ഷോറും മാനേജര്‍ അറിയാതെ കാര്‍ വില്‍പ്പനയ്ക്കായി ലക്ഷങ്ങള്‍ കൈപ്പറ്റി; കള്ളം പൊളിഞ്ഞപ്പോള്‍ ശ്രദ്ധ തിരിക്കാനായി കാറുകള്‍ക്ക് തീ കൊടുത്തു; തലശേരിയിലെ കാര്‍ ഷോറൂമിലെ സെയില്‍ എക്‌സിക്യുട്ടീവ് സജീറിനെ കുടുക്കിയത് സിസിടിവി ദൃശ്യം

Update: 2024-12-15 06:47 GMT

കണ്ണൂര്‍ : തലശേരി നഗരത്തിലെ കാര്‍ ഷോറൂമിന് തീ വെച്ച് ഡെലിവറി നടത്താനായി നിര്‍ത്തിയിട്ട മൂന്ന് കാറുകള്‍ നശിപ്പിച്ച സജീര്‍ കുടുങ്ങിയത് പൊലിസിന്റെ ശാസ്ത്രീയ അന്വേഷണത്തിലൂടെ. ഉപഭോക്താക്കളില്‍ നിന്നും പണം വാങ്ങുകയും എന്നാല്‍ ഷോറൂമില്‍ അടയ്ക്കാതിരികുകയും ചെയ്തുവെന്ന പരാതി സജീറുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നുവെന്ന് പൊലിസ് കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും വഴി തിരിച്ചുവിടാന്‍ കാര്‍ ഷോമില്‍ വന്‍ തീപിടിത്തമുണ്ടാക്കാനാണ് ഇയാള്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ചിറക്കര പള്ളിത്താഴ മാരുതി നെക്‌സ ഷോറൂമില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് തീവച്ചത്.

ഷോറൂം മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് വയനാട് മക്കിയാട് തെറ്റാമലയിലെ പന്നിയോടന്‍ ഹൗസില്‍ സജീര്‍ (26) സ്വാഭാവികമായ തീപിടിത്തമായി ഇതു മാറുമെന്ന് കണക്കുകൂട്ടിയിരുന്നു. ഷോറൂമിലെ സി.സി.ടി.വി ക്യാമറകളെ കുറിച്ചു വ്യക്തമായി അറിയാമായിരുന്ന സജീര്‍ അതുകൊണ്ടുതന്നെ അകത്തേക്ക് കയറാതെ പുറത്ത് കോംപൗണ്ടില്‍ പിറ്റേ ദിവസം ഡെലിവറി ചെയ്യാനുള്ള മൂന്ന് കാറുകള്‍ക്കാണ് തീ കൊളുത്തിയത്. എന്നാല്‍ പുറത്തേക്ക് തിരിച്ചു വെച്ച ഒരു സി.സി.ടി.വി ക്യാമറയില്‍ അവ്യക്ത ചിത്രം പതിഞ്ഞത് പൊലിസിന് പിടിവള്ളിയായി മാറി.

സ്ഥാപനത്തില്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് കാറുകള്‍ കത്തിച്ചതെന്ന് ഇയാള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ സജീറിനെ ഷോറൂമിലെത്തിച്ച് തെളിവെടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഷോറൂമിന് സമീപത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ട മൂന്ന് പുതിയ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചത്. 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി മാനേജര്‍ തലശേരി ടൗണ്‍ പൊലി സില്‍ നല്‍കിയ പരാതിയില്‍ നല്‍കിയത്. തീവയ്പ്പാണെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസിന് സൂചന ലഭിച്ചിരുന്നു.

പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ അവ്യക്തരൂപം കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മാരുതി നെക്സ കാറിന് ബുക്ക് ചെയ്തവരില്‍നിന്ന് വാങ്ങിയ 30 ലക്ഷത്തിലേറെ രൂപ ഇയാള്‍ കമ്പനിയില്‍ അടച്ചിരുന്നില്ല. കാര്‍ ഡെലിവറി ചെയ്യേണ്ട ഘട്ടമായപ്പോഴാണ് തീവയ്പ്പ് നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഷോറും മാനേജരുടെ പരാതിയിലാണ് കേസെടുത്തത്. തീവച്ചശേഷവും ഷോറൂമിലെത്തി തീവയ്പ്പിനുള്ള ആസൂത്രണം സജീര്‍ മുമ്പേ നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. ദിവസങ്ങള്‍ക്ക് മുമ്പ് പന്തക്കലില്‍നിന്ന് പെട്രോള്‍ വാങ്ങി സൂക്ഷിച്ചു. സംഭവശേഷം ആദ്യം ഷോറൂമിലെത്തിയതും സജീറാണ്. പിറ്റേദിവസവും പതിവുപോലെ ഷോറൂമിലെത്തി. ആര്‍ക്കും സംശയംതോന്നാത്ത വിധമായിരുന്നു ഇടപെടല്‍. അടുത്തദിവസം ഓഫീസില്‍ എത്താതിരുന്നതോടെയാണ് അന്വേഷണം സജീറിലേക്ക് തിരിഞ്ഞത്.

കാറുകള്‍ ബുക്ക് ചെയ്തവര്‍ വാഹന ഡെലിവറി അന്വേഷിച്ച് മാനേജരെ വിളിച്ചതോടെ സംശയം ബലപ്പെട്ടു. ഇതിനിടെ ഫോണ്‍ സ്വിച്ച് ഓഫ്ചെയ്ത് പ്രതി മുങ്ങി. വയനാട്ടിലെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വാഹനം ബുക്കുചെയ്തവര്‍ക്ക് വ്യാജ രസീത് നല്‍കിയതായും കണ്ടെത്തി. മാസം 75,000 രൂപയിലേറെ കമീഷന്‍ പറ്റുന്ന മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവാണ് സജീര്‍. അടുത്തിടെ ഇയാള്‍ വയനാട്ടില്‍ ആഡംബര വീട് നിര്‍മിച്ചിരുന്നു. പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News