രണ്ടേക്കറിനു മേലുള്ള ചെങ്ങുംതറ വീട്ടില്‍ മീന്‍ വളര്‍ത്തുന്ന കുളങ്ങളും; കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ മീനിന് ഭക്ഷണമായി നല്‍കിയോ? പരസ്പര വിരുദ്ധ മൊഴികളിലൂടെ ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് രക്ഷപ്പെടല്‍ നീക്കം; സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട സ്വദേശി മനോജിന്റെ മരണത്തിലും ദുരൂഹത; ചേര്‍ത്തലയിലെ 'അമ്മാവന്‍' അതിബുദ്ധിമാന്‍; സൈക്കോ സീരിയല്‍ കില്ലറെ കയറൂരിവിട്ടത് പോലീസ് തന്നെ

Update: 2025-08-04 01:50 GMT

ചേര്‍ത്തല: മുഖ്യപ്രതി സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍നിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങളില്‍ വ്യക്തത വരാന്‍ ഇനിയും കാത്തിരിക്കണം. ഇതു ജെയ്നമ്മയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ ദൂരൂഹസാഹചര്യത്തില്‍ കാണാതായ സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പ്രതിയായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയന് ആദ്യഘട്ടത്തില്‍ തുണയായത് അന്വേഷണത്തില്‍ പോലീസ് കാട്ടിയ ഉദാസീനതയാണെന്നും വ്യക്തമായി. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ അടിമുടി അട്ടിമറിച്ചു. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്‍ പരസ്പരവിരുദ്ധമായ മൊഴികളിലൂടെ ഉദ്യോഗസ്ഥരെ വട്ടംകറക്കുകയാണെന്നാണു സൂചന. തിങ്കളാഴ്ച സെബാസ്റ്റ്യന്റെ വീട്ടുവളപ്പ് അരിച്ചുപെറുക്കി പരിശോധിക്കും. രണ്ടേക്കറിനു മേലുള്ള ചെങ്ങുംതറ വീട്ടില്‍ മീന്‍വളര്‍ത്തുന്ന കുളങ്ങളടക്കമുണ്ട്. കാടുകയറിയ ഇവിടം മൊത്തത്തില്‍ പരിശോധിക്കും. പ്രതി അകത്താണെങ്കിലും സഹായികള്‍ പുറത്തിപ്പോഴുമുണ്ട്. കൊലപ്പെടുത്തുന്നവരുടെ മൃതദേഹം കുളത്തില്‍ എറിഞ്ഞിട്ടുണ്ടാകാമെന്നും സംശയമുണ്ട്. മീന്‍ വളര്‍ത്തിയതും ഇതിന് വേണ്ടിയാണെന്നാണ് സംശയം. ചേര്‍ത്തലയിലെ 'ധര്‍മ്മസ്ഥല'യായി മാറുകായണ് സെബാസ്റ്റിന്റെ വീടും സ്ഥലവും. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സി.എം. സെബാസ്റ്റ്യന്‍ (68) നാടിനെ ഞെട്ടിക്കുന്ന സൈക്കോ സീരിയല്‍ കില്ലറെന്നാണ് സംശയം. ഇയാളെ ചേര്‍ത്തലയില്‍ അമ്മാവന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. ബ്രോക്കറായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് ഇത്. അതിബുദ്ധിമാനായ ക്രിമിനലാണ് ഇയാളെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

ബിന്ദു പത്മനാഭന്‍ കേസില്‍ പിടിയിലായ സെബാസ്റ്റിയനെ നിരപരാധിയായി ചിത്രീകരിക്കാന്‍ അന്വേഷണത്തിനു ചുക്കാന്‍ പിടിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിടുക്കംകാട്ടിയെന്നു കര്‍മസമിതി പരാതിയില്‍ പറയുന്നു. ചേര്‍ത്തല സ്വദേശി ഐഷയെ കാണാതായ വിഷയം അന്നു സജീവമായെങ്കിലും ഗൗരവമായി പരിഗണിച്ചില്ല. സെബാസ്റ്റിയന്റെ സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട സ്വദേശി മനോജിന്റെ മരണത്തിലും കൃത്യമായ അന്വേഷണം നടത്താതെ ഒളിച്ചുകളി നടത്തിയെന്നും പരാതിയിലുണ്ട്. 2018 ലാണ് ഐഷയെ കാണാതായെന്നു പരാതി ഉയര്‍ന്നത്. ഈ ഘട്ടത്തില്‍ ബിന്ദു പത്മനാഭന്‍ കേസിനൊപ്പം ഐഷാ തിരോധാനം അന്വേഷിച്ചിരുന്നെങ്കില്‍ സെബാസ്റ്റിയന്‍ നേരത്തെ കുടുങ്ങുമായിരുന്നു. അങ്ങനെ വന്നിരുന്നുവെങ്കില്‍ ജൈനമ്മയുടെ തിരോധാനം പോലുള്ള സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും വിലയിരുത്തലുണ്ട്. ഐഷയെ കാണാതായതിനെത്തുടര്‍ന്ന് ഇവരും സെബാസ്റ്റിയനും തമ്മിലുണ്ടായിരുന്ന ബന്ധം പോലീസിന്റെ മുന്നിലെത്തിയിരുന്നു. എന്നാല്‍, സെബാസ്റ്റിയനെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇടപ്പള്ളിയിലടക്കം ബിന്ദു പത്മനാഭന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വില വരുന്ന ഭൂമി ആള്‍ മാറാട്ടം നടത്തി വിറ്റു. ബിന്ദുവിനു പകരം ചേര്‍ത്തല സ്വദേശിനിയായ മറ്റൊരു സ്ത്രീയെ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇതു കണ്ടെത്തിയിട്ടും നടപടികളുണ്ടായില്ല. കവടിയാറില്‍ അനന്തപുരി മണികണ്ഠന്റെ നേതൃത്വത്തില്‍ നടന്ന ഭൂമി തട്ടിപ്പിന് സമാനമാണ് ഇതും. അതായത് ഇത്തരം തട്ടിപ്പുകള്‍ കേരളത്തില്‍ വ്യാപകമാണെന്ന് സാരം.

