പോലീസ് വേഷത്തില്‍ തട്ടിപ്പുകള്‍ നടത്തുന്ന നാരായണദാസ് മറവില്‍ തന്നെ; ഗള്‍ഫിലേക്ക് മുങ്ങിയെന്ന് കരുതുന്ന ലിവിയയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസുമില്ല; ഇപ്പോഴും കഷ്ടപ്പാടെല്ലാം ഷീലാ സണ്ണിക്ക് മാത്രം; കേസ് അട്ടിമറിക്കുന്നത് എക്‌സൈസ് ഉന്നതനെ രക്ഷിക്കാന്‍ വേണ്ടിയോ?

Update: 2025-03-17 13:43 GMT

തൃശൂര്‍: ഷീലാ സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത തല നീക്കമോ? തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയെ വ്യാജ കേസില്‍ കുടുക്കിയ മുഖ്യപ്രതി. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. കോടതി നിര്‍ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാള്‍ ഹാജരായിട്ടില്ല. ഇപ്പോഴും പൊലീസിനെ വെട്ടിച്ച് കഴിയുകയാണ് ഇയാള്‍. ഇതിന് പിന്നില്‍ കേസില്‍ എക്‌സൈസിലെ ചിലര്‍ പ്രതിയാകുമെന്ന ആശങ്കയാണെന്നാണ് വിലയിരുത്തല്‍. നാരായണദാസിനെ പിടികൂടിയാല്‍ എക്‌സൈസിന്റെ പങ്ക് വ്യക്തമാകും. മുമ്പും എക്‌സൈസ് കേസില്‍ പ്രതിയായിട്ടുണ്ട് നാരായണദാസ്. ഇത്തരമൊരാള്‍ നല്‍കിയ വിവരം എങ്ങനെ എക്‌സൈസ് മുഖവിലയ്ക്ക് എടുത്തുവെന്നതും ഉയരുന്ന ചോദ്യമാണ്.

അതേസമയം, ഷീലയുടെ മകന്‍ സംഗീതിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെങ്കിലും ഇയാള്‍ എത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. മകനും മകന്റെ ഭാര്യയും തമ്മിലെ പ്രശ്നം അടക്കം ഷീലാ സണ്ണി പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്. ലിവിയയുടെ പകയാണ് ഷീലാ സണ്ണിയെ കുടുക്കിയത്. എന്നിട്ടും ലിവിയയെ പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നില്ല. ബെംഗളൂരുവിലാണ് ലിവിയ താമസിച്ചിരുന്നത്്. നാരായണ ദാസിനും ബെംഗളൂരുവില്‍ ബിസിനസ് ബന്ധങ്ങളുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഷീല സണ്ണിയും കുടുംബവും ലിവിയക്കെതിരേ സംശയം ഉന്നയിച്ചിരുന്നു. യുവതിയെ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍, യുവതിയുടെ തൃപ്പൂണിത്തുറയിലെ സ്വകാര്യബാങ്കിലെ നിക്ഷേപം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ഇതോടെ ലിവിയ മുങ്ങി. ലിവിയയ്ക്ക് അധോലോക ബന്ധമുണ്ടെന്ന സൂചനകളും പോലീസിന് കിട്ടിയിട്ടുണ്ട്.

