മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാന്‍ഡേജ് കണ്ട്് മക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു; സുഭദ്രയെ കൊന്ന ദമ്പതികള്‍ ഒളിവില്‍ തന്നെ; ഉടുപ്പിയിലേക്കും അന്വേഷണം നീളുന്നു

നിതിന്‍ മാത്യുവിനും ശര്‍മിളയ്ക്കുമായി ഉഡുപ്പിയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല

By :  Remesh
Update: 2024-09-11 03:20 GMT

ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ പോലീസ് കണ്ടെത്തിയ മൃതദേഹം 73-കാരി സുഭദ്രയുടേതെന്ന് സ്ഥിരീകരണം വന്നിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാന്‍ഡേജ് കണ്ടാണ് മക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളായ ദമ്പതികള്‍ സുഭദ്രയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് വിവരം. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ആലപ്പുഴ കലവൂര്‍ കോര്‍ത്തുശേരിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നിതിന്‍ മാത്യുസിനും ശര്‍മിളക്കുമായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവര്‍ ഉഡുപ്പിയിലേക്ക് കടന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് അന്വേഷണം. ഉഡുപ്പി സ്വദേശിനിയായ ശര്‍മിള

നിതിന്‍ മാത്യുവിനും ശര്‍മിളയ്ക്കുമായി ഉഡുപ്പിയിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതേസമയം, പ്രതികള്‍ ആലപ്പുഴ തുറവൂര്‍ ഭാഗത്ത് താമസിച്ചതായി സ്ഥിരീകരണം ഉണ്ട്. ഒരു ദിവസം താമസിച്ച വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കൊലയ്ക്ക്‌ശേഷം ഇവിടെ എത്തിയതാകാമെന്ന് നിഗമനം. കൂടുതല്‍ ആളുകളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം എന്ന്, എങ്ങിനെ എന്നുള്ള കാര്യങ്ങള്‍ വ്യക്തമാകാന്‍ ഇന്ന് നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടം നിര്‍ണായകമാകും.

സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം മാത്യൂസും ശര്‍മ്മിളയും കടന്നു കളഞ്ഞതായാണ് വിവരം. 73-കാരിയുടെ സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് നിഗമനം. ശര്‍മിളയും സുഭദ്രയും തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. ആരാധനാലയങ്ങളിലും മറ്റും ഒരുമിച്ചായിരുന്നു ഇവര്‍ പോയിരുന്നത്. ഇടയ്ക്കിടെ ശര്‍മ്മിളയും മാത്യൂസും സുഭദ്രയുടെ അടുത്ത് പോയി താമസിക്കും. തിരിച്ച് സുഭദ്രയും ഇരുവരുടേയും അടുത്ത് പോയി താമസിക്കുമായിരുന്നു. കൊച്ചി കടവന്ത്രയില്‍ നിന്നാണ് സുഭദ്രയെ കാണാതായത്. ദമ്പതിമാരായ മാത്യൂസും ശര്‍മിളയും വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴയിലെ കാട്ടൂരിലെ വാടക വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. നാലാം തീയതിയാണ് സുഭദ്രയയെ കാണാതാകുന്നത്. ആറാം തീയതി അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ പോലീസില്‍ പരാതി നല്‍കി. ഏഴാം തീയതി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുഭദ്രയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അവസാനമെത്തിയത് ആലപ്പുഴ കലവൂരിലാണെന്ന് വ്യക്തമായി. ഇതാണ് നിര്‍ണ്ണായകമായത്.

വാടകയ്ക്ക് താമസിച്ചിരുന്ന മാത്യൂസിന്റേയും ശര്‍മിളയുടേയും വീട്ടില്‍ സുഭദ്ര ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും മൊഴിനല്‍കി. ശര്‍മിളയും സുഭദ്രയും ഒന്നിച്ചുള്ള സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തുടര്‍ന്ന് അന്വേഷണം ആലപ്പുഴ മണ്ണഞ്ചേരി പോലീസിന് കൈമാറി. കഴിഞ്ഞ ദിവസം പോലീസ് നായയെ എത്തിച്ച് മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കിയ ശേഷം ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തെടുക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

പ്രതികള്‍ ആലപ്പുഴയില്‍ മാത്രമല്ല ഉഡുപ്പിയിലും സ്വര്‍ണം പണയം വച്ചു. ശര്‍മിള കൊച്ചിയില്‍ ഏറെക്കാലം ജോലി ചെയ്തു. ഈ കാലയളവില്‍ ആണ് ശര്‍മിള സുഭദ്രയും ആയി സൗഹൃദത്തില്‍ ആകുന്നത്. ശര്‍മിളയുടെ പശ്ചാത്തലവും നിതിന്‍ മാത്യൂസിനെ ഇവര്‍ പരിചയപെട്ടത് എങ്ങിനെ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ മരിച്ച ശേഷം സുഭദ്ര തനിച്ചായിരുന്നു താമസം. നാലാം ദിവസവും തിരിച്ചെത്താതായതോടെ ഇളയ മകന്‍ രാധാകൃഷ്ണന്‍ പരാതിപ്പെടുകയായിരുന്നു.

Tags:    

Similar News