കൊച്ചിയില്‍ നിന്നും കലവൂരിലേക്ക് കൊണ്ടു വന്നത് കൊല്ലാന്‍; നെഞ്ചില്‍ ചവിട്ടി വീഴ്ത്തി കഴുത്തു ഞെരിച്ചു കൊന്നു; സ്വര്‍ണ്ണം കൈക്കലാക്കി കുഴിച്ചിട്ടു; സുഭദ്രാ കൊലയില്‍ കുറ്റസമ്മതം ഇങ്ങനെ
ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസില്‍ അറസ്റ്റിലായത്.
കലവൂര്‍: നെഞ്ചില്‍ ചവിട്ടി, കഴുത്തു ഞെരിച്ചു അവര്‍ രണ്ടു പേരും ചേര്‍ന്ന് കൊലപ്പെടുത്തി. ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ സുഭദ്രയെ കൊലപ്പെടുത്തിയത് രണ്ടു പേരും ചേര്‍ന്നെന്ന് മാത്യൂവും ശര്‍മ്മിളയും സമ്മതിച്ചു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നു പദ്ധതി തയ്യാറാക്കിയത്. ഇതിനായി തന്നെയാണ് സുഭദ്രയെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നതെന്ന് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.
നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസില്‍ അറസ്റ്റിലായത്. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നാണ് പൊലീസ് ചോദ്യംചെയ്യലില്‍ വ്യക്തമാക്കിയത്. സുഭദ്രയുടെ ശരീരത്തിലെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം.
ഷര്‍മിള കൊച്ചിയിലെത്തിയപ്പോള്‍ സുഭദ്ര നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം. ശര്‍മ്മിള അങ്ങിനെ സുഭദ്രയുമായി അടുത്തു. ബന്ധം ശക്തമായപ്പോള്‍ സുഭദ്രയുടെ വീട്ടിലും താമസിച്ചു. ഇടയ്ക്കിടെ സുഭദ്രയെ ശര്‍മിള ആലപ്പുഴയിലെ വീട്ടിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു. ഇവിടെ വെച്ചാണ് ശര്‍മ്മിളയുടെ പങ്കാളി മാത്യൂസിനെ സുഭദ്ര പരിചയപ്പെടുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ പക്കല്‍ സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊല. കടം കൊടുത്ത തുക തിരിച്ചു ചോദിച്ചതും വൈരാഗ്യമായി.
സുഭദ്ര വധക്കേസ് പ്രതികള്‍ അന്വേഷണം നടക്കുന്നതിനിടെ പൊലീസറിയാതെ തിരിച്ച് കൊച്ചിയിലെത്തിയിരുന്നു എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം കരിത്തല റോഡ് ശിവകൃപയില്‍ സുഭദ്രയെ കൊലപ്പെടുത്തിയശേഷം കര്‍ണാടകയിലേക്ക് കടന്ന മാത്യൂസും, ശര്‍മിളയുമാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് എത്തിയത്. കൊച്ചിയില്‍ ഒളിവില്‍ താമസിച്ച പ്രതികള്‍ വീണ്ടും കര്‍ണാടകയിലേക്ക് പോയപ്പോള്‍ മണിപ്പാലിനു സമീപം പൊലീസ് പിടിയിലാകുകയായിരുന്നു.
അന്വേഷണം നടക്കുന്നതിനിടെ ഇരുവരും കേരളത്തില്‍ തിരിച്ചെത്തിയത് പൊലീസിനെയും ഞെട്ടിച്ചു. കൊച്ചിയില്‍ ശര്‍മിള മുന്‍പു താമസിച്ചിരുന്ന സ്ഥലത്തെ ചില പരിചയക്കാരാണ് ദമ്പതികള്‍ മണിപ്പാലിലേക്കു ട്രെയിനില്‍ പോയെന്ന വിവരം കൈമാറിയത്. ഇരുവരെയും പൊലീസ് ആലപ്പുഴയിലെത്തിച്ചു. ആരും തിരിച്ചറിയാതിരിക്കാന്‍ കണ്ണട വച്ചായിരുന്നു പ്രതികളുടെ യാത്ര. മാത്യൂസിനെയും ശര്‍മിളയെയും ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലുള്ള മാത്യൂസിന്റെ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തും.
സുഭദ്രയെ കാണാതായെന്ന പരാതിയില്‍ കടവന്ത്ര പൊലീസ് കഴിഞ്ഞ മാസം 7 നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ശര്‍മിളയ്‌ക്കൊപ്പം ഇവര്‍ റെയില്‍വേ സ്റ്റേഷനു മുന്നിലൂടെ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതോടെ, ശര്‍മിളയും ഭര്‍ത്താവും താമസിക്കുന്ന കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടില്‍ പൊലീസ് എത്തി. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സുഭദ്രയുടെ മൃതദേഹം വീട്ടുവളപ്പില്‍ കണ്ടെത്തി. ഇതോടെ പ്രതികളെ കുറിച്ച് സൂചനയും കിട്ടി.
പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഇരുവരും ഉഡുപ്പിയിലേക്കു കടന്നു. പൊലീസ് ഉഡുപ്പിയില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തുമ്പോള്‍ 24ന് നാട്ടില്‍ തിരിച്ചെത്തി. പൊലീസിനു വിവരം ലഭിച്ചപ്പോള്‍ കൊച്ചിയിലേക്കു പോയി. സുഭദ്രയുടെ മൃതദേഹം കണ്ടെത്തുന്നതിനു മുന്‍പേ പ്രതികളെത്തേടി പൊലീസ് ഉഡുപ്പിയില്‍ എത്തിയിരുന്നു. പ്രതി ശര്‍മിളയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉഡുപ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നു യുപിഐ ഇടപാടു വഴി പണം എത്തിയതിന്റെ വിവരം ലഭിച്ചതാണ് ഇതിന് കാരണം.
പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും യുപിഐ വഴി 60,000 രൂപ അക്കൗണ്ടില്‍ എത്തിയതും ഉഡുപ്പിയിലെ എടിഎമ്മില്‍നിന്നു പണമെടുത്തതും തെളിഞ്ഞു. പിന്നീട് ഉഡുപ്പിയില്‍നിന്ന് ഇരുവരും കേരളത്തിലെത്തി. ദമ്പതികളുടെ ചിത്രങ്ങള്‍ അപ്പോഴേക്കും പൊലീസ് പുറത്തുവിട്ടു. അതോടെയാണു കൊച്ചിയിലെ ഒളിത്താവളത്തില്‍നിന്ന് ഇരുവരും വീണ്ടും കര്‍ണാടകയിലേക്ക് പോയത്. ഇതിനിടെ പിടിയിലാകുകയും ചെയ്തു.