സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായത് മതനിന്ദാകുറ്റത്തിനല്ല, വിസാ തട്ടിപ്പിന്; ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത് മലയാളി യുവതിയില്‍നിന്ന് 15 ലക്ഷം തട്ടിയ കേസില്‍; യുക്തിവാദി നേതാവിനെതിരെ ഫിന്‍ലന്‍ഡ് കോടതിയും; കൈയോടെ പിടിക്കപ്പെട്ടിട്ടും വീണുരുണ്ട് സനല്‍ ആരാധകര്‍

സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായത് മതനിന്ദാകുറ്റത്തിനല്ല, വിസാ തട്ടിപ്പിന്

Update: 2025-04-08 13:00 GMT

പ്രമുഖ യുക്തിവാദി നേതാവും 'റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍' സ്ഥാപകനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായത് കേരളത്തിലും വലിയ ചര്‍ച്ചയായിരിക്കയാണ്. എന്നാല്‍ ഒരു വിഭാഗം മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയിലെ സനലിന്റെ അനുകൂലികളും, പ്രചരിപ്പിക്കുന്നതുപോലെ മതനിന്ദാകുറ്റത്തിനല്ല, വിസാ തട്ടിപ്പിനാണ് അദ്ദേഹത്തിന് പിടിവീണിരിക്കുന്നത്. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ, പോളണ്ടിലെ വാര്‍സോ മോഡ്‌ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28-ാം തീയതി അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്ന് ഫിന്നിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ നിര്‍ദേശപ്രകാരം, ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനല്‍ ഇടമറുകിനെ പോളണ്ടില്‍ അറസ്റ്റ് ചെയ്തത്. പോളണ്ടില്‍ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എന്നാല്‍ ഈ ഇന്റര്‍പാള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് ഉണ്ടായത് മതനിന്ദാകുറ്റത്തിനാണെന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. സനലിന്റെ അടുപ്പക്കാര്‍ ആ രീതിയിലുള്ള പ്രചാരണവും, സോഷ്യല്‍ മീഡിയയിലുടെ നടത്തുന്നുണ്ട്. എന്നാല്‍ വസ്തുത അതല്ല. 2015 -2017 കാലയളവില്‍ തിരുവനന്തപുരം സ്വദേശിയായ, സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രമീളാ ദേവിയില്‍ നിന്ന്, ഫിന്‍ലന്‍ഡില്‍ ഉപരിപഠനത്തിന് വിസ തരപ്പെടുത്തെിക്കൊടുക്കാമെന്ന് പറഞ്ഞ്, 15,25,000 രൂപ ഇടമറുക് കൈപ്പറ്റിയതാണ് കേസിന് ആധാരം. വിസ ലഭിക്കാതായതോടെ പരാതിക്കാരി കേരളത്തില്‍ പൊലീസിനെ സമീപിച്ചു. ഇതിനിടെ ഇടമുറക്, ഫിന്‍ലന്‍ഡിലേക്ക് കടന്നു. പക്ഷേ പ്രമീളാ ദേവി നടത്തിയ നിയമപോരാട്ടങ്ങളെ തുടര്‍ന്ന് സനലിനെതിരെ, ഇന്‍ര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് വന്നു. ഇതേകേസില്‍ കഴിഞ്ഞമാസം സനലിനെതിരെ ഫിന്‍ലന്‍ഡ് കോടതിയുടെ വിധിയും വന്നു. പക്ഷേ ഇതെല്ലാം മറച്ച്വെച്ച് മതഭീകരതയുടെ ഇരയാണ് സനല്‍ എന്ന രീതിയിലാണ് ഒരു വിഭാഗം കുപ്രചാരണം നടത്തുന്നത്.

സനലിനെതിരെ ഫിന്‍ലന്‍ഡ് കോടതി

പ്രമീളാ ദേവിയുടെ പണം തട്ടിയ കേസില്‍, 2018-ല്‍ ആലപ്പുഴ സി.ജെഎം കോടതി സനല്‍ ഇടമറുകിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പ് ഇയാള്‍ ഫിന്‍ലാന്‍ഡില്‍ എത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നല്‍കിയ പരാതിയിലാണ് ഇന്റര്‍പോള്‍, സനലിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. സനല്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയെങ്കിലും, പ്രമീളാ ദേവിയും ഭര്‍ത്താവ് ബിനോയ് വിശ്വനാഥനും വിട്ടില്ല. അവര്‍ കേസ് ഹെല്‍സിങ്കി ജില്ലാകോടതിയില്‍ എത്തിച്ചു. ഫിന്‍ലന്‍ഡില്‍ പോയി അവര്‍ കേസ് നടത്തി. ഇതിലാണ് ശിക്ഷ വന്നത്.




