ഇതരജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചു; ദമ്പതികളെ സ്വീകരിക്കാന്‍ കുടുംബത്തിന് കൗണ്‍സിലിംഗ്; പിന്നാലെ പൊലീസുകാരിയെ വാഹനമിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി സഹോദരന്‍; തെലങ്കാനയില്‍ വീണ്ടും ദുരഭിമാനക്കൊല

തെലങ്കാനയില്‍ വീണ്ടും ദുരഭിമാനക്കൊല

Update: 2024-12-02 10:19 GMT

ഹൈദരാബാദ്: മറ്റൊരു ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ നടുറോഡില്‍ വാഹനം ഇടിച്ചുവീഴ്ത്തി വെട്ടികൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.

തെലങ്കാനയിലെ റായ്‌പോളെ ഗ്രാമത്തില്‍ നിന്നുള്ള നാഗമണിയേയാണ്(28) സഹോദരന്‍ പരമേശ് തിങ്കളാഴ്ച കൊലപ്പെടുത്തിയത്. ഹായത് നഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു നാഗമണി. രണ്ടാഴ്ച മുമ്പാണ് ഇതരജാതിയില്‍ നിന്നുള്ളയാളുമായി നാഗമണിയുടെ വിവാഹം കഴിഞ്ഞത്. നാഗമണിയുടെ വിവാഹത്തെ കുടുംബം എതിര്‍ത്തിരുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് സംശയിക്കുന്നത്.

മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പരമേശിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു. ആക്രമണം നടത്തിയതിന് ശേഷം പരമേശ് സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ഒളിവില്‍ പോയ പരമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെ തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്‌നത്തു വച്ചാണ് സംഭവം നടന്നത്. ശ്രീകാന്തുമായി ഇക്കഴിഞ്ഞ നവംബര്‍ ഇരുപത്തിയൊന്നിനാണ് നാഗമണിയുടെ വിവാഹം നടക്കുന്നത്. ഇതില്‍ എതിര്‍പ്പറിയിച്ചിരുന്ന കുടുംബം നാഗമണിക്കും ഭര്‍ത്താവിനും താക്കീതും നല്‍കിയിരുന്നു. ഇതിനിടെ പരമേശിനേയും കുടുംബത്തേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ദമ്പതികളെ ബുദ്ധിമുട്ടിക്കരുതെന്നും പോലീസ് അറിയിച്ചിരുന്നു. ഇരുവരേയും സ്വീകരിക്കാനുള്ള കൗണ്‍സിലിങ്ങും കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍ കൗണ്‍സിലിങ്ങിനു തൊട്ടുപിന്നാലെയും പരമേശ് ഭീഷണി മുഴക്കിയിരുന്നതായി ശ്രീകാന്ത് പറയുന്നു.

തിങ്കളാഴ്ച രാവിലെ ശ്രീകാന്ത് ജോലിക്ക് പോയതിനു പിന്നാലെ നാഗമണിയുടെ വിവരം അറിയാന്‍ വിളിച്ചപ്പോഴാണ് തന്നെ സഹോദരന്‍ അക്രമിക്കുന്ന വിവരം പറയുകയും പിന്നാലെ ഫോണ്‍ കട്ട് ആവുകയും ചെയ്തത്. റായ്‌പോളെയിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് നാഗമണി അക്രമിക്കപ്പെട്ടത്. പരമേശ് ഓടിച്ചിരുന്ന കാര്‍ സഹോദരിയുടെ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിയന്ത്രണം വിട്ട് നാഗമണി താഴെ വീണതോടെ മഴു ഉപയോഗിച്ച് അക്രമിക്കുകയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന സഹോദരിയെ ഉപേക്ഷിച്ച് സ്ഥലം വിടുകയുമായിരുന്നു. ഒന്നിലേറെ മുറിവുകള്‍ ഏറ്റ നാഗമണി സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. കൊലപാതകശേഷം പരമേശ് പോലീസിന് മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

2020 ബാച്ചില്‍നിന്നു പുറത്തിറങ്ങിയ പോലീസ് കോണ്‍സ്റ്റബിളായ നാഗമണി വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് ശ്രീകാന്ത് എന്ന യുവാവിനെ വിവാഹം കഴിച്ചത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വസ്തു തര്‍ക്കം പോലുള്ള വിഷയങ്ങളും കൊലപാതക കാരണമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് സഹോദരനും നാഗമണിയുടെ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

Tags:    

Similar News