പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കുടുംബത്തെ അനുനയിപ്പിക്കാന്‍ കണ്ണൂരില്‍ നിന്നും പോലീസ് പത്തനംതിട്ടയിലേക്ക്; മൊഴിയെടുപ്പ് പ്രഹസനമാകുമോ?

പ്രത്യേക അന്വേഷണ സംഘം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കും

Update: 2024-11-14 04:42 GMT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തും. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചിരുന്നു. സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നതിനിടെ അനുനയ നീക്കവുമായാണ് കണ്ണൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിലേക്ക് എത്തുന്നത്.

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു തുടങ്ങിയവരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.

നവീന്‍ ബാബു അത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ ഭാര്യ മഞ്ജുഷയോട് പറഞ്ഞിരുന്നോ എന്നതായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിയുക. കണ്ണൂര്‍ കളക്ടറെ കുറിച്ച് നവീന്‍ ബാബു പറഞ്ഞിരുന്ന കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം ചോദിച്ചറിയും. കളക്ടറുമായി നവീന്‍ ബാബുവിന് ഒരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് ഭാര്യ മഞ്ജുഷ നേരത്തേ പറഞ്ഞിരുന്നു.

ഏത് സാഹചര്യത്തിലാണ് നവീന്‍ ബാബുവിന്റെ സംസ്‌ക്കാര ചടങ്ങിന് വീട്ടിലേക്കെത്താന്‍ കണ്ണൂര്‍ കളക്ടര്‍ക്ക് മഞ്ജുഷ അനുമതി നല്‍കാതിരുന്നതെന്നതിലും വ്യക്തത വരുത്താന്‍ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കും. പി പി ദിവ്യക്കെതിരെ നിയമ നടപടികളുമായി ഏതറ്റം വരെയും പോകുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതില്‍ പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News