പണത്തെചൊല്ലി തര്‍ക്കം; 26 കാരനായ ടാക്‌സി ഡ്രൈവറെ കുത്തി കൊലപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത സംഘം: ഒരാള്‍ പിടിയില്‍; മൂന്ന് പേര്‍ ഒളിവില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡല്‍ഹി: 400 രൂപയെ ചൊല്ലിയ തര്‍ക്കത്തില്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ സംഘമാണ് സംഭവത്തിന് പിന്നില്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്ക് കിഴക്കന്‍ ദില്ലിയിലെ സോണിയ വിഹാറിലാണ് വെള്ളിയാഴ്ചയാണ് സംഭവം. ടാക്‌സി കാര്‍ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരില്‍ 26കാരനുമായി തര്‍ക്കിക്കുകയായിരുന്നു. തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തിയതോടെ യാത്രക്കാരായ മൂവര്‍ സംഘം സുഹൃത്തുക്കളേക്കൂടി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയാണ് ടാക്‌സി ഡ്രൈവറെ ആക്രമിച്ചത്.
ജഹാംഗിര്‍പുരി സ്വദേശിയായ സന്ദീപ് എന്ന ടാക്‌സി ഡ്രൈവറാണ് കൊല്ലപ്പെട്ടത്. നോയിഡയില്‍ നിന്നാണ് ടാക്‌സി ഡ്രൈവര്‍ മൂന്നംഗ സംഘത്തെ കാറില്‍ കയറ്റിയത്. യാത്ര പൂര്‍ത്തിയായതിന് ശേഷം മൂന്നംഗ സംഘം പണം നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. വാക്കേറ്റമായതിന് പിന്നാലെ രണ്ട് സുഹൃത്തുക്കള്‍ കൂടി എത്തിയാണ് കാര്‍ ഡ്രൈവറെ ആക്രമിച്ചത്. കയ്യേറ്റത്തിനിടെ തലയിലും വയറിലും കുത്തേറ്റാണ് സന്ദീപ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇതുവഴിയെത്തിയ പട്രോള്‍ സംഘം സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു.
സംഭവ സ്ഥലത്തിന് പരിസരത്ത് നിന്ന് കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങളാണ് സംഭവിച്ചത് എന്താണെന്ന് വ്യക്തമാകാന്‍ പൊലീസിനെ സഹായിച്ചതെന്നാണ് വടക്ക് കിഴക്കന്‍ ദില്ലി ഡിസിപി രാകേഷ് പവേരിയ വിശദമാക്കുന്നത്. ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച ആളെ തിരിച്ചറിയുകയും ഇയാളെ കണ്ടെത്താനായതുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കോണ്ട്‌ലി സ്വദേശിയായ പ്രതീക് എന്ന യുവാവാണ് ടാക്‌സി ബുക്ക് ചെയ്തിരുന്നത്. ഇയാളുടെ സുഹൃത്തുക്കളായ ദീപാന്‍ഷു, രാഹുല്‍, മായങ്ക്, നിഖില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരാണ് സംഭവത്തില്‍ പിടിയിലായിട്ടുള്ളത്. നിഖിലാണ് കാര്‍ ഡ്രൈവറെ കുത്തി വീഴ്ത്തിയത്. ദീപാന്‍ഷുവിനെതിരെ നേരത്തെയും പൊലീസ് കേസുകളുള്ള വ്യക്തിയാണ്. കേസില്‍ ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.