51കാരിയെ അരുണ്‍ വിവാഹം ചെയ്തത് സ്വത്തിന് വേണ്ടി; വിവാഹം കഴിഞ്ഞ് രണ്ടര മാസത്തിനുള്ളില്‍ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി 28കാരന്‍: ശാഖാകുമാരിയുടെ കൊലപാതകത്തില്‍ അരുണ്‍ കുറ്റക്കാരനെന്ന് കോടതി: ശിക്ഷാ വിധി ഇന്ന്

ശാഖാകുമാരിയുടെ കൊലപാതകത്തില്‍ അരുണ്‍ കുറ്റക്കാരനെന്ന് കോടതി: ശിക്ഷാ വിധി ഇന്ന്

Update: 2025-04-24 00:13 GMT

തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാന്‍ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. കാരക്കോണം സ്വദേശി 51കാരിയായ ശാഖ കുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അരുണ്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ലക്ഷങ്ങളുടെ സ്വത്തിനു ഉടമയായ ശാഖാ കുമാരിയെ വിവാഹം കഴിച്ച ശേഷം സ്വത്ത് തട്ടിയെടുക്കാന്‍ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 28കാരനായ അരുണ്‍ കുറ്റക്കാരനെന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. അരുണിന്റെ ശിക്ഷ നാളെ വിധിക്കും.

സ്വന്തം വീട്ടുകാരോ സുഹൃത്തുക്കളോ അറിയാതെയാണ് അരുണ്‍ പ്രായത്തില്‍ തന്നേക്കാള്‍ ഒരുപാട് മൂത്ത ശാഖയ വിവാഹം ചെയ്തത്. സ്വത്ത് തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു അരുണ്‍ ശാഖയെ വിവാഹം ചെയ്തത്. ലക്ഷങ്ങളുടെ സ്വത്തിനു ഉടമയായ ഭാര്യയെ വിവാഹം കഴിച്ചു രണ്ടര മാസത്തിനുള്ളിലാണ് അരുണ്‍ കൊലപ്പെടുത്തിയത്. ശാഖയെ കിടപ്പു മുറിയില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഹാളിലേക്കു കൊണ്ടുവന്നു ഷോക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് അരുണ്‍ പൊലീസിനു നല്‍കിയ മൊഴി.

ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനാണു കൊലപ്പെടുത്തിയതെന്നാണ് അരുണ്‍ വെളിപ്പെടുത്തിയത്. കിടപ്പുമുറിയിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൈകൊണ്ട് മുഖം അമര്‍ത്തി കൊലപ്പെടുത്തിയെന്നാണ് അരുണ്‍ വെളിപ്പെടുത്തിയത്. ക്രിസ്മസ് വിളക്കില്‍നിന്ന് ഷോക്കേറ്റെന്നു പറഞ്ഞാണ് ശാഖയെ അരുണ്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നെയ്യാറ്റിന്‍കരയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ശാഖ ആശുപത്രിയില്‍വച്ചു പരിചയപ്പെട്ട അരുണുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് 50 ലക്ഷം രൂപയും നൂറ് പവനും വാങ്ങി വിവാഹം കഴിച്ചു. എന്നാല്‍ പ്രായക്കൂടുതലുള്ള ശാഖയുമായുള്ള വിവാഹ ഫോട്ടോകള്‍ പുറത്തുവന്നത് അരുണിനെ പ്രകോപിപ്പിച്ചു. വിവാഹത്തിന്റെ കാര്യം അരുണിന്റെ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. വിവാഹചടങ്ങില്‍ അധികം ആളുകള്‍ അരുണിന്റെ ഭാഗത്ത് ഉണ്ടായിരുന്നില്ല. പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതും സ്വത്തിനു വേണ്ടിയുള്ള തര്‍ക്കവും ബന്ധം വഷളാക്കി. ഭര്‍ത്താവിന്റെ സ്വഭാവം നന്നാകാന്‍ ശാഖ എടുത്ത വ്രതം അവസാനിക്കുന്ന ദിവസമായിരുന്നു കൊലപാതകം.

Tags:    

Similar News