക്കും ഇടയിൽ വെച്ചാണ് വരുൺ നേഹ ഖേദേക്കറെ കണ്ടുമുട്ടുന്നത്. ആദ്യമൊക്കെ സാധാരണ സുഹൃത്തുക്കളെപ്പോലെ തുടങ്ങിയ സംസാരങ്ങൾ പിന്നീട് ആഴത്തിലുള്ള സൗഹൃദത്തിലേക്കും ഒടുവിൽ തീവ്രമായ പ്രണയത്തിലേക്കും വഴിമാറി. കോളജ് ജീവിതത്തിലെ ഉയർച്ചതാഴ്ചകളിലും പരീക്ഷാക്കാലത്തെ സമ്മർദ്ദങ്ങളിലും അവർ പരസ്പരം തണലായി നിന്നു.

ഒരു കാമുകി എന്നതിലുപരി വരുണിന്റെ ഏറ്റവും അടുത്ത വിശ്വസ്തയായിരുന്നു നേഹ. പഠനത്തിനായി തന്റെ ക്രിക്കറ്റ് മോഹങ്ങൾ താൽക്കാലികമായി മാറ്റിവെച്ചപ്പോഴും, വരുണിന്റെ ഉള്ളിലെ കായികതാരത്തെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നത് നേഹയായിരുന്നു. ഗ്ലാമറും ആഡംബരവും നിറഞ്ഞ ക്രിക്കറ്റ് ലോകത്ത്, കാമ്പസ് കാലത്തെ ഈ ലളിതമായ പ്രണയം ഇന്നും ഒട്ടും മങ്ങലേൽക്കാതെ തിളങ്ങിനിൽക്കുന്നു. പഠനത്തിന് ശേഷം മികച്ച ശമ്പളമുള്ള ആർക്കിടെക്ട് ജോലിയിൽ പ്രവേശിച്ചെങ്കിലും വരുണിന്റെ മനസ്സ് മുഴുവൻ ക്രിക്കറ്റ് മൈതാനങ്ങളിലായിരുന്നു.

ഉള്ളിലെ ആഗ്രഹം പുറത്തുപറയാതെ രഹസ്യമാക്കി വെച്ചപ്പോഴും നേഹ അത് തിരിച്ചറിഞ്ഞു. ഒടുവിൽ, സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ഇന്ത്യൻ ടീമിൽ കളിക്കുക എന്ന വലിയ സ്വപ്നത്തിന് പിന്നാലെ പോകാൻ തീരുമാനിച്ചപ്പോൾ വരുണിന് താങ്ങായി നിന്നത് നേഹയുടെ ഉറച്ച പിന്തുണയായിരുന്നു. തന്റെ ഭാവിയെക്കുറിച്ച് അന്ന് വലിയ ആശങ്കകൾ വരുണിനുണ്ടായിരുന്നു. ആ തീരുമാനമെടുക്കുന്ന സമയത്ത് വരുൺ നേഹയ്ക്ക് നൽകിയ മുന്നറിയിപ്പ് താരം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

"നീ എന്നെ വിശ്വസിക്കരുത്, എനിക്ക് ഇപ്പോൾ കയ്യിൽ ജോലിയൊന്നുമില്ല. കഠിനാധ്വാനം മാത്രമേ മുന്നിലുള്ളൂ." ജോലിയില്ലാത്ത ഒരാളോടൊപ്പം ജീവിതം പങ്കുവെക്കുന്നതിലെ റിസ്ക് ബോധ്യപ്പെടുത്തിയിട്ടും നേഹയുടെ മറുപടിയാണ് വരുണിന് ആത്മവിശ്വാസം നൽകിയത്. "എന്നെ വിശ്വസിക്കരുതെന്നും എന്റെ കൂടെ വരരുതെന്നും ഞാൻ ഭാര്യയോട് പറഞ്ഞിരുന്നു, കാരണം അന്ന് എനിക്ക് ഒരു വരുമാനവുമില്ലായിരുന്നു. പക്ഷേ അവൾ എന്നെ വിശ്വസിച്ചു," വരുൺ പറയുന്നു.

"അവൾ എനിക്ക് വലിയ ആത്മവിശ്വാസം നൽകി. 'നീ പോയി ക്രിക്കറ്റ് കളിക്കൂ, അതിൽ നിന്ന് ഒരു അഞ്ചോ ആറോ ആയിരം രൂപ കിട്ടിയാൽ പോലും മതി. എനിക്ക് ജോലിയുണ്ട്, ഞാൻ സമ്പാദിക്കുന്നുണ്ട്... നമുക്ക് കാര്യങ്ങൾ മാനേജ് ചെയ്യാം' എന്നായിരുന്നു നേഹയുടെ മറുപടി. എനിക്ക് ഒന്നുമില്ലാതിരുന്ന കാലത്ത് അവൾ എന്നെ വിശ്വസിച്ചു." നേഹയുടെ ആ ഉറച്ച വിശ്വാസമാണ് വരുണിന്റെ കരിയറിലെ വഴിത്തിരിവായത്. 2018-ലെ ടി.എൻ.പി.എൽ പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വരുൺ, പിന്നീട് കിങ്‌സ് ഇലവൻ പഞ്ചാബിലേക്കും 2020-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കും എത്തിയത് നേഹ നൽകിയ ആ വലിയ പിന്തുണയുടെ കരുത്തിലാണ്.

