പ്രതികാരം തീര്‍ക്കാനായി മയക്കു മരുന്നു കേസില്‍ കുടുക്കി; നിരപരാധി എന്ന് കണ്ട് കോടതി വെറുതേ വിട്ടെങ്കിലും ജീവിക്കാന്‍ ഗത്യന്തരമില്ല: ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്നും ഡേ കെയറിലെ ആയ ആയി ഷീലാ സണ്ണിയുടെ ജീവിതം

ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍ നിന്നും ഡേ കെയറിലെ ആയ ആയി ഷീലാ സണ്ണിയുടെ ജീവിതം

Update: 2025-01-29 01:20 GMT

തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്നു ഷീലാ സണ്ണി. അത്യാവശ്യം ജീവിച്ചു പോകാനുള്ള വരുമാനം ഷീലയ്ക്ക് തന്റെ പാര്‍ലറില്‍ നിന്നും ലഭിക്കുകയും ചെയ്തിരുന്നു. ജീവിതം മുന്നോട്ട് പോകുമ്പോഴാണ് ആരൊക്കെയോ ചേര്‍ന്ന് തിരക്കഥ എഴുതിയ മയക്കു മരുന്നു കേസില്‍ ഷീലാ സണ്ണി കുടുങ്ങുന്നത്. 72 ദവസം നീണ്ട ജയില്‍ ജീവിതത്തിനൊടുവില്‍ നിരപരാധി എന്ന് കണ്ട് വെറുതേ വിട്ടെങ്കിലും സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണവര്‍.

ജീവിക്കാനുള്ള വരുമാനം ഇല്ലാതാവുകയും ആളുകള്‍ ഒറ്റപ്പെടുത്തുകയും ചെയ്തതോടെ വീടും നാടും വിട്ട് ജീവിക്കാനായി ചെന്നൈയിലെ ഡേ കെയര്‍ സെന്ററില്‍ ആയയാണിപ്പോള്‍. കടയുടമയില്‍ നിന്നും വളരെ പെട്ടെന്നാണ് ഷീലാ സണ്ണി വെറും ആയ ആയി മാറിയത്. വ്യാജപരാതികള്‍ക്ക് ഇരകളാകുന്നവരുടെ ജീവിതമാണ് ഇല്ലാതാക്കുന്നതെന്ന ഹൈക്കോടതിവിധിയിലെ പരാമര്‍ശം അക്ഷരംപ്രതി ശരിവയ്ക്കുകയാണ് ഷീലയുടെ ജീവിതം.

ഷീലയെ മയക്കുമരുന്നുകേസില്‍ കുടുക്കിയ പ്രതി എം.എന്‍. നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 2024 ഫെബ്രുവരി 27-നാണ് ഷീലയുടെ ജീവിതം പാടേ മാറിമറിഞ്ഞത്. പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്നുകച്ചവടം നടക്കുന്നെന്ന് എക്‌സൈസിന് ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശമാണ് ഷീലയുടെ ജീവിതം തകര്‍ത്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷീലയുടെ പാര്‍ലറിലെത്തി പരിശോധന നടത്തി. ഷീലയുടെ ബാഗില്‍നിന്ന് എല്‍.എസ്.ഡി. സ്റ്റാമ്പിന് സമാനമായ ചില വസ്തുക്കള്‍ എക്‌സൈസ് സംഘം കണ്ടെടുക്കുകയും ചെയ്തു.

മയക്കു മരുന്ന് എന്താണെന്ന് കണ്ടിട്ട് പോലുമില്ലെന്നും നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഷീല അറസ്റ്റിലായി. പിറ്റേ ദിവസത്തെ പത്രങ്ങളില്‍ ഷീലയുടെ ഫോട്ടോസഹിതം വാര്‍ത്തയും വന്നു. അന്ന് ജയിലിലടയ്ക്കപ്പെട്ട ഷീല 72 ദിവസം കഴിഞ്ഞാണ് പുറംലോകം കണ്ടത്. നാലു മാസങ്ങള്‍ക്കു ശേഷം 'എല്‍.എസ്.ഡി. സ്റ്റാമ്പി'ന്റെ രാസപരിശോധനാഫലം പുറത്തുവന്നപ്പോള്‍ സ്റ്റാമ്പില്‍ മയക്കുമരുന്നിന്റെ സാന്നിധ്യമില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. അപ്പോഴേക്കും ജീവിതം കൈവിട്ടുപോയിരുന്നു.

ഷീലയെ മറ്റുചിലര്‍ ചതിയില്‍ പെടുത്തുകയായിരുന്നുവെന്ന വിവരവും എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ പുറത്തുവന്നു. ഹൈക്കോടതി ഷീലയെ കുറ്റവിമുക്തയാക്കി. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് ഫോണില്‍ വിളിച്ച്, സംഭവിച്ച കാര്യങ്ങളില്‍ ഖേദംപ്രകടിപ്പിച്ചു. എന്നാല്‍ അപ്പോഴേക്കും ഷീലയുടെ ജീവിതം കൈവിട്ടു പോയിരുന്നു.

നാണക്കേട് മൂലം വീടിന് പുറത്തിറങ്ങാനുള്ള ധൈര്യം അവരില്‍ നിന്നും ചോര്‍ന്ന് പോയിരുന്നു. കേസ് നടത്താനായി പാര്‍ലറിലെ ഉപകരണങ്ങള്‍ പലതും വില്‍ക്കേണ്ടിവന്നതോടെ വരുമാനവും നിലച്ചു. ഷീലയുടെ ബുദ്ധിമുട്ട്് കണ്ട് പാര്‍ലര്‍ വീണ്ടും തുറക്കാനുള്ള സഹായവാഗ്ദാനവുമായി മലപ്പുറത്തെ തണല്‍ സന്നദ്ധക്കൂട്ടായ്മ മുന്നോട്ടുവന്നു.

പാര്‍ലര്‍ പഴയതു പോലെ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ഷീലയുടെ പ്രതീക്ഷയാകെ തെറ്റിച്ചുകൊണ്ട് പാര്‍ലര്‍ നഷ്ടത്തിലായി. വാടക കൊടുക്കാന്‍പോലും വരുമാനം കിട്ടാതായതോടെ നടത്തിപ്പ് മറ്റൊരാള്‍ക്ക് കൈമാറേണ്ടിവന്നു. ആളുകളില്‍ പലര്‍ക്കും തന്നോടുള്ള അകല്‍ച്ചയും ഷീലയെ വേദനിപ്പിച്ചു. ഇതാണ് ഷീലയെ നാടുവിടാന്‍ പ്രേരിപ്പിച്ചത്. സുഹൃത്തുക്കളിലൊരാളുടെ സഹായത്തോടെയാണ് ചെന്നൈയിലെ ഡേ കെയറില്‍ ജോലി കണ്ടെത്തിയത്.

Tags:    

Similar News