അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പൊലീസിനെ അറിയിച്ചു; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; മൈസൂരുവിൽ അച്ഛനെ മകൻ തലക്കടിച്ച് കൊന്നത് ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ; ഒടുവിൽ പ്രതി പൊലീസിന്റെ പിടിയിൽ
മൈസൂരു: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം അച്ഛനോട് നേരെ മകന്റെ ക്രൂരത. കർണ്ണാടകയിലെ മൈസൂരുവിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ അണ്ണപ്പ (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പാണ്ഡു (32) വാണ് ബൈലക്കുപ്പ പൊലീസിന്റെ പിടിയിലായത്. കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം.
ഡിസംബർ 26 നാണ് കേസിനസ്പതമായ സംഭവമുണ്ടായത്. അച്ഛൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കേസിൽ നിർണായകമായ വിവരങ്ങൾ പുറത്ത് വരുന്നത്. അണ്ണപ്പയുടെ മരണം കൊലപാതകമാണെന്നാണ് പിന്നീട് പൊലീസിന് മനസ്സിലാക്കാൻ കഴിഞ്ഞത്. അച്ഛനെ കൊലപ്പെടുത്തി അപകടമരണമാക്കി മാറ്റാനായിരുന്നു മകന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
പുറകിൽ നിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞു. തുടർന്നുള്ള പൊലീസിന്റെ ചോദ്യംചെയ്യലിലാണ് മകൻ കുറ്റസമ്മതം നടത്തിയത്. ഡിസംബർ 25 ന് അണ്ണപ്പയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം മ്യതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരിൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. അപകടമരണം സംഭവിച്ചാൽ ഇരട്ടി നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.