ഫെബിന്റെ അടുത്ത ബന്ധുവും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവര്‍? തേജസ് ആദ്യം ശ്രമിച്ചത് ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാന്‍; പിതാവിനെ കണ്ടതും കത്തിയെടുത്ത് നെഞ്ചില്‍ പലതവണ കുത്തി; കുത്തേറ്റ് വീഴുന്ന ഫെബിന്റെ ദൃശ്യങ്ങള്‍ പുറത്ത്; 22കാരന്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം

തേജസ് ഫെബിനെ തേടിയെത്തിയത് രണ്ട് കുപ്പി പെട്രോളുമായി

Update: 2025-03-17 16:53 GMT

കൊല്ലം: കൊല്ലം ഉളിയക്കോവിലില്‍ ഡിഗ്രി വിദ്യാര്‍ഥിയായ ഫെബിന്‍ ജോര്‍ജ് ഗോമസിനെ കുത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു (22) ആണ് കുത്തിക്കൊലപ്പെടുത്തിയത്. നെഞ്ചിലാണ് ഫെബിന് കുത്തേറ്റത്. ഒന്നിലധികം കുത്തുകള്‍ ഫെബിന് നെഞ്ചിലേറ്റതായാണ് വിവരം.

കുത്തേറ്റ ഫെബിന്‍ റോഡിലൂടെ ഓടുന്നതും പിന്നീട് അവശനായി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഫെബിനും തേജസും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. എന്നാല്‍ ഫെബിന്റെ അടുത്ത ബന്ധുവും അക്രമിയായ തേജസ് രാജും ഒരുമിച്ച് പഠിച്ചവരാണെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കൊല നടത്തിയ തേജസ് രാജിന്റെ അച്ഛന്‍ പൊലീസുകാരനാണെന്നാണ് വിവരം.

തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത വാഗണ്‍ ആര്‍ കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. കയ്യില്‍ കത്തി കരുതിയിരുന്ന തേജസ്, ബുര്‍ഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചില്‍ കുത്തിവീഴ്ത്തി. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും അക്രമണത്തില്‍ പരുക്കേറ്റു. കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു.

മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തേജസും ഫെബിനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ്.

കടപ്പാക്കട റെയില്‍വേ ട്രാക്കിലാണ് നീണ്ടകര സ്വദേശിയുമായ തേജസിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാള്‍ ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥി ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ കൊലയാളിയാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജ് ഗോമസിനെ കാറിലെത്തിയ തേജസ് രാജ് കുത്തിക്കൊലപ്പെടുത്തിയത്. തടയാന്‍ ശ്രമിച്ച ഫെബിന്റെ അച്ഛന്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഫെബിന്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയില്‍ കാര്‍ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് സ്ഥിരീകരിച്ചു.

Tags:    

Similar News