കേംബ്രിഡ്ജില്‍ താമസ സ്ഥലത്തേക്ക് മടങ്ങവേ സൗദി വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു; മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു ആക്രമിച്ചു കുത്തിക്കൊലപ്പെടുത്തി; ബ്രിട്ടീഷ് പൗരന്മാരായ രണ്ട് പ്രതികള്‍ അറസ്റ്റില്‍; മുഹമ്മദ് യൂസുഫ് അല്‍ ഖാസിമിന്റെ കൊലപാതകത്തില്‍ ഞെട്ടി ഏഷ്യന്‍ വിദ്യാര്‍ഥികള്‍

കേംബ്രിഡ്ജില്‍ താമസ സ്ഥലത്തേക്ക് മടങ്ങവേ സൗദി വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

Update: 2025-08-04 16:27 GMT

കേംബ്രിഡ്ജ്: ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ സൗദി അറേബ്യന്‍ പൗരനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. മുഹമ്മദ് യൂസുഫ് അല്‍ ഖാസിമിയാണ് കുത്തേറ്റ് മരിച്ചത്. താമസ സ്ഥലത്തേക്ക് മടങ്ങും വഴി കൃത്രിമമായി സംഘര്‍ഷ സാഹചര്യം സൃഷ്ടിച്ച് വിദ്യാര്‍ഥിയെ അക്രമികള്‍ കുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ ബ്രിട്ടീഷ് പൗരന്‍മാരാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

രാത്രി 11.30 ന് താമസ സഥലത്തേക്ക് മടങ്ങുന്നതിനിടെ അക്രമികള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് യൂസുഫ് അല്‍ ഖാസിമിനെ വളയുകയും ശേഷം കൃത്രിമമായി സംഘര്‍ഷ സാഹചര്യം ഉണ്ടാക്കി പ്രതികള്‍ ഇദ്ദേഹത്തെ കുത്തിപ്പരിക്കേല്‍പ്പിക്കുക ആയിരുന്നു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. പ്രതികളില്‍ ഒരാള്‍ മില്‍ പാര്‍ക്കില്‍ വെച്ച് യൂസുഫ് അല്‍ ഖാസിമുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാവാം കൊലക്ക് കാരണമെന്നാണ് വിലയിരുത്തല്‍. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 21 വയസും, രണ്ടാമന് 50 വയസുമാണ് പ്രായം.

കേംബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇഎഫ് ഇന്റര്‍നാഷണല്‍ ഭാഷാ കോളേജിലെ വിദ്യാര്‍ഥിയാണ് കൊലചെയ്യപ്പെട്ട മുഹമ്മദ് യൂസുഫ് അല്‍ ഖാസിം. 10 ആഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഭാഷാ പഠന കോഴ്‌സിന് വേണ്ടിയാണ് യൂസുഫ് അല്‍ ഖാസിം ഭാഷാ കോളേജില്‍ എത്തുന്നത്. സംഭവത്തില്‍ ബ്രിട്ടീഷ് പൊലീസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

കേംബ്രിജ് സ്വദേശിയായ ചാസ് കോറിഗനെ(21) കൊലപാതകം, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ പീറ്റര്‍ബറോ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ബുധനാഴ്ച കേംബ്രിജ് ക്രൗണ്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുവരെ ചാസിനെ പീറ്റര്‍ബറോ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടു. ചാസിനുപുറമെ കൊലപാതകത്തിന് സഹായം ചെയ്തതായി സംശയിക്കുന്ന 50 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റ്മോര്‍ട്ടം ചൊവ്വാഴ്ച നടക്കും. വിദ്യാര്‍ഥിയുടെ മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള നടപടികള്‍ സൗദി എംബസിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. സൗദി പൗരന്റെ കൊലപാതകം യുകെയിലെ ഏഷ്യന്‍ വിദ്യാര്‍ഥികളെ ഞെട്ടിച്ചിട്ടുണ്ട്.

Tags:    

Similar News