താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ഇതിനോടകം അറസ്റ്റിലായത് ആറ് പേര്‍; പിടിയിലായവരില്‍ ഒരാള്‍ മഞ്ചേരി സ്വദേശി; ഫ്രഷ് കട്ട് ഉടമകള്‍ ഇറക്കിയ ആളെന്ന ആരോപണവുമായി സമരസമിതി; പിടിയിലായ ആളുടെ പശ്ചാത്തലം പറയാതെ പോലീസ്; അന്വേഷണം പുരോഗമിക്കവേ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം

താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ ഇതിനോടകം അറസ്റ്റിലായത് ആറ് പേര്‍

Update: 2025-10-25 16:03 GMT

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് സമരത്തില്‍ ഇതിനോടകം അറസ്റ്റിലായത് ആറ് പേര്‍. സംഘര്‍ഷത്തില്‍ പങ്കാളികളായവരെയാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്. ഇതിനിടെ സമരത്തില്‍ മഞ്ചേരി സ്വദേശി അറസ്റ്റിലായതില്‍ വിവാദം ഉയരുന്നുണ്ട്. മഞ്ചേരി സ്വദേശി എങ്ങനെ താമരശ്ശേരിയിലെ സമരത്തില്‍ എത്തിയെന്ന ചോദ്യമാമ് ഉയരുന്നത്. സമരസമിതിയുമായി ബന്ധമില്ലാത്ത വ്യക്തിയാണ് പിടിയിലായതെന്നും ഫ്രഷ് കട്ട് ഉടമകള്‍ ഇറക്കിയ സംഘത്തിലെ ആളാകാം അതെന്നും സമരസമിതി ചെയര്‍മാന്‍ ബാബു പറഞ്ഞു. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം പോലീസ് പുറത്തുവിട്ടിട്ടില്ല.

സമരസമിതി പ്രവര്‍ത്തകന്‍ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി ബാവന്‍കുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. താമരശ്ശേരി വാവാട് സ്വദേശിയായ ഷഫീഖിനെയും പോലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരിയിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ തടഞ്ഞ് നിര്‍ത്തി പിടികൂടുകയായിരുന്നു.

ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.

സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്‌നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

തിരുവമ്പാടി സ്റ്റേഷനിലെ എഎസ്‌ഐയെ മര്‍ദിച്ചതില്‍ പത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൊബൈലില്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച എഎസ്‌ഐയെ അക്രമിച്ചെന്നും 45000 രൂപയുടെ മൊബൈല്‍ കവര്‍ച്ച ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കും കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വര്‍ഷമായി നടക്കുന്ന സമരമാണ് അക്രമാസക്തമായാത്.

സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ്ഡിപിഐ ആണെന്ന് സിപിഎം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികള്‍ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു.

അതേസമയം സംഘര്‍ഷത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ വാദം തള്ളി പ്രാദേശിക നേതാവ് രംഗത്തെത്തിയിരുന്നു. ആരെങ്കിലും നുഴഞ്ഞുകയറിയെന്ന് പരിതപിക്കുകയല്ല, പ്രശ്‌നം പരിഹരിക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്യേണ്ടതെന്ന് സിപിഎം പ്രാദേശിക നേതാവ് ഗിരീഷ് ജോണ്‍ പറഞ്ഞിരുന്നു.

പ്ലാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ പ്രതികരിച്ചിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തി. അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. രാവിലെ മുതല്‍ വൈകിട്ടുവരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത ആക്രമണമുണ്ടായത്.

ഫ്രഷ് കട്ടിലെ ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണയ്ക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകള്‍പോലും തടഞ്ഞുവെച്ചു. മനുഷ്യത്വരഹിതമായ നടപടിയാണ് ചിലരില്‍നിന്നുണ്ടായത്. റൂറല്‍ എസ് പി, താമരശേരി എസ് എച്ച് ഒ എന്നിവരുള്‍പ്പടെ 16ഓളം പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റുവെന്നും ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി പൊലീസ് സ്വീകരിക്കുമെന്നും ഡിഐജി നേരത്തെ പ്രതികരിച്ചിരുന്നു.

അതനിടെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. യോഗത്തിന് മുമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണണമെന്ന് എം.കെ. രാഘവന്‍ എംപിയും കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം കാരണം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ഗുരുതരമായ ബുദ്ധിമുട്ടുകള്‍ എംപി കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മൂലം അസഹ്യമായ ദുര്‍ഗന്ധവും ജലമലിനീകരണവും നടക്കുന്നതായും നിരവധിപേര്‍ക്ക് ഇതിനോടകം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായും എംപി ചൂണ്ടിക്കാട്ടി.

Tags:    

Similar News