ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചതോടെ അച്ഛനും അമ്മയും പരിഭ്രാന്തരായി; മകന്റെ പാതവിട്ട് പോലീസിന് മുന്നില്‍ ഹാജരായി മതാപിതാക്കള്‍; ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത് മൊഴിയെടുത്ത് മുന്‍ ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍; ചാവക്കാട് സ്‌റ്റേഷനില്‍ അവര്‍ ഹാജരായത് അടുത്ത ബന്ധുക്കളും കൈവിട്ടതോടെ; സുകാന്തിന്റെ അച്ഛനും അമ്മയും പോലീസിനൊപ്പം
തൃശൂര്‍: തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം. ചാവക്കാട് സ്റ്റേഷനില്‍ ഹാജരായപ്പോളാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി സുകാന്തിനൊപ്പം ഇവര്‍ ഒളിവിലായിരുന്നു. ഇന്നാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. ഏത് സാഹചര്യത്തിലാണ് ഇവര്‍ കീഴടങ്ങിയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ ബന്ധുക്കളിലേക്ക് അടക്കം പോലീസ് അന്വേഷണം നീങ്ങിയിരുന്നു. ഇതിനിടെയാണ് അച്ഛനും അമ്മയും പോലീസിന് മുന്നിലെത്തുന്നത്. ഏതായാലും നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ പേട്ട എസ്‌ഐ ബാലുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്രാമപ്പഞ്ചായത്തംഗം ഇ. എസ്. സുകുമാരന്റെ സാന്നിധ്യത്തില്‍ നോട്ടീസ് പതിച്ചത്. ചിത്രത്തില്‍ കാണുന്ന ആള്‍ പേട്ട സ്റ്റേഷനിലെ 396/2025 നമ്പര്‍ കേസിലെ പ്രതിയാണ്. ടിയാനെക്കുറിച്ച് വിവരംലഭിക്കുന്നവര്‍ ഇതോടൊപ്പമുള്ള ഫോണ്‍നമ്പറുകളില്‍ അറിയിക്കണം എന്നാണ് വീടിന്റെ ഗേറ്റിലും മതിലിലുമെല്ലാം പതിച്ച നോട്ടീസില്‍ പറയുന്നത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് ഉത്തരവാദി സുകാന്ത് ആണെന്ന വീട്ടുകാരുടെ പരാതിപ്രകാരമാണ് ഇദ്ദേഹത്തെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. അന്നുമുതല്‍ ഒളിവില്‍പ്പോയ സുകാന്തിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെ സുകാന്തിനെ ഐ ബി ജോലിയില്‍നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് പതിച്ച സാഹചര്യത്തിലാണ് അമ്മയും അച്ഛനും പോലീസിന് മുന്നിലെത്തിയത്.
ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് യുവതിയെ ഗര്‍ഭഛിദ്രം നടത്തിയത്. ഇതിന് ശേഷം സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്‍മാറി. മരണത്തിന് ഏതാനും ദിവസം മുന്‍പ് വിവാഹത്തിന് സമ്മതമല്ലന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചതായും പൊലീസ് വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക പ്രയാസമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.
മാര്‍ച്ച് 24-നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നല്‍കിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകള്‍ കൈമാറി. കഴിഞ്ഞദിവസം പേട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകള്‍ കൈമാറിയത്. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.
മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണം ചെയ്തതായും പരിക്കേല്‍പ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.