 

ചാറ്റുകള്‍, ട്രാന്‍സാക്ഷന്‍ വിവരങ്ങള്‍ അടക്കം സകല തെളിവുകളും പരിശോധിച്ചാണ്, സനലിന് ഫിന്നിഷ് കോടതി ശിക്ഷ വിധിച്ചത്. ആറുമാസം കണ്ടീഷണല്‍ ഇംപ്രിസണ്‍മെന്റും, കോടതി ചെലവുകള്‍ അടക്കം വന്‍ പിഴയുമാണ് ശിക്ഷ. വിധിന്യായത്തില്‍ 'ഗുരുതരമായ പണാപഹരണം' എന്നാണ് കോടതി എടുത്തു പറഞ്ഞത്. ആറുമാസത്തെ സോപാധിക തടവാണ് സനലിന് ശിക്ഷ. എന്നാല്‍ ഫിന്‍ലന്‍ഡിലെ നിയമം അനുസരിച്ച് ഇപ്പോള്‍ അദ്ദേഹം തടവ് അനുഭവിക്കേണ്ട കാര്യമില്ല. നേരത്തെ ഈ രാജ്യത്ത് കേസ് ഒന്നും ഇല്ലാത്തതിനാല്‍, 27 ഫെബ്രുവരി 2027 വരെ പ്രൊബേഷനറി കാലമായി കൊടുത്തിട്ടുണ്ട്. ആ കാലത്ത് മറ്റെന്തെങ്കിലും കുറ്റം ചെയ്താല്‍ സനല്‍ ജയിലിലാവും.

വലിയ തുകയാണ് പിഴയായി വിധിച്ചത്. തന്റെ വക്കീലായ മറ്റി നൂര്‍മേളക്ക് രാജ്യത്തെ ഫണ്ടില്‍ നിന്ന് കൊടുത്ത 6,852 യൂറോയുടെ 30 ശതമാനം സനല്‍ അടക്കണം. പ്രമീളാദേവിയുടെ വക്കീലായ എമിലിയോ മാറ്റിലയുടെ ഫീസ് ആയ ഏകദേശം 8,241 യൂറോയുടെയും 30 ശതമാനം അടയ്ക്കണം. പ്രമീളാദേവിയില്‍ നിന്ന് പറ്റിച്ച 21,000 യൂറോക്ക് തുല്യമായ തുകയും അതിന്റെ പലിശയും സനല്‍ കൊടുക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.

പച്ചക്കള്ളങ്ങള്‍ കൊണ്ട് പിടിച്ചു നില്‍കാനുള്ള ശ്രമമാണ് സനല്‍ ഹെല്‍സിങ്കി കോടതിയിലും നടത്തിയത്. പ്രമീളാ ദേവി തന്റെ റാഷണലിസ്റ്റ് സംഘടനക്ക് 15 ലക്ഷം രൂപ സംഭാവനയായി നല്‍കി എന്ന വിചിത്രവാദമാണ് സനല്‍ ഉയര്‍ത്തിയത്. ഒരു മിഡില്‍ ക്ലാസ് കുടുംബം ഇത്രയും അധികം തുക ബാങ്ക് ലോണ്‍ എടുത്ത് സംഭാവന കൊടുക്കുമോ എന്ന മറുചോദ്യമാണ് പ്രമീളയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്. പ്രമീള വര്‍ഷങ്ങളായി സനലിന്റെ യുക്തിവാദ സംഘടനയുടെ അംഗമാണെന്നും, ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടെന്നും കാണിക്കാന്‍ കള്ളസാക്ഷിയെ വരെ, സനല്‍ കേരളത്തില്‍ നിന്ന് കൊണ്ടുവന്ന് ഫിന്നിഷ് കോടതിയില്‍ ഹാജരാക്കി. പക്ഷേ ഇതെല്ലാം പൊളിഞ്ഞു. കേസില്‍ സനലിന് ഇനി അപ്പീല്‍ പോവാന്‍ കഴിയും.




 

തട്ടിപ്പ് കൈയോടെ പിടികൂടപ്പെടുകയും ശിക്ഷ ലഭിക്കുകയും ചെയ്തിട്ടും, പരാതിക്കാരിയെ യുട്യൂബിലുടെ അപഹസിക്കയാണ് സനല്‍ ചെയ്തത്. 'എന്നെ തൂക്കി കൊല്ലാന്‍ വിധിച്ചിട്ടില്ല', 'ഞാന്‍ വീട്ടില്‍ തന്നെ ഉണ്ട്', 'അവര്‍ സംഭാവനയായി യുക്തിവാദി സംഘടനക്ക് കൊടുത്ത കാശാണ്'. എന്നൊക്കെയാണ് സനല്‍ തട്ടിവിടുന്നത്. സകല തെളിവുകളും പരിശോധിച്ച് ബോധ്യപ്പെട്ടു വിധി പറഞ്ഞ ഫിന്നിഷ് കോടതിയെയും അപഹസിക്കയാണ് ഈ വീഡിയോയിലൂടെ സനല്‍ ചെയ്തത്.