ലിവിയയുടെ പാസ്‌പോര്‍ട്ട് അടക്കം പരിശോധിച്ചാല്‍ രാജ്യം വിട്ടോ എന്ന് വ്യക്തമാകും. ലിവിയയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടില്ല. ഇതെല്ലാം അന്വേഷണത്തെ ബാധിക്കുന്നുണ്ട്. നാരായണദാസിനെ പോലെ ഈ കേസിലെ പ്രധാനിയായാണ് ലിവിയയും. എന്തുകൊണ്ട് ഗള്‍ഫിലേക്ക് മുങ്ങിയെന്ന കരുതിയ ലിവിയയെ പിടിക്കാന്‍ പോലീസ് ഒന്നും ചെയ്യുന്നില്ലെന്ന സംശയം അട്ടിമറിയായി കരുതുന്നവരുമുണ്ട്. എന്നാല്‍ കോടതി മേല്‍നോട്ടമുള്ളതുകൊണ്ട് തന്നെ ഇത്തരം അട്ടിമറികള്‍ നടക്കില്ലെന്ന വിലയിരുത്തലും സജീവമാണ്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് നാരായണദാസിന്റെ മുന്‍കാല കുറ്റകൃത്യങ്ങള്‍ പുറത്തുവരുന്നത്. 2015 ല്‍ തൃപ്പുണ്ണിത്തുറയിലുള്ള വ്യവസായിയുടെ കാറില്‍ വ്യാജ ബ്രൗണ്‍ ഷുഗര്‍ വെച്ച് രണ്ട് കോടി രൂപ തട്ടാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. കര്‍ണാടക പൊലീസ് എന്ന വ്യാജേനയെത്തിയാണ് ഇയാള്‍ വ്യവസായിയുടെ കൈയ്യില്‍ നിന്ന് രണ്ടുകോടി രൂപ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. തൃപ്പുണ്ണിത്തുറയിലെ കരിങ്കല്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. അന്നും പോലീസ് വേഷത്തിലെത്തിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമമെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും നാരായണ ദാസും കൂട്ടാളികളാണ്. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമെല്ലാം മറച്ചു വച്ച് കേസിനെ ദുര്‍ബ്ബലമാക്കാന്‍ എക്‌സൈസിലെ ചിലര്‍ ശ്രമിച്ചിരുന്നു.

ഷീലയുടെ ഇരുചക്ര വാഹനത്തില്‍നിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്നാരോപിച്ച് കേസെടുത്ത് അവരെ ജയിലില്‍ അടക്കുകയായിരുന്നു. 72 ദിവസം ജയിലില്‍ കഴിഞ്ഞശേഷം കേസ് വ്യാജമെന്ന് കണ്ടെത്തി. ഒടുവില്‍ ഷീല സണ്ണി ജയിലില്‍നിന്ന് പുറത്തിറങ്ങി. എന്നാല്‍, ഉപജീവനമാര്‍ഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ അടച്ചുപൂട്ടേണ്ടിവന്നു. പുതിയ പാര്‍ലര്‍ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. ലഹരി സംശയമായിരുന്നു ഇതിന് കാരണം. ഷീല ഇപ്പോള്‍ ചെന്നൈയില്‍ ഡേ കെയറില്‍ ആയയായി ജോലി നോക്കുകയാണ്. നാടുവിടേണ്ട അവസ്ഥ വന്നു.

സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കള്ളക്കേസില്‍ കുടുക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഷീല സണ്ണി. ഇതേതുടര്‍ന്ന് അന്വേഷണം എക്സൈസില്‍ നിന്ന് പൊലീസിന് കൈമാറാന്‍ ഉത്തരവിട്ടു. മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നുമാണ് ഹൈകോടതി ഉത്തരവ്. എന്നിട്ടും പ്രതിയെ പിടികൂടാനായില്ല. ഇതിന്റെ ഭാഗമായി കേസില്‍ ഇരയായ ഷീലയുടെ മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി വി.കെ. രാജുവിനാണ് അന്വേഷണ ചുമതല.

കേസില്‍ എക്‌സൈസിനും പങ്കുണ്ടെന്നും തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞുവെന്നും ഷീല അറിയിച്ചു. കേസ് കാരണം ജീവിതം തന്നെ തകര്‍ന്നതായും അവര്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറായിരുന്ന സതീശന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂട്ടറില്‍ ലഹരിപദാര്‍ഥം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചപ്പോഴാണ് എക്‌സൈസ് എത്തിയതെന്നും ലഹരിപദാര്‍ഥത്തിന്റെ അളവ് കൂടുതലുണ്ടെന്ന് ബോധ്യമായതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നെന്നുമാണ് സതീശന്‍ മൊഴി നല്‍കിയത്. നാരായണദാസായിരുന്നു ഈ വിവരം കൈമാറിയത്.

Tags:    

Similar News