നിരവധി കേസുകളില്‍ പ്രതിയായ 'കാപ്പ' ചുമത്തേണ്ടുന്ന ക്രിമിനല്‍; എന്നിട്ടും പുറത്ത് കറങ്ങി നടന്നത് സിപിഎമ്മിന്റെ പിന്‍ബലത്തില്‍; മാത്യൂസ് കൊല്ലപ്പള്ളിയും സംഘവും മറുനാടന്‍ ചീഫ് എഡിറ്ററെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രതികള്‍ പാര്‍ട്ടിക്കാരല്ലെന്ന ക്യാപ്സ്യൂളും പൊളിഞ്ഞു; പ്രതികള്‍ ഉടന്‍ പിടിയിലാകും

നിരവധി കേസുകളില്‍ പ്രതിയായ 'കാപ്പ' ചുമത്തേണ്ടുന്ന ക്രിമിനല്‍

Update: 2025-09-01 01:01 GMT

തൊടുപുഴ: നിരന്തരം പ്രശ്നക്കാരനും ക്രിമിനലുമായ മാത്യുസ് കൊല്ലപ്പള്ളി തൊടുപുഴയിലും പരിഹരത്തും വിഹാരിച്ചു നടന്നത് പാര്‍ട്ടിയുടെ ബലത്തില്‍. സംഘടനക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ വേണ്ടി ഇയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സിപിഎമ്മും കുടപിടിച്ചു. കാപ്പ ചുമത്താന്‍ പോലും പര്യാപ്തമായ വിധത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് പൊതുസമൂഹത്തില്‍ സൈ്വര്യവിഹാരം നടത്തിയത്. 'മറുനാടന്‍ മലയാളി' ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ തൊടുപുഴയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച മാത്യുസിന്റെ പശ്ചാത്തലം നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതാണ്.

സംഭവത്തില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. ഇതോട് ഒളിവില്‍ പോയ പ്രതികളെ പോലീസ് ഉടന്‍ പിടികൂടിയേക്കും. ഗുണ്ടാ സംഘത്തിന് സൈബര്‍ ലോകത്തും അല്ലാതെയും ആര്‍പ്പുവിളിക്കുന്ന വലിയ സംഘം തന്നെയുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികള്‍ പാര്‍ട്ടിക്കരല്ലെന്ന പ്രചരണവും പൊളിഞ്ഞിട്ടുണ്ട്. അക്രമി സംഘങ്ങളെ വെള്ളപൂശാന്‍ വേണ്ടി ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ നുണക്കഥകള്‍ നിരന്തരം മെനഞ്ഞിരുന്നു.

സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. സിപിഎം പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തെങ്കിലും ഒളിവിലാണ് എന്നാണ് പോലീസിന്റെ വിശദീകരണം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തിലാണ് കേരളത്തില്‍ കാര്യങ്ങള്‍. മറുനാടന്‍ മലയാളിയെ വേട്ടയാടാന്‍ ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. ഈ എപ്പിസോഡിന്റെ അവസാന ഭാഗമാണ് തൊടുപുഴയില്‍ കണ്ടതും.

ശനിയാഴ്ച രാത്രി തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ചാണ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജന്‍ സ്‌കറിയ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച ശേഷമായിരുന്നു അതിക്രമം. വാഹനത്തിന് അകത്തിരിക്കുന്ന ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിക്കുന്നതായും ഇതില്‍ കാണാം. ഷാജന്‍ സ്‌കറിയ നല്‍കിയ വിവരങ്ങളുടെയും ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.

അക്രമണത്തില്‍ പങ്കെടുത്ത മാത്യൂസ് കൊല്ലപ്പള്ളി സംഭവശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതായും ഷാജനെതിരെ ഇനിയും ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കിയതായും പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇത് പ്രതികളെ തിരിച്ചറിയാന്‍ നിര്‍ണായകമായെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലെത്തിയതും വിവാഹത്തില്‍ പങ്കെടുത്തതും കൃത്യമായി മനസ്സിലാക്കി പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയത്. അക്രമണത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് പോലീസും വ്യക്തമാക്കുന്ന കാര്യം.

