സാമ്പത്തിക വര്‍ഷാവസാനം കഴിഞ്ഞു: പത്തനംതിട്ട പോലീസ് പറഞ്ഞതു പോലെ ചെയ്തു: വയോധികയുടെ സ്വര്‍ണം തിരിമറി നടത്തിയ സഹോദരിക്കും മകള്‍ക്കുമെതിരെ ഒടുവില്‍ കേസ് എടുത്തു
പത്തനംതിട്ട: സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച വയോധികയുടെ സ്വര്‍ണം തിരികെ കൊടുക്കാത്ത സംഭവത്തില്‍ സഹോദരിക്കും മകള്‍ക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണല്‍ യുപി സ്‌കൂളിന് സമീപം എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസി (73)യുടെ മൊഴി പ്രകാരം എസ് ഐ ബി കൃഷ്ണകുമാറാണ് കേസെടുത്തത്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ സാറാമ്മ മത്തായി മകള്‍ സിബി മത്തായി എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതു സംബന്ധിച്ച് റോസമ്മ നല്‍കിയ പരാതി ഒന്നര മാസമാണ് പോലീസ് നടപടിയില്ലാതെ വച്ചിരുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന വിചിത്രമാണ് വാദമാണ് പത്തനംതിട്ട പോലീസ് ഉയര്‍ത്തിയത്. ഈ വിവരം പുറത്തു വിട്ടത് മറുനാടനാണ്. മറ്റു മാധ്യമങ്ങള്‍ കൂടി ഏറ്റു പിടിച്ചതോടെ പോലീസിന് വേറെ വഴിയില്ലാതായി. അങ്ങനെയാണ് ഇന്നലെ വയോധികയുടെ വീട്ടില്‍ നേരിട്ട് ചെന്ന പോലീസ് മൊഴി എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
റോസമ്മ ദുബായില്‍ ജോലി ചെയ്യുന്ന ഏകമകളുടെ അടുത്തേക്ക് പോയപ്പോള്‍ വീട്ടിലിരുന്ന 80 പവന്റെ സ്വര്‍ണാഭരണങ്ങള്‍, തിരികെ വരുമ്പോള്‍ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു സഹോദരി സാറാമ്മ മത്തായിയെഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 21നായിരുന്നു സംഭവം. റോസമ്മയുടെ മകളുടെയും മരുമകന്റെയും കൊച്ചുമകന്റെയുമാണ് സ്വര്‍ണാഭരണങ്ങള്‍. തുടര്‍ന്ന് നാട്ടിലെത്തിയ ശേഷം ഇവര്‍ ഈവര്‍ഷം ജനുവരി 20 ന് തിരികെ ചോദിച്ചപ്പോള്‍ മകള്‍ സിബി കൊണ്ടുപോയി എന്നു സാറാമ്മ അറിയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും സ്വര്‍ണ്ണം തിരിക ലഭിക്കാതെ വന്നപ്പോള്‍ റോസമ്മ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കി.
പോലീസ് ഇരുകൂട്ടരെയും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍, സിബി എട്ടു പവന്‍ സ്വര്‍ണം തിരിച്ചുകൊടുത്തു. ബാക്കിയുള്ള 72 പവന്‍ വിവിധ സ്വര്‍ണാഭരണങ്ങള്‍ റോസമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും, കുമ്പഴയിലെ ഒരു ഷെഡ്യൂള്‍ഡ് ബാങ്കിലും പണയം വച്ചതായി വെളിവായിട്ടുണ്ട്. സിബിയുടെയും മകന്റെയും പേരിലാണ് പണയം വച്ചിരിക്കുന്നത്.
ഇവ തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാട്ടി എന്നതിനാണ് കേസെടുത്തത്. റോസമ്മയുടെ ഭര്‍ത്താവ് 27 വര്‍ഷം മുമ്പ് മരണപ്പെട്ടു. മകള്‍ കുടുംബമായി വിദേശത്താണുള്ളത്. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ വി അരുണ്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.