ഖത്തറില്‍ നഴ്‌സായിരുന്നു അമ്മ; അമ്മ നാട്ടിലില്ലാത്ത കാലത്ത് അച്ഛനു വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു; അതു ചോദ്യം ചെയ്തപ്പോഴെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു; കുടുംബത്തെയോര്‍ത്താണ് അമ്മ എല്ലാം സഹിച്ചതെന്ന് തുറന്നു പറഞ്ഞ് മകള്‍; സജിയുടെ ജീവനെടുത്ത സോണിയുടെ ക്രൂരതയിലും അവിഹിതം

Update: 2025-02-14 03:06 GMT

ആലപ്പുഴ: സോണിയെ കുടുക്കിയത് മകളുടെ ഈ മൊഴി. ''എന്റെ കണ്‍മുന്നിലാണ് അതുണ്ടായത്. അച്ഛന്റെ വഴിവിട്ട ബന്ധങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ വഴക്ക് പതിവാണ്. അന്ന് അച്ഛന്‍ അമ്മയെ ചീത്ത വിളിക്കുകയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു. അതിനിടെ മുടിക്കുത്തിനു പിടിച്ചു തല ഭിത്തിയില്‍ ആഞ്ഞിടിച്ചു. അമ്മ കുഴഞ്ഞുവീണു. ഞാന്‍ തൊട്ടടുത്തു താമസിക്കുന്ന ബന്ധുക്കളെ വിളിക്കാന്‍ ഓടി. അവരുമൊത്തു തിരികെ വന്നപ്പോള്‍ 'ഒന്നുമില്ലെന്ന്' പറഞ്ഞ് അച്ഛന്‍ അവരെ പറഞ്ഞുവിട്ടു. ഞാന്‍ അകത്തേക്കു ചെല്ലുമ്പോള്‍ അമ്മ അതേപടി കിടക്കുകയാണ്. പക്ഷേ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു''-മകള്‍ പോലീസിനോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. അപകടമരണമെന്നു കരുതിയ സംഭവത്തില്‍, കല്ലറ തുറന്ന് സജിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പിന്നാലെ ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡ് പണ്ടകശാലപ്പറമ്പില്‍ വി.സി.സജിയുടെ (46) മരണത്തില്‍ ഭര്‍ത്താവ് പി.വൈ.സോണി (48) അറസ്റ്റിലായി.

''ഖത്തറില്‍ നഴ്‌സായിരുന്നു അമ്മ. 2 വര്‍ഷം മുന്‍പ് നാട്ടിലെത്തി. അമ്മ നാട്ടിലില്ലാത്ത കാലത്ത് അച്ഛനു വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നു. അതു ചോദ്യം ചെയ്തപ്പോഴെല്ലാം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. കുടുംബത്തെയോര്‍ത്താണ് അമ്മ എല്ലാം സഹിച്ചത്.''- സോണിയുടെ മകളുടെ ഈ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്. ''സംഭവം നടന്ന ജനുവരി 8 ന് മദ്യപിച്ചാണ് അച്ഛന്‍ വീട്ടിലെത്തിയത്. വിവാഹേതരബന്ധത്തെപ്പറ്റി പറഞ്ഞ് വലിയ വഴക്കായി. അമ്മയെ അച്ഛന്‍ ഉപദ്രവിച്ചപ്പോള്‍ ഞാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. അവര്‍ തിരികെ വിളിക്കുമ്പോള്‍ ബന്ധുക്കളെ വിളിച്ചുകൂട്ടി ഞാന്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന തിരക്കിലായിരുന്നു. അതിനാല്‍ കോള്‍ എടുത്തില്ല. അവര്‍ വീണ്ടും വിളിച്ചപ്പോള്‍ അച്ഛനെ ഭയന്നും അമ്മ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലും ഞാന്‍ അന്നുണ്ടായ കാര്യം മറച്ചുവച്ചു-മീഷ്മ പറയുന്നു.

ഒരുമാസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന സജി ഞായറാഴ്ച രാവിലെ ഏഴരയ്ക്കാണു മരിച്ചത്. മുട്ടം സെയ്ന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയില്‍ സംസ്‌കാരവും നടന്നു. പരാതിയെത്തുടര്‍ന്ന് ബുധനാഴ്ച കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തു. ജനുവരി എട്ടിനു രാത്രി 10-നാണ് സജിയെ തലയ്ക്കു പരിക്കേറ്റനിലയില്‍ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വീട്ടിലെ കോണിപ്പടിയില്‍നിന്നു വീണെന്നാണു പറഞ്ഞത്. ചികിത്സയിലിരിക്കേ ഞായറാഴ്ച മരിച്ചു. ആരും പരാതിപ്പെടാത്തതിനാല്‍ സ്വാഭാവിക മരണമായി കരുതി മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. എന്നാല്‍, ചൊവ്വാഴ്ച രാത്രിയില്‍ മകള്‍ മീഷ്മ ചേര്‍ത്തല പോലീസില്‍ പരാതിപ്പെട്ടതാണ് വഴിത്തിരിവായത്. വിവരമറിഞ്ഞയുടന്‍ പോലീസ് മീഷ്മയ്ക്കു സംരക്ഷണം നല്‍കി സോണിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പതിവായി അമ്മയെ ആക്രമിക്കുന്ന സോണി ജനുവരി എട്ടിനു രാത്രി തല ചുമരിലിടിപ്പിച്ചാണ് പരിക്കേല്‍പ്പിച്ചെന്നാണു മകളുടെ മൊഴി. മീഷ്മയെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ചയും ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസില്‍ അറിയിച്ചത്. മരിച്ച സജി ഖത്തറില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് മടങ്ങിയെത്തിയത്. ബെന്നോബ് മകനാണ്. മീഷ്മ മൂവാറ്റുപുഴയിലെ ഫ്രഞ്ച് ഭാഷാപഠനകേന്ദ്രത്തിലെ ട്യൂട്ടറാണ്. സജി മരിച്ചപ്പോള്‍ത്തന്നെ പിന്നില്‍ സോണിയാണെന്നും വീട്ടില്‍ നിരന്തരം അക്രമം നടന്നിരുന്നതായും ആദ്യം പരാതിയുയര്‍ത്തിയത് നാട്ടുകാരായിരുന്നു. എന്നാല്‍, ബന്ധുക്കളാരും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് പോലീസ് ഇടപെടാഞ്ഞത്. മകളുടെ പരാതി കേസില്‍ ട്വിസ്റ്റായി.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജിക്കു കൂട്ടിരിപ്പുകാരനായി മുഴുവന്‍ സമയവുമുണ്ടായിരുന്നതും ഭര്‍ത്താവ് സോണി തന്നെ. സജിക്കു പരിക്കേറ്റപ്പോള്‍ മീഷ്മയും സോണിയും ചേര്‍ന്നാണ് ചേര്‍ത്തലയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്. മീഷ്മയ്‌ക്കൊപ്പം ആശുപത്രിയിലെ എല്ലാ കാര്യങ്ങളും സോണിയായിരുന്നു നോക്കിയിരുന്നത്. കടക്കരപ്പള്ളിയില്‍ പാത്രക്കട നടത്തുകയാണ് സോണി. ചേര്‍ത്തലയിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ സജിക്കു ബോധമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വല്ലാതെ വേദനിക്കുന്നെന്നു പറഞ്ഞു. പിന്നെ സജി മിണ്ടിയിട്ടില്ല.

ആക്രമണത്തില്‍ തലയ്ക്കേറ്റ പരിക്കുമൂലമാണ് ചേര്‍ത്തല സ്വദേശി സജി മരിച്ചതെന്ന് പോസ്റ്റ്മോര്‍്ട്ടം റിപോര്‍ട്ട് പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവ് സോണിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തലയോട്ടിക്കും തലച്ചോറിനുമിടയിലെ ഞരമ്പുകള്‍ പൊട്ടി രക്തസ്രാവമുണ്ടായതാണ് സജിയുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഭാരതീയ ന്യായ സംഹിത 105 വകുപ്പുപ്രകാരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് സോണിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Tags:    

Similar News