ഷാജന്‍ സ്‌കറിയയെ ആക്രമിക്കാന്‍ ഥാറിലെത്തിയത് മാത്യൂസ് കൊലപ്പള്ളിയുടെ നേതൃത്വത്തിലാണ്. ഒപ്പം നാലു പേരും. ഇതില്‍ രണ്ടാം പ്രതി ഷിയാസ് ഇസ്മായില്‍ ആലക്കലാണ്. ഷാജന്‍ സ്‌കറിയയെ ആക്രമിക്കാന്‍ വളരെ കരുതലോടെ ക്വട്ടേഷന്‍ സംഘത്തെ ഡിവൈഎഫ്‌ഐ നിയോഗിക്കുകയായിരുന്നുവെന്ന് വ്യക്തം. കൊലപ്പള്ളിയുടെ ഫോണ്‍ പരിശോധിച്ചാല്‍ എല്ലാം വ്യക്തമാകും. മാത്യുസ് കൊലപ്പള്ളിയെ ആരാണ് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും വ്യക്തം. സിപിഎമ്മും എസ് എഫ് ഐയും ഡിവൈഎഫ്‌ഐയുമായുള്ള ബന്ധം വിശദീകരിക്കുന്ന സോഷ്യല്‍ മീഡിയാ അക്കൗണ്ട് ഉടമയാണ് മാത്യൂസ് കൊലപ്പള്ളി. കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷിച്ചെടുത്ത സിപിഎമ്മിന് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് മാത്യൂസ് കൊലപ്പള്ളി.

മറുനാടന്‍ എഡിറ്ററെ മങ്ങാട്ടു കവലയില്‍ വച്ച് ആക്രമിച്ചത് അഞ്ചു പേര്‍ ചേര്‍ന്നെന്ന് പോലീസ് എഫ് ഐ ആര്‍ വിശദീകരിക്കുന്നുണ്ട്. ആരുടേയും പേര് എഫ് ഐ ആറില്‍ ഇല്ല. എന്നാല്‍ ക്വാറി മുതലാളിയായ സിപിഎം അടുപ്പക്കാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിരുന്നു. പിന്നാലെയാണ് ഒന്നാം പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. എന്നിട്ടും എഫ് ഐ ആറില്‍ പേരിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഷാജന്‍ സ്‌കറിയയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് എഫ് ഐ ആര്‍ പറയുന്നു. ശനിയാഴ്ച രാത്രി ആറു നാല്‍പ്പതിനായിരുന്നു ആക്രമണം. ഭാരതീയ ന്യായ സംഹിതയിലെ 182(2), 190, 191(1), 191(2), 191(3), 115(2), 351(2), 126(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായ എഫ് ഐ ആര്‍ ആണ് പോലീസ് ഇട്ടിട്ടുള്ളത്. വധശ്രമകുറ്റവും ചുമത്തി. ഈ സാഹചര്യത്തില്‍ കൊലപ്പള്ളിയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ട്.

ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്ക് മാധ്യമ പ്രവര്‍ത്തകനായ ആവലാതിക്കാരനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന്ത ങ്ങള്‍ ഓരോരുത്തരും ടി സംഘത്തിലെ അംഗങ്ങള്‍ ആണെന്ന അറിവോടെ അക്രമം നടത്തിയെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. മങ്ങാട്ടു കവല മില്ലിന് മുന്‍വശം ഭാഗത്തു വച്ച് ഥാര്‍ ജീപ്പ് ഇടിച്ചു. അതിന് ശേഷം ജിപ്പില്‍ നിന്നും ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ ഞങ്ങള്‍ പോകുകയുള്ളൂ എന്ന് പറഞ്ഞ് ആവലാതിക്കാരനെ കാറില്‍ നിന്നും വലിച്ചു ചാടിക്കാന്‍ ശ്രമിച്ചു. അതിനെ എതിര്‍ത്ത ആവലാതിക്കാരനെ ഒന്നാം പ്രതി കൈ ചുരുട്ടി വലതു മുഖഭാഗത്തും മുക്കിലും തലയിലും വലത് നെഞ്ചിലും തുടരെ ഇടിച്ചു. ആവലാതിക്കാരന്റെ മൂക്കിലും വായിലും മുറിവുണ്ടായി.

രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ ഷാജന്‍ സ്‌കറിയയെ ബലമായി കാറില്‍ പിടിച്ചിരുത്തി. രണ്ടാം പ്രതിയും നിന്നെ കൊന്നിട്ടേ പോകൂവെന്ന് പറഞ്ഞ് കഴുത്തില്‍ അമര്‍ത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മരണവെപ്രാളത്തില്‍ കൈ തട്ടി മാറ്റിയതു കൊണ്ടാണ് ആവലാതിക്കാരന്‍ മരണം സംഭവിക്കാത്തതെന്നും എഫ് ഐ ആര്‍ പറയുന്നു. അതായത് വധശ്രമത്തിനാണ് കേസെടുത്തത്.

മങ്ങാട്ടുകവലയില്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തായിരുന്നു മര്‍ദനം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ ഥാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയാണ് ആക്രമണം ഉണ്ടായത്. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Similar News