ശബരിമല ശ്രീകോവിലിലെ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ പറഞ്ഞത് എന്‍ വാസു; മഹസറില്‍ എഴുതി മുരാരി ബാബു; വേര്‍തിരിച്ച സ്വര്‍ണത്തില്‍ കുറച്ചെടുത്ത് പാളികള്‍ പൂശി; ബാക്കിയുള്ള സ്വര്‍ണം കട്ടയാക്കി പോറ്റിക്ക് നല്‍കി മുരാരി; വിശ്വാസവഞ്ചന നടത്തി സ്വര്‍ണം തട്ടിയ കേസിലെ പ്രതികളെല്ലാം പരസ്പ്പരം സഹായിച്ചു; പുറത്തുവരുന്നത് ശബരിമലയിലെ സംഘടിത കൊള്ള

ശബരിമല ശ്രീകോവിലിലെ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ പറഞ്ഞത് എന്‍ വാസു

Update: 2025-11-04 04:22 GMT

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ നടന്നത് സംഘടിതമായ നീക്കമാണെന്ന് വ്യക്തമാകുന്ന വിധത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ അറിഞ്ഞുകൊണ്ടാണ് സ്വര്‍ണ്ണക്കൊള്ള നടന്നത് എന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്. ശ്രീകോവിലിന്റെ കട്ടിളയിലെ സ്വര്‍ണംപൊതിഞ്ഞ പാളികള്‍, ചെമ്പാണെന്ന് എഴുതാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് അന്നത്തെ ദേവസ്വം കമ്മിഷണറും ഈ കേസിലെ മൂന്നാംപ്രതിയുമായ എന്‍. വാസുവായിരുന്നു എന്നതാണ് അന്വേഷണ പുരോഗതിയിലെ നിര്‍ണായകായ കാര്യം.

ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കിയതിനൊപ്പം സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം വാസുവിന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. വാസു പറഞ്ഞത് അനുസരിച്ച് മഹസര്‍ എഴുതിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ ആറാം പ്രതിയുമായ മുരാരി ബാബുവായിരുന്നു. പാളികള്‍ ഇളക്കിയെടുത്ത് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് അന്നത്തെ ദേവസ്വംബോര്‍ഡ് ഭാരവാഹികളുടെ അറിവോടെയായിരുന്നെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. എ. പദ്മകുമാര്‍ പ്രസിഡന്റും കെ.ടി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ബോര്‍ഡായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ മൂന്നുപേരും കേസില്‍ എട്ടാം പ്രതികളാണ്.

2019 മാര്‍ച്ച് 19-നാണ് ചെമ്പാക്കി എഴുതണമെന്നുള്ള ശുപാര്‍ശ വാസു നല്‍കിയത്. 2018 ഫെബ്രുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയാണ് വാസു കമ്മിഷണറായിരുന്നത്. കമ്മിഷണര്‍ പദവിയില്‍തന്നെ അദ്ദേഹത്തിന്റെ രണ്ടാംവരവായിരിരുന്നു അത്. 2010 നവംബര്‍ 10 മുതല്‍ 2013 ഫെബ്രുവരി 15 വരെയാണ് ആദ്യം കമ്മിഷണറായിരുന്നത്. രണ്ടാംതവണത്തെ വരവിലാണ് കട്ടിളപ്പാളിയുടെ തട്ടിപ്പില്‍ പങ്കാളിയായത്. തന്റെ കാലാവധി അവസാനിക്കാന്‍ 12 ദിവസം ബാക്കിയുള്ളപ്പോഴാണ് ചെമ്പാക്കാനുള്ള ശുപാര്‍ശ നല്‍കിയത്. കമ്മിഷണര്‍ സ്ഥാനത്തുനിന്ന് ഇറങ്ങി എട്ടരമാസം കഴിഞ്ഞപ്പോള്‍ വാസു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായി.