2020-ൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരിയും ലോക്ഡൗണും വരുണിന്റെയും നേഹയുടെയും പദ്ധതികൾ തകിടം മറിച്ചു. എന്നാൽ ആ പ്രതിസന്ധിഘട്ടത്തിലും പരസ്പരം താങ്ങായി നിന്ന ഇരുവരും ഒടുവിൽ 2020 ഡിസംബർ 12-ന് ലളിതമായ ചടങ്ങുകളോടെ വിവാഹിതരായി. 2022 നവംബർ 10-ന് ഇവരുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തി. 'ആത്മൻ' എന്ന് പേരിട്ട ആൺകുഞ്ഞ് പിറന്നതോടെ വരുണിന്റെയും നേഹയുടെയും ജീവിതം കൂടുതൽ സന്തോഷഭരിതമായി.

2023 ഐപിഎൽ സീസണിലെ ഒരു മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങവെ വരുൺ ഹർഷ ഭോഗ്ലെയോട് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. "ഈ പുരസ്കാരം ഞാൻ എന്റെ മകന് സമർപ്പിക്കുന്നു. അവനെ ഞാൻ ഇതുവരെ ശരിയായി ഒന്ന് കണ്ടിട്ടുപോലുമില്ല. ഈ നേട്ടം അവനും എന്റെ ഭാര്യയ്ക്കുമായി നൽകുന്നു."

മത്സരത്തിരക്കുകൾ കാരണം വീട്ടുവിശേഷങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വരുമ്പോഴും നേഹ നടത്തുന്ന ത്യാഗങ്ങളെ വരുൺ എപ്പോഴും ആദരവോടെയാണ് കാണുന്നത്. താൻ മൈതാനത്ത് കളിക്കുമ്പോഴും തണലായി നേഹയുണ്ടെന്ന വിശ്വാസമാണ് വരുണിന്റെ കരുത്ത്. പരസ്പരമുള്ള വിശ്വാസവും പിന്തുണയും ഒരാളെ എങ്ങനെയൊക്കെ വളർത്തും എന്നതിന് ഉത്തമ ഉദാഹരണമാണ് വരുൺ ചക്രവർത്തിയുടെയും നേഹ ഖേദേക്കറുടെയും ജീവിതം.

ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ജീവിതപങ്കാളി എന്നതിലുപരി, സ്വന്തമായ നിലപാടുകളുള്ള വ്യക്തിത്വമാണ് നേഹ ഖേദേക്കർ. പ്രശസ്തനായ ഒരു കായികതാരത്തിന്റെ ഭാര്യയാണെങ്കിലും, മാധ്യമശ്രദ്ധയിൽ നിന്നും സോഷ്യൽ മീഡിയാ ആഘോഷങ്ങളിൽ നിന്നും ബോധപൂർവ്വം മാറിനിൽക്കാനാണ് നേഹ എന്നും ഇഷ്ടപ്പെടുന്നത്. വരുണിന്റെ പ്രശസ്തി കൊടുമുടിയിൽ നിൽക്കുമ്പോഴും, തന്റെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താനോ ക്യാമറകൾക്ക് മുന്നിൽ വരാനോ നേഹ താല്പര്യം കാണിക്കാറില്ല. നിശബ്ദമായി വരുണിന് കരുത്തുപകർന്ന്, അനാവശ്യമായ പബ്ലിസിറ്റികളില്ലാതെ സാധാരണക്കാരിയായി ജീവിക്കാനാണ് ഈ 'സ്റ്റാർ വൈഫ്' ആഗ്രഹിക്കുന്നത്.

മുംബൈയിൽ ജനിച്ചു വളർന്ന നേഹ യാത്രകളും ഫോട്ടോഗ്രഫിയുമാണ് ഇഷ്ടപ്പെടുന്നത്. നേഹയ്ക്ക് ക്രിക്കറ്റും വലിയ ഹരമാണ്. അതുകൊണ്ടുതന്നെ ഭർത്താവായ വരുണിന്റെ കരിയറിനെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ നേഹയ്ക്ക് കഴിഞ്ഞു. വരുണിന്റെ ക്രിക്കറ്റ് ജീവിതം എന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴും, ആരും കാണാതെ പിന്നണിയിൽ നിന്ന് കരുത്തുപകരുന്ന നിശബ്ദ സാന്നിധ്യമാണ് നേഹ.

Tags:    

Similar News