വീഡിയോയില്‍ ഉടനീളം ഈ കേസിന്റെ പുറകില്‍ കത്തോലിക്കാ സഭയാണെന്ന് സ്ഥാപിച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് കാണാന്‍ കഴിയുന്നത്. അതിനായി കല്‍ബുര്‍ഗ്ഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പാന്‍സാരെ എന്നീ മഹാരഥന്മാരുടെ കൂട്ടത്തില്‍ സ്വയം അവരോധിച്ച് താനും വധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന ഇരവാദമാണ് അദ്ദേഹം ഉയര്‍ത്തി. എന്നാല്‍ പ്രമീളാ ദേവിയും കുടുംബവും തീര്‍ത്തും മതരഹിതമായ ജീവിതമാണ് നയിക്കുന്നത്. സ്വതന്ത്രചിന്തകരായ അവരെ കത്തോലിക്കാ സഭയുടെ ഏജന്റുകള്‍ എന്ന് വ്യക്തിഹത്യ ചെയ്യാനാണ് സനല്‍ ശ്രമിച്ചത്.

അറസ്റ്റ് മതനിന്ദാകുറ്റത്തിനല്ല

2012-ല്‍ ഇന്ത്യയില്‍ ഉണ്ടായ മതനിന്ദാകേസിനും ഇപ്പോഴത്തെ അറസ്റ്റും തമ്മില്‍ ഒരു ബന്ധവുമില്ല. ഈ കേസ് മറയാക്കിയാണ്, സനല്‍ ഇടമുറക് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട് ഫിന്‍ലന്‍ഡില്‍ എത്തിയത്. 2012 മാര്‍ച്ചില്‍ മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍ നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു. നിരവധി വിശ്വാസികള്‍ ഈ വെള്ളം കുപ്പികളിലാക്കി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചിരുന്നു. സനല്‍ അവിടെ എത്തി ഇതിനു പിന്നിലെ ശാസ്ത്രീയ സത്യം ബോധ്യപ്പെടുത്തി. പ്രതിമ നില്‍ക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നില്‍ക്കുന്ന ചെറിയ കനാലും സമീപത്ത് മുകളില്‍ തന്നെയായി ഒരു വാട്ടര്‍ടാങ്കുമുണ്ട്. ഇവിടെ കാപ്പില്ലറി ആക്ഷന്റെ ഭാഗമായി, വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികില്‍ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുകയാണെന്ന് അദേഹം വിശദീകരിച്ചു. ഇത് ചാനലുകള്‍ വാര്‍ത്തയാക്കി. ഇതോടെ ചില ക്രിസ്ത്യന്‍ മതമേലധികാരികള്‍ അദ്ദേഹത്തിനെതിരെ പോലീസിന് പരാതി നല്‍കുകയും മുംബൈ പോലീസ് കേസെടുക്കുകയുമാണുണ്ടായത്. മഹാരാഷ്ട്ര കാത്തലിക് യൂത്ത് ഫോറം പ്രസിഡന്റ് ആഞ്ചെലോ ഫെര്‍ണാണ്ടസ് ആണ് പരാതി നല്‍കിയത്.

ഈ കേസിനെ നിയമപരമായി നേരിടുന്നതിന് പകരം ഭീകരകഥകള്‍ ഉണ്ടാക്കി ഫിന്‍ലാന്‍ഡില്‍ അഭയം തേടുകയാണ് സനല്‍ ചെയ്തത്. ക്രിസ്ത്യാനികള്‍ സനലിനെ കുടുക്കാന്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ് കൊടുത്തു എന്നും, കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൊല്ലാന്‍ ഗുണ്ടകളെ ചുമതലപ്പെടുത്തി എന്നുമൊക്കെ പറഞ്ഞുണ്ടാക്കി. ചില മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കി. ഇതുവെച്ച് അദ്ദേഹം ഫിന്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു. ചുരുക്കത്തില്‍ അന്നുണ്ടായ സ്വാഭാവിക കേസിനെ ഭീകരവത്ക്കരിച്ചുകൊണ്ട്, അതൊരു പിടിവള്ളിയാക്കി സനല്‍ അഭയാര്‍ത്ഥി പരിവേഷം ഉണ്ടാക്കി ഇന്ത്യ വിടുകയായിരുന്നു. ഇപ്പോള്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടും ഇതേ സംഭവമാണ് സനല്‍ പരിചയായി ഉപയോഗിക്കുന്നത്.

പ്രമുഖ യുക്തിവാദിയും, എഴുത്തുകാരനും, പ്രഭാഷകനുമായ ജോസഫ് ഇടമറുകിന്റെ മകനാണ് സനല്‍.

Tags:    

Similar News