മൃതദേഹ അവശിഷ്ടങ്ങളില്‍ വ്യക്തത വരുത്താന്‍ 10 വര്‍ഷം മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ചേര്‍ത്തല സ്വദേശിനി ഐഷയുടെ മകളുടെ രക്തസാംപിള്‍ ശേഖരിച്ച് തുടര്‍നടപടികളിലേക്കു കടന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് രക്തം ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കയച്ചത്. ജെയ്നമ്മയുടെ സഹോദരങ്ങളുടെ രക്തം നേരത്തേ അയച്ചിരുന്നു. ലഭിച്ച തലയോട്ടിയുടെയും തുടയെല്ലുകളുടെയും പ്രാഥമിക പരിശോധനയില്‍ മരിച്ചത് ജയ്നമ്മയാണെന്ന് ഉറപ്പിക്കാനാകില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികളിലേക്കു കടന്നത്. എല്ലുകളുടെ പഴക്കവും തലയോട്ടിയോടൊപ്പം കിട്ടിയ കമ്പിയിട്ട പല്ലുമാണ് സംശയങ്ങള്‍ക്കിടയാക്കിയത്. ജെയ്നമ്മയ്ക്ക് അത്തരത്തില്‍ പല്ലുകളില്ലെന്ന് ബന്ധുക്കള്‍ ഉറപ്പിക്കുകയും ഐഷയ്ക്ക് ഒരു വെപ്പുപല്ലുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. അടുത്തയാഴ്ചയോടെ ഡിഎന്‍എ ഫലം വരും.

ജെയ്നമ്മ പള്ളിപ്പുറത്തെ വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. കാണാതായ, 2024 ഡിസംബര്‍ 23-നു തന്നെ ഇവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ശരീരാവശിഷ്ടങ്ങള്‍ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ തന്നെയുണ്ടെന്നുമാണ് വിലയിരുത്തല്‍. സെബാസ്റ്റ്യന്‍ കുറ്റസമ്മതം നടത്തിയെങ്കിലും ശരീരാവശിഷ്ടങ്ങളുടെ കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. ജെയ്‌നമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളടക്കം അപഹരിച്ച് പണയംവെക്കുകയും പിന്നീട് എടുത്ത് വില്‍ക്കുകയുമായിരുന്നു. ഇവ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ജെയ്നമ്മയ്ക്ക് ക്‌ളിപ്പിട്ട പല്ലുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ പഞ്ചായത്ത് മുന്‍ ജീവനക്കാരി ചേര്‍ത്തല വാരനാട് വെളിയില്‍ ഐഷയ്ക്ക് (58) ക്‌ളിപ്പിട്ട പല്ലുണ്ടായിരുന്നു. ഐഷയുടെ മകളുടെ രക്തസാമ്പിള്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ശേഖരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്‍ (47), ചേര്‍ത്തലതെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു (43) എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രതിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പിലെ മറ്റിടങ്ങള്‍ കുഴിക്കും.

കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതി കുറ്റസമ്മതം നടത്തിയിട്ടില്ല. ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി 2017ലാണ് ലഭിച്ചത്. ബിന്ദുവിന് എറണാകുളം ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം വ്യാജരേഖ ചമച്ച് സെബാസ്റ്റ്യന്‍ തട്ടിയെടുത്തെന്ന് കേസുണ്ട്. സെബാസ്റ്റ്യന്റെ വീടിന്റെ പല ഭാഗവും കുഴിച്ച് നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. വിസമ്മതിച്ചതിനാല്‍ നുണ പരിശോധന നടന്നില്ല. പാലയിലെ ധ്യാന കേന്ദ്രത്തില്‍ വച്ചാണ് ജെയിന്‍ മാത്യുവിനെ (ജെയ്‌നമ്മ -55) സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. സ്ഥലമിടപാട് നടത്തിയിരുന്നു. ജെയ്‌നമ്മയുടെ സ്വര്‍ണം സെബാസ്റ്റ്യന്‍ വിറ്റെന്ന് കണ്ടെത്തി. ധ്യാനത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെയ്‌നമ്മയെ 2024 ഡിസംബര്‍ 23നാണ് കാണാതായത്. ജെയ്‌നമ്മയുടെ ഫോണ്‍ സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ടയില്‍വച്ച് റീച്ചാര്‍ജ് ചെയ്തിരുന്നു.

ഐഷയെ 2012 മേയ് 13നാണ് കാണാതായത്. ഫോണ്‍ വന്നതിനെ തുടര്‍ന്ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. കുടുംബസ്വത്ത് തര്‍ക്കം നിലനിന്നിരുന്ന ഐഷയ്ക്ക് സമീപവാസിയുടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിനല്‍കാന്‍ മുന്‍കൈയെടുത്തത് സെബാസ്റ്റ്യനായിരുന്നു. തിരുവിഴ ക്ഷേത്രത്തിലേക്ക് പോയ സിന്ധുവിനെ 2020 ഒക്ടോബര്‍ 19നാണ് കാണാതായത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതായി കണ്ടെത്തി. മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല.

Tags:    

Similar News