അമേരിക്കയെ ഞെട്ടിച്ച് ചൈനീസ് സഹോദരങ്ങളുടെ 'ബോംബ് പദ്ധതി'; വ്യോമസേനാ താവളം തകർക്കാൻ ഗൂഢാലോചന; മുഖ്യപ്രതി ചൈനയിലേക്ക് കടന്നു, സഹോദരി പിടിയിൽ; പിന്നിൽ 'ന്യൂ വെതർമെൻ അണ്ടർഗ്രൗണ്ട്'; യുഎസിൽ ഭീകരാക്രമണ ഭീതി
വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വ്യോമസേനാ താവളത്തിന് നേരെ ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ചൈനീസ് സഹോദരങ്ങൾക്കെതിരെ കേസെടുത്തു. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സെൻട്രൽ കമാൻഡും സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡും പ്രവർത്തിക്കുന്ന ഫ്ലോറിഡയിലെ മക്ഡിൽ വ്യോമസേനാ താവളത്തെ ലക്ഷ്യമിട്ടായിരുന്നു നീക്കം.
ലാൻഡ് ഒ ലേക്സ് സ്വദേശികളായ അലൻ ഷെങ് (20), സഹോദരി ആൻ മേരി ഷെങ് (27) എന്നിവർക്കെതിരെയാണ് ഫെഡറൽ കോടതി കുറ്റപത്രം സമർപ്പിച്ചത്. ആൻ മേരി നിലവിൽ കസ്റ്റഡിയിലാണ്; എന്നാൽ ഒന്നാം പ്രതിയായ അലൻ ഷെങ് ചൈനയിലേക്ക് കടന്നതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥിരീകരിച്ചു. തിങ്കളാഴ്ച 'തമ്പ ബേ ടൈംസി'ന് ലഭിച്ച വീഡിയോയിലൂടെയാണ് ഗൂഢാലോചനയുടെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
മുഖം മറച്ച് വികൃതമാക്കിയ ശബ്ദത്തിൽ സംസാരിക്കുന്ന വ്യക്തി, മാർച്ച് 10-ന് താവളത്തിന് സമീപം ബോംബ് സ്ഥാപിച്ചിരുന്നതായും എന്നാൽ അത് പൊട്ടിത്തെറിച്ചില്ലെന്നും വെളിപ്പെടുത്തി. 'പരാജയം ഞങ്ങൾ പരിഹരിച്ചിട്ടുണ്ട്, വരുംദിവസങ്ങളിൽ പരിഷ്കരിച്ച രൂപകൽപ്പനയിലുള്ള ബോംബ് ഉപയോഗിക്കും' എന്നായിരുന്നു വീഡിയോയിലെ മുന്നറിയിപ്പ്. 'ന്യൂ വെതർമെൻ അണ്ടർഗ്രൗണ്ട്' എന്ന അന്താരാഷ്ട്ര സംഘടനയുടെ പ്രതിനിധിയാണെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ലൈംഗിക അതിക്രമങ്ങൾക്കും ഇറാൻ യുദ്ധത്തിനുമെതിരെയുള്ള പ്രതിഷേധമായാണ് ഇയാൾ സ്ഫോടനത്തെ വിശേഷിപ്പിച്ചത്.
മാർച്ച് 16-നാണ് വിസിറ്റർ സെന്ററിന് പുറത്ത് സ്ഫോടകവസ്തു കണ്ടെത്തിയത്. സർക്കാർ സ്വത്ത് നശിപ്പിക്കാൻ ശ്രമിക്കൽ, അനധികൃതമായി സ്ഫോടകവസ്തു നിർമ്മിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അലനെതിരെ ചുമത്തിയിരിക്കുന്നത്. സഹോദരനെ രക്ഷപ്പെടാൻ സഹായിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ആൻ മേരിക്കെതിരെ കേസെടുത്തത്. സ്ഫോടനഗൂഢാലോചനയിൽ ഉപയോഗിച്ചതെന്ന് കരുതുന്ന 2010 മോഡൽ മെഴ്‌സിഡസ് ബെൻസ് കാർ ഒളിപ്പിക്കാനും നശിപ്പിക്കാനും ഇവർ ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
ഇറാൻ യുദ്ധം ആരംഭിച്ച ശേഷം മക്ഡിൽ വ്യോമസേനാ താവളത്തിന് നേരെ തുടർച്ചയായ ഭീഷണികൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം താവളത്തിലേക്ക് ഭീഷണി സന്ദേശമയച്ച മറ്റൊരാളെയും പിടികൂടിയിരുന്നു. എന്നാൽ ഇയാൾക്ക് ഷെങ് സഹോദരങ്ങളുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസിൽ അക്രമസംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഇതിന് തൊട്ടുപിന്നാലെ ഓസ്റ്റിനിലെ ബാറിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ സെനഗൽ വംശജനായ അമേരിക്കൻ പൗരൻ എൻഡിയാഗ ഡിയാഗ്നെ (53) പോലീസിന്റെ വെടിയേറ്റ് മരിച്ചു. ഇയാളുടെ കാറിൽ നിന്ന് ഖുറാൻ കണ്ടെടുത്തിരുന്നു. രാജ്യത്തെ സൈനിക-സർക്കാർ കേന്ദ്രങ്ങളിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് എഫ്ബിഐയും ആഭ്യന്തര സുരക്ഷാ വകുപ്പും നിർദ്ദേശിച്ചു.
