ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍; തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; പത്മകുമാര്‍ സൂചിപ്പിച്ച ആ ദൈവതുല്യന്‍ കണ്ഠരര് തന്നെയോ? അറസ്റ്റിലേക്ക് നീങ്ങുമോ എന്ന ആകാംക്ഷയില്‍ കേരളം; 15 വര്‍ഷത്തോളമായി ജലഹള്ളി ശാസ്താക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവര്
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘമാണ് തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. തന്ത്രിയെ പോലീസ് അറസ്റ്റു ചെയ്യുമോ എന്നതാണ് കേരളം ആകാംക്ഷയോടെ നോക്കുന്ന കാര്യം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി വളരെ അടുത്ത ബന്ധമാണ് കണ്ഠരര് രാജീവര്‍ക്ക് ഉള്ളത്.
പോറ്റിക്ക് വാതില്‍ തുറന്ന് കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടുമെന്നുമാണ് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കുന്നത്. പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തന്ത്ര പരമായ നീക്കമാണ് അന്വേഷണ സംഘം നടത്തിയത്.
പത്മകുമാറിന്റെ ജാമൃ ഹര്‍ജിയില്‍ തന്ത്രിയുടെ പങ്ക് കൃത്യമായി മറച്ചുവെക്കാന്‍ എസ്‌ഐടി ശ്രദ്ധിച്ചു. മുന്‍കൂര്‍ ജാമ്യം തടയാനുളള നീക്കമായിരുന്നു ഇത്. തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശാസ്പദമാണെന്നാണ് റിപ്പോര്‍ട്ട്. അനുമതി എല്ലാത്തിലും നിര്‍ബന്ധമാണ്. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി കൊടുത്തില്ലെന്നായിരുന്നു തന്ത്രി രാജിവരുടെ വാദം. എന്നാല്‍ ചില സ്‌പോണ്‍സര്‍ഷിപ്പുകളില്‍ നല്‍കിയ അനുമതി സംശയകരമാണ്.
പത്മകുമാര്‍ നല്‍കിയ മൊഴികള്‍ തന്ത്രിക്ക് എതിരാണ് എന്നാണ് സൂചന. ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ ഒളിയമ്പുമായി എ. പദ്മകുമാര്‍ നേരത്തെ രംഗത്തുവനിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് എത്തുന്നത് ജലഹള്ളി ശാസ്താ ക്ഷേത്രത്തില്‍ നിന്നാണെന്നും അവിടെ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണമെന്നുമായിരുന്നു എ. പദ്മകുമാര്‍ പറഞ്ഞത്. എല്ലാ കാര്യങ്ങളും പുറത്തു വരട്ടെയെന്നുമാണ് പദ്മകുമാര്‍ പറഞ്ഞത്.
ശബരിമലയില്‍ തന്ത്രിയായി എത്തുന്നതിന് മുമ്പ് വരെ 15 വര്‍ഷത്തോളമായി ജലഹള്ളി ശാസ്താക്ഷേത്രത്തിലെ തന്ത്രി കണ്ഠരര് രാജീവരാണ്. പോറ്റിയെ എത്തിച്ചത് കണ്ഠരര് രാജീവരാണെന്നും പദ്മകുമാര്‍ സൂചിപ്പിച്ചിരുന്നു. 2007 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയില്‍ എത്തുന്നത്. അതിന് മുമ്പ് ജലഹള്ളി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. അവിടെ നിന്നാണ് ശബരിമലയിലേക്ക് വരുന്നത്. അന്ന് ജലഹള്ളിയില്‍ അവിടെ ആരായിരുന്നു തന്ത്രി എന്നത് അന്വേഷിക്കണം. എല്ലാ കാര്യങ്ങളും പുറത്തുവരട്ടെ എന്നുമായിരുന്നു എ പദ്മകുമാര്‍ അന്ന് പറഞ്ഞത്.
ശബരിമലയില്‍ ഉണ്ടായ മുഴുവന്‍ കാര്യങ്ങളുടെയും ഉത്തരവാദിത്തം 2019ലെ ഭരണസമിതിയ്ക്ക് ആണോ? ഈ അവതാരങ്ങളെയെല്ലാം ശബരിമലയില്‍ എത്തിച്ചത് ഭരണസമിതിയാണോ? ഇന്നല്ലെങ്കില്‍ നാളെ സത്യം തെളിയും. അപ്പോള്‍ മറുപടി പറയേണ്ടവര്‍ മറുപടി പറയേണ്ടി വരിക തന്നെ ചെയ്യുമെന്നും പദ്മകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നുമല്ലാതെ മറ്റു പശ്ചാത്തലങ്ങള്‍ ഒന്നും അറിയില്ലെന്നായിരുന്നു നേരത്തെ കണ്ഠരര് രാജീവര് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തന്ത്രിയെ ചോദ്യം ചെയ്യുന്നതും.
സ്വര്‍ണം പൊതിഞ്ഞ കവചങ്ങളായിരുന്നു ദ്വാരപാലക ശില്‍പത്തിലുണ്ടായിരുന്നതെന്ന് കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. 2019ല്‍ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ലെന്നാണ് തന്ത്രി വാദിച്ചത്. നവീകരണത്തിന് തന്റെ അനുമതി തേടി കത്തുതന്നിരുന്നു. കേടുപാടുകള്‍ പറ്റിയാല്‍ അറ്റകുറ്റപ്പണികള്‍ നടത്താം. അതിനാല്‍ അനുവാദം കൊടുത്തു. പക്ഷേ, പുറത്തുകൊണ്ടുപോവുന്ന കാര്യത്തെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. അവിടെവെച്ച് നവീകരിക്കുമെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തേ പരിചയമുണ്ട്. ഇങ്ങനെയുള്ള ആളാണെന്നൊന്നും അറിയുമായിരുന്നില്ല. ശബരിമലയില്‍ ശാന്തിയുടെ കൂടെ അഞ്ചെട്ടുവര്‍ഷം നിന്നിട്ടുള്ള ആളാണ്. ആ പരിചയമുണ്ട്. എല്ലാ മാസവും അവിടെ വരാറും തൊഴാറുമുണ്ട്. അങ്ങനെ വന്നപ്പോള്‍ കല്യാണത്തിന്റെ കാര്യമൊക്കെ ചോദിച്ചപ്പോള്‍ അദ്ദേഹത്തെയും ക്ഷണിച്ചിട്ടുണ്ട്. അതല്ലാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കുറിച്ചുള്ള മറ്റു പശ്ചാത്തലങ്ങളൊന്നും അറിയില്ല.
സ്വര്‍ണപ്പാളി വിവാദം ഭക്തര്‍ക്കിടയില്‍ വളരെ വിഷമമുണ്ടാക്കിയിട്ടുണ്ട്. വേദനാജനകമാണത്. വിശ്വാസികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. കൊണ്ടുപോയ പാളികള്‍ തന്നെയാണോ കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് അറിയില്ല. പൂജാകാര്യങ്ങളുമായാണ് തനിക്ക് ബന്ധമുള്ളത്. വിജയ് മല്യ ശബരിമലയില്‍ സമര്‍പ്പിച്ചത് സ്വര്‍ണം തന്നെയാണെന്നും തന്ത്രി പറഞ്ഞു.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ ഉള്ള മുഴുവന്‍ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.