കട്ടിളപ്പാളി കേസിലെ അഞ്ചാംപ്രതിയായി ഇപ്പോള്‍ റിമാന്‍ഡിലുള്ള അന്നത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറാണ് ഈസമയത്ത് വാസുവിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നത്. തട്ടിയ സ്വര്‍ണം കട്ടയാക്കി പോറ്റിക്ക് മുരാരി നല്‍കിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. 2019 മേയ് 18-നാണ് കട്ടിളപ്പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് കൈമാറിയത്. വേര്‍തിരിച്ച സ്വര്‍ണത്തില്‍ കുറച്ചെടുത്ത് പാളികള്‍ പൂശി. ബാക്കിയുള്ള സ്വര്‍ണം കട്ടയാക്കി അന്നത്തെ ശബരിമല അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായിരുന്ന മുരാരി ബാബുവില്‍നിന്ന് പോറ്റി കൈപ്പറ്റിയെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നുണ്ട്. സ്വര്‍ണം മുരാരിയുടെ കൈവശം എങ്ങനെയെത്തി എന്നത് പറയുന്നില്ല. അത് കുറ്റപത്രത്തില്‍ വരാനേ സാധ്യതയുള്ളൂ.

വിശ്വാസവഞ്ചന നടത്തി സ്വര്‍ണം തട്ടിയ കേസില്‍ ഉള്‍പ്പെട്ട പ്രതികളെല്ലാം പരസ്പരം സഹായികളും ഉത്സാഹികളുമായിരുന്നെന്ന് അപേക്ഷയില്‍ കാണിച്ചിട്ടുണ്ട്. എന്‍. വാസുവും പദ്മകുമാറും അടക്കമുള്ളവര്‍ ഉത്സാഹികളായി ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്ന് വേണം ഇതില്‍നിന്ന് വായിച്ചെടുക്കാന്‍. 2004 മുതല്‍ നാലുവര്‍ഷം കീഴ്ശാന്തിയുടെ പരികര്‍മിയായി ജോലിചെയ്തയാളാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെന്നതും കാണിച്ചിട്ടുണ്ട്.

ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ അന്വേഷണം ദേവസ്വംബോര്‍ഡ് ഉന്നതരിലേക്ക് എത്തുമ്പോള്‍ സിപിഎം പ്രതിസന്ധിയിലാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍.വാസുവിനെ എസ്.പി ശശിധരന്‍ ചോദ്യംചെയ്തതിന് പിന്നാലെ അടുത്ത ഘട്ടത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരുന്ന എന്‍ പത്മകുമാറിനെയും ചോദ്യം ചെയ്യും.

അറസ്റ്റിലായ മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ സുധീഷ് കുമാറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ ചോദ്യം ചെയ്തത്. സ്വര്‍ണക്കൊള്ളയില്‍ ബന്ധമില്ലെന്നാണ് എന്‍.വാസുവിന്റെ മൊഴി. സ്വര്‍ണം പൂശാന്‍ ശുപാര്‍ശചെയ്തുകൊണ്ട് എക്സിക്യുട്ടീവ് ഓഫീസര്‍ നല്‍കിയ കത്ത് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തത്. തുടര്‍ നടപടികളെടുക്കേണ്ടത് തിരുവാഭരണം കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കട്ടിള കൊണ്ടുപോകുമ്പോള്‍ താന്‍ കമ്മിഷണറായിരുന്നില്ല. 2019മാര്‍ച്ചില്‍ വിരമിച്ചു. സ്വര്‍ണം പൊതിയാന്‍ പാളികള്‍ നല്‍കിയതില്‍ ദേവസ്വം കമ്മിഷണര്‍ക്ക് പങ്കില്ല. തിരുവാഭരണം കമ്മിഷണറുടെ അധികാരത്തിലുള്ള കാര്യങ്ങളാണ്. ദേവസ്വം സ്മിത്തടക്കം പരിശോധിച്ച് സ്വര്‍ണമാണോ ചെമ്പാണോയെന്ന് പരിശോധിച്ചുറപ്പിച്ച് മഹസര്‍ തയ്യാറാക്കിയാണ് പാളികള്‍ കൊണ്ടുപോയത്.

ദേവസ്വം സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികള്‍ നല്‍കിയതെന്നും വാസു മൊഴിനല്‍കി.വാസുവിനടക്കം ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണം പൂശിയശേഷം ബാക്കിയായ സ്വര്‍ണം സാധുവായ പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി ബോര്‍ഡ് പ്രസിഡന്റായിരുന്ന വാസുവിന് പോറ്റി, ഇ-മെയില്‍ അയച്ചിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു. പ്രസിഡന്റിന്റെ അനുമതിയല്ല, ഉപദേശം തേടിയാണ് ഇ-മെയില്‍ അയച്ചതെന്നും സന്നിധാനത്തെ സ്വര്‍ണമാണിതെന്ന് കരുതിയിരുന്നില്ലെന്നുമാണ് വാസുവിന്റെ മൊഴി.

Tags:    

Similar News