ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു ഭാര്യയ്ക്ക് റഫ്രിജറേറ്റര്‍ വാങ്ങിയ ഭര്‍ത്താവ്; ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണാക തെളിവ്; സൗമ്യനായ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന ഭാര്യയും; സെബാസ്റ്റ്യന്‍ മിണ്ടി തുടങ്ങുമ്പോള്‍
ആലപ്പുഴ: ദുരൂഹസാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്‍ (65) നിര്‍ണായക വിവരങ്ങള്‍ പോലീസിന് നല്‍കി തുടങ്ങി. ഇത് അന്വേഷണ സംഘം പ്രതീക്ഷയോടെയാ് കാണുന്നത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്. കാണാതായ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയെ (ജെയ്ന്‍ മാത്യു54) കാണാതായ കേസില്‍ പ്രതിയായ സെബാസ്റ്റ്യന് കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരുടെ തിരോധാനത്തിലും ബന്ധമുണ്ടെന്നാണ് സൂചന. ഇതിനൊപ്പം സിന്ധു തിരോധാനവും പോലീസ് പരിശോധിക്കുന്നുണ്ട്.
എസ്എസ്എല്‍സി വിദ്യാഭ്യാസം മാത്രമുള്ള സെബാസ്റ്റ്യന്‍ ആദ്യം ഒരു സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. പിന്നീട് അംബാസഡര്‍ കാര്‍ വാങ്ങി ടാക്‌സി ഓടി. ഇതിനിടയിലാണ് സ്ഥലക്കച്ചവട രംഗത്തേക്ക് ഇറങ്ങുന്നത്. ഈ കാലയളവിലാണ് കാണാതായെന്നു പറയുന്ന സ്ത്രീകളുമായി സെബാസ്റ്റ്യന്‍ ബന്ധപ്പെടുന്നത്. നാലു സ്ത്രീകളുടെ തിരോധാനക്കേസ് മുന്നിലുണ്ടെങ്കിലും അത് സെബാസ്റ്റ്യനുമായി കണക്ട് ചെയ്യാന്‍ കൃത്യമായ തെളിവ് കണ്ടെത്താന്‍ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, റഡാര്‍ സംവിധാനം തുടങ്ങി എല്ലാവിധ രീതിയിലും അന്വേഷണം നടത്തിയിട്ടും സെബാസ്റ്റ്യനെതിരേ കൃത്യമായ തെളിവുകള്‍ ഇനിയും ലഭിച്ചിട്ടില്ല. നാലു സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സെബാസ്റ്റ്യന്‍ കുറ്റക്കാരനാണെന്ന രീതിയിലുള്ള പ്രചാരണം നടക്കുമ്പോഴും അയാള്‍ സൗമ്യനാണെന്നും ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നു വിശ്വസിക്കുന്നില്ലെന്നുമാണ് സെബാസ്റ്റ്യന്റെ ഭാര്യ പറയുന്നത്.
അതിനിടെ സെബാസ്റ്റ്യന്‍ ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റര്‍ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ജെയ്‌നമ്മയെ കാണാതായ 2024 ഡിസംബര്‍ 23നു രാത്രിയാണു ചേര്‍ത്തലയിലുള്ള കടയില്‍ നിന്ന് റഫ്രിജറേറ്റര്‍ വാങ്ങിയത്. റഫ്രിജറേറ്റര്‍ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍നിന്നു കണ്ടെത്തി. സെബാസ്റ്റിയന്റെ മൊഴിയാണ് നിര്‍ണ്ണായകമായത്. തുടക്കത്തില്‍ ചോദ്യം ചെയ്യുമ്പോഴെല്ലം മൗനം പാലിച്ച സെബാസ്റ്റ്യന്‍ എന്നാലിപ്പോള്‍ ചോദ്യം ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കത്തി, ചുറ്റിക, ഡീസലിന്റെ ഗന്ധമുള്ള കന്നാസ്, പഴ്‌സ് എന്നിവ കണ്ടെടുത്തിരുന്നു. 20 ലിറ്ററിന്റെ കന്നാസില്‍ ഡീസല്‍ സെബാസ്റ്റ്യന്‍ വാങ്ങിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്റെ കാര്‍. പിടികൂടിയ 20 ലീറ്ററിന്റെ കന്നാസില്‍ ഡീസല്‍ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. ഇത്രയും ഡീസല്‍ വാങ്ങിയത് എന്തോ കത്തിക്കാനാണെന്ന് വ്യക്തമാണ്. ഇതെല്ലാം അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.
കേസില്‍ നിര്‍ണായകമാകാവുന്ന തെളിവുകള്‍ ഈ പരിശോധനയിലൂടെ ലഭിച്ചതായാണ് സൂചന. ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ സെബാസ്റ്റ്യന്‍ അന്വേഷണം വഴിതെറ്റിക്കുന്ന രീതിയില്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയും തെറ്റായ വിവരങ്ങള്‍ നല്‍കിയും അന്വേഷണ സംഘത്തെ വലയ്ക്കുകയായിരുന്നു. എന്നാല്‍, പിന്നീട് ജയ്‌നമ്മയെ പരിചയമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇരുവരും ഒന്നിച്ച് ചേര്‍ത്തലയിലെ ധ്യാനകേന്ദ്രം ഉള്‍പ്പെടെയുള്ള പ്രാര്‍ഥനാലയങ്ങളില്‍ പോയിട്ടുണ്ടെന്നും പറയുന്നുണ്ട്. സെബാസ്റ്റ്യന്റെ വീടിനോടു ചേര്‍ന്നുള്ള പുരയിടത്തില്‍നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഡിഎന്‍എ പരിശോധനയുടെ ഫലവും ലഭിക്കുന്നതോടെ അന്വേഷണത്തിന് കൂടുതല്‍ വ്യക്തത കൈവരും. ജയ്‌നമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ സെബാസ്റ്റ്യനിലേക്ക് എത്തിച്ചത്. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. ഇതു വെല്ലുവിളിയാണ്.
കടുത്ത ക്ഷീണവും മറ്റു ശാരീരിക ബുദ്ധിമുട്ടും കൊണ്ട് അവശനാണെന്ന് സെബാസ്റ്റ്യന്‍ കോടതിയില്‍ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. കാലു നീരുവച്ചിരിക്കുന്നതിനാല്‍ നടക്കാനും മറ്റും ബുദ്ധിമുട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷന്‍ മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് നല്‍കിയ കിടക്ക മോശമാണെന്നും ഉറക്കം കിട്ടുന്നില്ലെന്നും പറഞ്ഞ സെബാസ്റ്റ്യന്‍ മറ്റൊരു കിടക്ക വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. നിയമസഹായം വേണോ എന്നു കോടതി ചോദിച്ചു. സ്വന്തം നിലയില്‍ അഭിഭാഷകനെ വച്ചുകൊള്ളാമെന്നായിരുന്നു മറുപടി. പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് എല്ലാ ദിവസവും വൈദ്യസഹായം ലഭ്യമാക്കണമെന്നും മരുന്ന്, ഭക്ഷണം, വെള്ളം തുടങ്ങിയവ കൃത്യമായി നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.