ഛത്തീസ്ഗഢില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; മൃതദേഹം സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയില്‍; സംഭവസ്ഥലത്തു നിന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യകുറിപ്പും കണ്ടെടുത്തു; ലൈംഗിക പീഡനത്തിന് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ഛത്തീസ്ഗഢില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ഛത്തീസ്ഗഢ്: ജാഷ്പുര്‍ ജില്ലയില്‍ സ്വകാര്യ സ്‌കൂളിലെ പഠനമുറിയില്‍ 15 വയസ്സുള്ള ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പ്രിന്‍സിപ്പല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം. ഞായറാഴ്ച വൈകുന്നേരം സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ബാഗിച്ച പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ഥിനി സര്‍ഗുജ ജില്ലയിലെ സീതാപുര്‍ പ്രദേശവാസിയാണെന്ന് ജാഷ്പുര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശശിമോഹന്‍ സിങ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് വിദ്യാര്‍ഥിനിയുടെ ആത്മഹത്യകുറിപ്പും കണ്ടെടുത്തു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുല്‍ദിപന്‍ ടോപ്നോയ്ക്കെതിരെ പീഡനത്തിനും ലൈംഗികാതിക്രമത്തിനും കേസെടുക്കുകയും അറസ്റ്റ് ചെയ്തതതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.സംഭവത്തെത്തുടര്‍ന്ന് വിദ്യാഭ്യാസ, ഗോത്ര, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംയുക്ത സംഘം അന്വേഷണം നടത്തി.
സ്‌കൂള്‍ വളപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റല്‍ അനധികൃതമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌കൂളില്‍ ആറു മുതല്‍ 12 വരെ ക്ലാസുകളില്‍ 124 വിദ്യാര്‍ഥികളാണുള്ളത്. ഇതില്‍ 22 ആണ്‍കുട്ടികളെയും 11 പെണ്‍കുട്ടികളെയും അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് താമസിപ്പിച്ചിരുന്നത്. ഹോസ്റ്റലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്തതായി ആദിവാസി വകുപ്പ് അസി. കമീഷണര്‍ സഞ്ജയ് സിങ് പറഞ്ഞു.
കൃത്യമായ അന്വേഷണത്തിനു ശേഷമേ കാരണം വ്യക്തമാകൂ. മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ബാഗിച്ച സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് പ്രദീപ് രതിയ പറഞ്ഞു.