സിനിമാ മേഖലയിലെ 'ഡ്രഗ് ലേഡി'യെങ്കിലും റിന്‍സി വിശ്വസ്തയാണ്! 'സിനിമാക്കാരുമായുള്ള ഫോണ്‍വിളിക്ക് അങ്ങനെയൊരു അര്‍ത്ഥമില്ല'; ലഹരി വാങ്ങുന്ന സിനിമാ താരങ്ങളുടെ പേര് വെളിപ്പെടുത്താതെ റിന്‍സി മുംതാസ്; അന്വേഷണവുമായി സഹകരിക്കാത്ത പ്രതികളെ വീണ്ടും കസ്റ്റഡില്‍ വാങ്ങാന്‍ അന്വേഷണ സംഘം
സിനിമാ മേഖലയിലെ 'ഡ്രഗ് ലേഡി'യെങ്കിലും റിന്‍സി വിശ്വസ്തയാണ്!
കൊച്ചി: സിനിമാ രംഗത്തെ 'ഡ്രഗ് ലേഡി'യെന്നാണ് റിന്‍സി മുംതാസ് അറിയപ്പെടുന്നത്. എങ്കിലും ലഹരി വില്‍പ്പനയെന്ന തന്റെ ജോലിയോട് വലിയ ആത്മാര്‍ത്ഥതയാണ് റിന്‍സിക്ക്. തന്റെ സിനിമാ രംഗത്തെ ക്ലൈന്‍സിനെ ഒറ്റുകൊടുക്കാന്‍ അവര്‍ തയ്യാറല്ല. ഡാന്‍സാഫിന്റെ പിടിയിലായ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ കൂടുതല്‍ പേരുമായി അടുപ്പം സൂക്ഷിച്ചിരുന്നയാളെന്ന് വിവരം. സിനിമാ താരങ്ങളും അണിയറപ്രവര്‍ത്തകരുമായുള്ള നിരന്തരം ഫോണ്‍ സംഭാഷങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. എന്നാല്‍, ഇതൊന്നും ലഹരി വില്‍പ്പനയുടെ പേരിലല്ലെന്നാണ് അവരുടെ വാദം.
സിനിമാ മേഖലയിലെ പല പ്രമുഖരുമായി റിന്‍സി വളരെ അടുപ്പം പുലര്‍ത്തിയിരുന്നതായാണ് സൂചന. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ലഹരി വിതരണത്തിന്റെ സിനിമാബന്ധങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ യൂട്യൂബര്‍ റിന്‍സി മുംതാസ്. 20.55 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ കോഴിക്കോട് ഫെറോക്ക് റിന്‍സിയെയും കൂട്ടാളി കല്ലായി സ്വദേശി യാസര്‍ അറാഫത്തിനെയും തൃക്കാക്കര പൊലീസ് മൂന്ന് ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
അന്വേഷണവുമായി ഇരുവരും സഹകരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ഒരു തവണ കൂടി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രമോഷണല്‍ യൂ ട്യൂബര്‍, സിനിമ പി.ആര്‍.ഒ, ഡിജിറ്റല്‍ ക്രിയേറ്റര്‍ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിന്‍സിയ്ക്ക് സിനിമാ മേഖലയിലെ ചില പ്രമുഖരുമായി ലഹരി ഇടപാടുകളുള്ളതായി ഡാന്‍സഫിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ റിന്‍സി ഇത് നിഷേധിച്ചു.
ചില സിനിമാ പ്രവര്‍ത്തകരുമായി നടത്തിയ ഫോണ്‍ വിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇതിന് ലഹരിയുമായി ബന്ധമില്ലെന്നും സിനിമാപ്രമോഷനുമായി ബന്ധപ്പെട്ടെന്നുമായിരുന്നു മറുപടി.കാക്കനാട് പാലച്ചുവടിലെ വാടക ഫ്ലാറ്റില്‍ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എ യുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന നിലപാടിലാണ് റിന്‍സിയും യാസര്‍ അറാഫത്തും. ഫ്ലാറ്റില്‍ നിരവധി സന്ദര്‍ശകര്‍ വരാറുണ്ടെന്നും അവര്‍ വച്ചതാകാമെന്നും ഇവര്‍ പറയുന്നു.
ഈ മൊഴികള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. യാസര്‍ അറാഫത്തിന് ലഹരിയിടപാടുണ്ടെന്നതിന് ഡാന്‍സഫിനും അന്വേഷണ സംഘത്തിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പാലച്ചുവട്ടിലെ ഫ്ലാറ്റില്‍ എത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു. റിന്‍സിയുടെ വാട്‌സാപ്പ് ചാറ്റുകള്‍ വീണ്ടെടുത്ത ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം.
നേരത്തെ പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്‌ലാറ്റില്‍ ഡാന്‍സാഫ് പരിശോധനക്കെത്തിയപ്പോള്‍ ലക്ഷ്യം റിന്‍സി ആയിരുന്നില്ല. റിന്‍സിയുടെ ആണ്‍സുഹൃത്ത് യാസര്‍ അറഫാത്തിനെയായിരുന്നു ഡാന്‍സാഫ് ലക്ഷ്യമിട്ടത്. എന്നാല്‍, യാസര്‍ അറഫാത്തിനുവേണ്ടി വിരിച്ച വലയില്‍ റിന്‍സിയും പെടുകയായിരുന്നു. യാസറിനൊപ്പം ഫ്‌ലാറ്റില്‍ റിന്‍സിയും ഉണ്ടായിരുന്നു. തുടര്‍ന്ന് സംഘം റിന്‍സിയേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. റിന്‍സിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
സിനിമാ മേഖലയില്‍ ഇവര്‍ ഡ്രഗ് ലേഡി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതിനെക്കുറിച്ചും പോലീസ് വിശദമായി പരിശോധിച്ചുവരുന്നുണ്ട്. എവിടെനിന്ന് ലഹരി വരുന്നു, ആര്‍ക്കൊക്കെ ഇവ നല്‍കുന്നു, എങ്ങനെയൊക്കെയാണ് പണമിടപാട് തുടങ്ങിയ കാര്യങ്ങളിലടക്കം പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ അന്വേഷണവുമായി റിന്‍സി സഹകരിക്കാത്തതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രശ്‌നം.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിന്‍സി മുംതാസ്. സിനിമാ മേഖലയില്‍ സുപരിചിതയുമാണ്. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടേയും പ്രമോഷനും മറ്റു പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നതും റിന്‍സി ആയിരുന്നു. ഇതിന്റെ മറവിലാണ് ആവശ്യക്കാര്‍ക്ക് ലഹരിമരുന്നുകള്‍ എത്തിച്ചുകൊടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.