രാത്രി 10 മണിയോടെ വീട്ടില്‍ അതിക്രമിച്ചകയറി അസഭ്യം വിളിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ കയ്യില്‍ കരുതിയ വെട്ടുകത്തി കൊണ്ട് തലയ്ക്ക് നേരേ വെട്ടി; ഇത് പരാതി നല്‍കിയതിന്റെ പ്രതികാരം; കുമ്പഴയെ വിറപ്പിച്ച കാപ്പ കേസ് പ്രതി അറസ്റ്റില്‍; സഞ്ജു ലംഘിച്ചത് നാടുകടത്തല്‍ തീരുമാനം

Update: 2024-11-10 02:23 GMT

പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവ് വെട്ടുകേസില്‍ പിടിയിലായി. കുമ്പഴ നാല്‍ക്കാലിക്കല്‍പ്പടി തൊണ്ടിയാനിക്കുഴി വീട്ടില്‍ സഞ്ജു (22) ആണ് പോലീസിന്റെ പിടിയിലായത്. മൈലപ്ര കുമ്പഴ തൊണ്ടിയാനിക്കുഴി വീട്ടില്‍ സുഭാഷി(42)നെ വീട്ടില്‍ കയറി വെട്ടിയ കേസിലാണ് അറസ്റ്റ്. സഞ്ജുവിനെതിരെ പോലീസില്‍ പരാതി കൊടുത്തതിന്റെ വൈരാഗ്യത്താലായിരുന്നു ആക്രമണം.

രാത്രി 10 മണിയോടെ വീട്ടില്‍ അതിക്രമിച്ചകയറിയ പ്രതി അസഭ്യം വിളിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും കയ്യില്‍ കരുതിയ വെട്ടുകത്തി കൊണ്ട് തലയ്ക്ക് നേരേ വെട്ടുകയായിരുന്നു. സുഭാഷ് തടഞ്ഞപ്പോള്‍ വിരലുകള്‍ക്ക് പരുക്കേറ്റു. നാല്‍ക്കാലിക്കല്‍ പടിയില്‍ സംശയകരമായി സാഹചര്യത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. കൊടുംക്രിമിനലാണ് ഇയാള്‍.

സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2020 മുതല്‍ രജിസ്റ്റര്‍ ചെയ്ത ആറു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കെടുത്തവയാണ് ഈ കേസുകള്‍. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കാപ്പ നിയമപ്രകാരം പോലീസ് നടപടി എടുത്തിരുന്നു.

ആറു മാസത്തേക്ക് ജില്ലയില്‍ നിന്നും പുറത്താക്കി തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഈ ഉത്തരവ് ലംഘിച്ചാണ് ആക്രമണം.

Tags:    

Similar News