ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ അട്ടിമറിയോ? പ്രോസിക്യൂഷന്‍ അനുമതി തേടാതെ എസ്.ഐ.ടി; കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാന്‍ സാധ്യതയേറി; റിമാന്‍ഡ് കാലാവധി കഴിഞ്ഞതോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയും പുറത്തിറങ്ങാന്‍ സാധ്യത; പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും
ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ അട്ടിമറിയോ?
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് കെട്ടടങ്ങുന്നു. കേസില്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. അന്വേഷണം ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന പ്രതിസന്ധി അടക്കം നിലനില്‍ക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായുള്ള പ്രോസിക്യൂഷന്‍ അനുമതി പോലും തേടാതെ പ്രത്യേക അന്വേഷണ സംഘം. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.
കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും. റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും രണ്ട് കേസുകളിലും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഹര്‍ജികള്‍ നാളെ കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരും ജാമ്യപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ്.ശ്രീകുമാറും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12ല്‍ ഒമ്പത് പ്രതികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നാണ് വ്യവസ്ഥ. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. എന്നാല്‍ അതിനുള്ള നടപടികള്‍ പ്രത്യേക അന്വേഷണ സംഘം വൈകിപ്പിക്കുന്നതോടെ കൂടുതല്‍ പ്രതികള്‍ കോടതിയെ സമീപിച്ച് പുറത്തിറങ്ങാനുള്ള നീക്കത്തിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെ നാല് പ്രതികള്‍ സ്വാഭാവിക ജാമ്യംകിട്ടി പുറത്തിറങ്ങാനുമുള്ള സാധ്യതയാണ് നിലവിലുള്ളത്.
സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ആരംഭിച്ചിട്ട് 115 ദിവസത്തോളമായി. ഇപ്പോഴും എത്ര സ്വര്‍ണം മോഷണംപോയെന്നും തൊണ്ടിമുതല്‍ എവിടെയെന്നും ഒരുപിടിയും കിട്ടാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. അതിനാലാണ് കുറ്റപത്രം വൈകുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അതിന് മുന്നോടിയായുള്ള നടപടികള്‍ വൈകുകയാണ്. അറസ്റ്റിലായ 12ല്‍ ഒമ്പത് പേരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവര്‍ ആയതിനാല്‍ കുറ്റപത്രം നല്‍കാന്‍ സര്‍ക്കാറിന്റെ പ്രോസിക്യൂഷന്‍ അനുമതി വേണം. എന്നാല്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിച്ചാലും അത് പരിഗണിച്ച് സര്‍ക്കാര്‍ അംഗീകാരം കിട്ടാന്‍ സമയമെടുക്കും. അതിനാല്‍ കുറ്റപത്രം വൈകാനാണ് സാധ്യത.
സ്വാഭാവിക ജാമ്യം കിട്ടി ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ മുരാരി ബാബു കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി മറ്റൊരു പ്രതി എസ്. ശ്രീകുമാറിനും ജാമ്യം ലഭിച്ചു. ഇതോടെ കൂടുതല്‍ പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ടാം കേസില്‍ അറസ്റ്റിലായിട്ട് തിങ്കളാഴ്ച 90 ദിവസമാകും. അതോടെ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമീഷണറുമായിരുന്ന എന്‍.വാസുവിനും ഫെബ്രൂവരി 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കും.
മറ്റ് പ്രതികളായ മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, തിരുവാഭരണം കമീഷണര്‍ കെ.എസ്.ബൈജു എന്നിവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള കാലാവധി അടുത്തയാഴ്ച തികയും. അതിനിടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങിയതോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍ക്ക് കേസില്‍ ഹാജരാകാന്‍ നിയമതടസവുമുണ്ട്. ഇതും കേസുമായി മുന്നോട്ട് പോകുന്നതില്‍ എസ്.ഐ.ടിക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്ന് വ്യക്തം.
